Omicron: ജലദോഷങ്ങളില്‍ പകുതിയും കൊവിഡെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്
തൊണ്ടവേദനയും മൂക്കൊലിപ്പും തലവേദനയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കൊവിഡ് ആകാനുള്ള സാധ്യതയുണ്ടെന്ന് യുകെ ഗവേഷകരുടെ മുന്നറിയിപ്പ്. യൂറോപ്പിലടക്കം ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെയാണ് കാരണമന്വേഷിച്ച് ഗവേഷകരും ഇറങ്ങിയത്. കഴിഞ്ഞ ആഴ്ചയില്‍ യൂറോപ്പില്‍ കൊവിഡ് വ്യാപനം "സ്ഫോടനാത്മകമായ" തരത്തിലായിരുന്നെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. യുകെയില്‍ ഒറ്റ ദിവസം മാത്രം ഏകദേശം 1,44,000 പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചു. മിക്കവർക്കും കോവിഡ് ഒരു ചെറിയ രോഗമായാണ് ലക്ഷണം കാണിക്കുന്നത്. ചിലർക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ കാണുന്നില്ല. എന്നാൽ, വാക്സിനേഷൻ എടുത്തിട്ടില്ലാത്തവരടക്കം ചിലരിൽ രോഗം ഗുരുതരമാകുന്നെന്ന് പഠനത്തില്‍ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങൾക്ക് ശക്തമായ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ, കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ പ്രൊഫ ടിം സ്പെക്ടർ പറയുന്നു. "കഴിഞ്ഞ ആഴ്ചയിൽ ഇംഗ്ലണ്ടില്‍ പുതിയ രോഗലക്ഷണ കേസുകളുടെ എണ്ണം അതിഭീകരമായിരുന്നു." അദ്ദേഹം പറഞ്ഞു.
യുകെയിൽ ബുധനാഴ്ച 1,06,122 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. യുകെയില്‍ ആദ്യമായിട്ടാണ് ഒരു ദിവസം മാത്രം 1,00,000 കേസുകള്‍ കവിയുന്നത്. ഒന്ന്, രണ്ട് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തിലുണ്ടാക്കുന്ന വര്‍ദ്ധനവ് ആരോഗ്യവിദഗ്ദരെ ആശങ്കാകുലരാക്കുന്നെന്ന് പഠനങ്ങള്‍ പറയുന്നു.
ഒമിക്രോൺ കൊറോണ രോഗാണു വകഭേദം താരതമ്യേന സൗമ്യമാണ്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കുറച്ച് ആളുകൾക്കാണ് രോഗം ഗുരുതരമായി പിടിപെടുന്നത്. എന്നാല്‍, രോഗവ്യാപനം കൂടിയാല്‍ ആളുകള്‍ക്ക് ആശുപത്രിയെ ആശ്രയിക്കേണ്ടിവരും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗവ്യാപനമുണ്ടാകുന്നത് ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ക്രിസ്മസ് അവധിയാഘോഷങ്ങള്‍ രോഗവ്യാപനം കൂട്ടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആഘോഷങ്ങള്‍ക്കിറങ്ങുന്നവര്‍ കൊവിഡ് ടെസ്റ്റിന് വിധേയരാവണമെന്നും ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ രോഗലക്ഷണങ്ങളില്ലാത്തതും എന്നാൽ അണുബാധയുള്ളവരുമായ ആളുകളിൽ കേസുകൾ കണ്ടെത്താൻ സഹായിക്കുന്നു. അതായത് അവർക്ക് രോഗാണുവിനെ മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നതിനാല്‍ ടെസ്റ്റുകള്‍ നടത്തി രോഗണു ബാധ സ്ഥിരീകരിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് രോഗം പകരുന്നത് തടയാന്‍ സാധിക്കും..
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ONS)ആരംഭിച്ച സര്‍വ്വേയിലാണ് ഏറ്റവും കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. ഇത് ജനസംഖ്യയുടെ 2.1% വരും. അതായത് ഇംഗ്ലണ്ടില്‍ 45 ല്‍ ഒരാള്‍ക്ക് കൊവിഡുണ്ടെന്ന് സര്‍വ്വേ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. വെയില്‍സില്‍ 55-ൽ ഒരാൾ കൊവിഡ് ബാധിതനാണ്. വടക്കൻ അയർലണ്ടിൽ 50-ൽ ഒരാളാണെങ്കില്‍ സ്കോട്ട്ലൻഡിൽ ഇത് 70-ൽ ഒരാളില്‍ രോഗാണുവിന്‍റെ സാന്നിധ്യം കാണുന്നെന്നും പഠനം പറയുന്നു.
ലോകത്തിതുവരെയായി 27,93,66,702 ആളുകള്‍ക്കാണ് കൊവിഡ് രോഗാണുബാധയുണ്ടായത്. ഇതില്‍ 54,09,582 പേര്‍ മരിച്ചെന്ന് കൊവിഡ് രോഗാണുബാധ രേഖപ്പെടുത്തിയ നാള്‍ മുതല്‍ രോഗ വ്യാപനത്തെ പിന്തുടരുന്ന വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍ കാണിക്കുന്നു.
രോഗാണുവ്യാപനം ആരംഭിച്ച കാലം മുതലുള്ള കണക്കെടുത്താല്‍ ഒരു ദിവസം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് 2021 ഡിസംബര്‍ 22 നാണെന്ന് വെബ്സൈറ്റ് പറയുന്നു. അന്ന് ഒറ്റ ദിവസം ലോകമെമ്പാടുമായി 9,17,601 പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തു.
2021 ജനുവരി 27 നാണ് ലോകത്ത് കൊവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പേര് മരിച്ച ദിവസം. 17,540 പേരാണ് രോഗാണുബാധമൂലം ഒറ്റ ദിവസം മരിച്ചത്. രോഗാണു ബാധ മരണ കാരണമാകുന്നതില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗവ്യാപനം കൂടുന്നത് ആരോഗ്യമേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവരും പറയുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടായത് അമേരിക്കയിലാണ് (5,29,86,307 പേര്‍ക്ക്). രണ്ടാം സ്ഥാനത്ത് ഇന്ത്യാണ് (3,47,79,815) മൂന്നാമത് ബ്രസീലും (2,22,30,737) നാലാമത് ഇംഗ്ലണ്ടും (11,891,292) അഞ്ചാമത് റഷ്യയുമാണ് (1,03,43,353). മരണ സംഖ്യയില്‍ അമേരിക്ക (8,37,671) മുന്നില്‍ നില്‍ക്കുന്നു. ബ്രസീല്‍ (6,18,429), ഇന്ത്യ(4,79,520), റഷ്യ (3,02,269), മെക്സിക്കോ (298,670)യുമാണ് തൊട്ട് പുറകിലുള്ളത്.