മുഖത്തെ ചുളിവുകൾ മാറാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
മുഖസൗന്ദര്യത്തിനായി പല തരത്തിലുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം. മുട്ട കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ? മുട്ടയുടെ വെള്ള, മഞ്ഞക്കരു തുടങ്ങിയവ ഉപയോഗിച്ചുകൊണ്ടുള്ള ഫേഷ്യലുകൾ ചർമ്മത്തെ ചുളിവുകൾ അകറ്റാനും ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കുന്നു. പരിചയപ്പെടാം മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകൾ...
മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. പാക്ക് ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ ഈ പാക്ക് ഏറെ ഫലപ്രദമാണ്. നാരങ്ങ നീര് ഒരു ശക്തമായ ആസ്ട്രിജൻ്റ് ആണ്. ഇത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുന്നു.
ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ബദാം ഓയിൽ അല്ലെങ്കിൽ ഒലിവ് ഓയിൽ ഈ ചേരുവകളും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ഈ പേസ്റ്റ് വൃത്താകൃതിയിൽ മുഖത്ത് പുരട്ടി കുറച്ചു നേരം കാത്തിരുന്ന ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. ബദാം ഓയിൽ മുഖക്കുരുവിനെ തടയുക മാത്രമല്ല, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം ഒരു ടീസ്പൂൺ തേനും അൽപം ഓട്‌സ് പൊടിച്ചതും ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. 15 മിനുട്ട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകുക.
വരണ്ട ചർമ്മമുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു ഫേസ് പാക്കാണ് പറയാൻ പോകുന്നത്. ഒരു മുട്ടയുടെ വെള്ള അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു, ഒരു പഴുത്ത അവോക്കാഡോയുടെ നാലിലൊന്ന്, ഒരു ടീസ്പൂൺ തൈര് എന്നീ ചേരുവകൾ യോജിപ്പിച്ച് നല്ല പോലെ മിശ്രിതമാക്കി എടുക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. പാക്ക് ഉണങ്ങിക്കഴിഞ്ഞാൽ, ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ഒരു ടീസ്പൂൺ മഞ്ഞൾ, ഒലിവ് ഓയിൽ, ഒരു മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന ഒരു ഫേസ് പാക്കാണിത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.