മാസ്ക് ധരിക്കുന്നത് മൂലം ഉണ്ടാകാവുന്ന ചർമ്മപ്രശ്നങ്ങളെ എങ്ങനെ തടയാം...?
കൊവിഡിന്റെ വരവോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് മാസ്‌കുകള്‍. കൊറോണ പ്രതിരോധ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക് ധരിക്കല്‍. മാസ്ക് ശീലമാക്കിയതോടെ ചിലർക്ക് ചർമത്തിൽ പലതരം ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖത്ത് കുരുക്കൾ, ചർമത്തിന് വരൾച്ച, ചുണ്ട് വരണ്ടുപൊട്ടൽ എന്നിങ്ങനെ നിരവധി ചർമ്മ പ്രശ്നങ്ങൾ. വിയർപ്പും കൂടുന്നതോടെ ബാക്ടീരിയ വളർച്ച കൂടുന്നു. ഇത് ചർമത്തിന് പ്രശ്നങ്ങളുണ്ടാകാനും ഇടയാക്കുന്നുണ്ട്. ഈ പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡെര്‍മറ്റോളജിസ്റ്റ് ഡോ. നിവേദിത ദാദു പറയുന്നു...
മോയ്‌സ്ചറൈസര്‍ ഉപയോഗിക്കാൻ മറക്കേണ്ട: മുഖത്ത് ശരിയായ തരത്തിലുള്ള ക്ലെൻസറും മോയ്‌സ്ചറൈസറും ഉപയോഗിക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം ഇത് തിരഞ്ഞെടുക്കാൻ. മാസ്ക് ഊരിയാലുടൻ ക്ലെൻസർ ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. ശേഷം ചർമത്തിന് യോജിക്കുന്ന മോയ്സ്ചറൈസർ പുരട്ടുക.
സൺസ്ക്രീൻ പുരട്ടുക: പുറത്ത് പോകുമ്പോൾ സൺസ്ക്രീൻ പുരട്ടുന്നത് ശീലമാക്കുക. മിനറൽ ബേസ്ഡ് സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിൽ അടങ്ങിയിരിക്കുന്ന ടൈറ്റാനിയം ഡയോക്സൈസ് (titanium dioxide ) ചർമത്തിന് സംരക്ഷണം നൽകുന്നു.
പെട്രോളിയം ജെല്ലി പുരട്ടാം: മാസ്ക് ധരിക്കുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടാൻ ഇടയാക്കും. അതിനാൽ വരണ്ട് പൊട്ടുന്നത് തടയാൻ പെട്രോളിയം ജെല്ലി പതിവായി ഉപയോഗിക്കുക. മാസ്ക് ധരിക്കുന്നതിന് മുൻപും ഉറങ്ങാൻ കിടക്കുന്നതിനും മുൻപും ചുണ്ടുകളിൽ അല്പം പെട്രോളിയം ജെല്ലി പുരട്ടുന്നത് ശീലമാക്കുക.
മേക്കപ്പ് ഒഴിവാക്കാം: മാസ്ക് ഉപയോഗിക്കുന്ന സമയത്ത് മേക്കപ്പ് കൂടി ഇടുന്നത് ചർമത്തിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മുഖം വൃത്തിയായി സൂക്ഷിക്കുക: മാസ്ക് ധരിക്കുന്നതിന് മുമ്പും ശേഷവും ചർമ്മം വൃത്തിയായി സൂക്ഷിക്കുക. മാസ്ക് ധരിക്കുന്നതിന് മുൻപ് മുഖം നന്നായി കഴുകി വൃത്തിയാക്കി തുടയ്ക്കുക. മാസ്‌ക് ഊരിയതിന് ശേഷവും മുഖം സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് മാസ്‌ക് ധരിക്കുന്നത് മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.