മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാം; ആപ്പിൾ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം
മുഖസൗന്ദര്യത്തിന് ആപ്പിൾ ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചർമ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവ അകറ്റാൻ ആപ്പിൾ കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.
ആദ്യം രണ്ട് ആപ്പിൾ വേവിക്കുക. ശേഷം ഉടച്ച് അൽപം തേൻ മിക്സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പത്ത് മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് ഇടുന്നത് ചർമ്മം നല്ല തിളക്കമുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു. കട്ടിയുള്ള ചർമ്മത്തെ മൃദുലമാക്കാനും നല്ലതാണ്.
ഒരു ടീസ്പൂൺ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിൾ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച്, കട്ടിയുള്ള കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിറ്റു നേരം ഇടുക. ശേഷം, തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഒരു ടീസ്പൂൺ അരച്ചെടുത്ത ആപ്പിൾ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിൻ ചേർക്കുക. ഇത് കുഴമ്പ് പരുവത്തിൽ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റു നേരം ഇടുക. ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ടു ടീസ്പൂൺ ആപ്പിൾ പേസ്റ്റാക്കിയത്, അതിലേക്ക് ഒരു ടീസ്പൂൺ മാതളനാരങ്ങയുടെ നീര് ചേർക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കട്ടത്തൈരും കൂടി ചേർക്കുക. ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച മിശ്രിതം മുഖത്ത് എല്ലായിടത്തും തേച്ച് പിടിപ്പിച്ച് 20 മിനിറ്റു നേരം വയ്ക്കുക. ഉണങ്ങിയ ശേഷം ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയുക.
ആപ്പിളിന്റെ തൊലി നന്നായി അരച്ചെടുത്ത്, അതിലേക്ക് ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്പ് പരുവത്തിലാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തിന്റെയും ചർമ്മത്തിന്റെയും നിറം വർദ്ധിപ്പിക്കുവാൻ ഈ പാക്ക് സഹായിക്കും.