കൊവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം ആരോഗ്യം ശരിപ്പെടുത്താം; ചെയ്യാവുന്ന ചിലത്...
കൊവിഡ് 19 മുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് ആരോഗ്യം ദുര്‍ബലമായിരിക്കുമെന്ന് നമുക്കറിയാം. ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ കൊവിഡിന് ശേഷമുണ്ടാകുന്ന തളര്‍ച്ചയെ മറികടക്കാനാകും. ഇതിന് സഹായകമാകുന്ന ചില ടിപ്‌സ് ആണ് ഇനി പങ്കുവയ്ക്കുന്നത്
ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ഇതിന് യോജിച്ചത്. മധുരക്കിഴങ്ങ്, ധാന്യങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും നല്ലതുപോലെ കഴിക്കുക. രോഗങ്ങളോട് പോരാടുമ്പോള്‍ പേശികള്‍ ക്ഷീണത്തിലാകാന്‍ സാധ്യതയുണ്ട്. ഇതിനെ പരിഹരിക്കാന്‍ പ്രോട്ടീന്‍ നല്ലതാണ്. പരിപ്പുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, മുട്ട, മത്സ്യം, ചിക്കന്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാം.
ഒമേഗ- 3 ഫാറ്റി ആസിഡുകളടങ്ങിയ ഭക്ഷണവും ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ കഴിക്കാം, ഫ്‌ളാക്‌സ് സീഡ്‌സ്, വള്‍നട്ട്‌സ്, സോയബീന്‍ ഓയില്‍, സാല്‍മണ്‍ മത്സ്യം, അയല മത്സ്യം തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്.
ഭക്ഷണം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ വയറിന്റെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ പിടിപെടുമ്പോള്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകരാന്‍ സാധ്യതയുണ്ട്. 'പ്രോബയോട്ടിക്'- 'പ്രീബയോട്ടിക്' ഭക്ഷണങ്ങളിലൂടെ ഈ അവസ്ഥയെ പരിഹരിക്കാം. തൈര്, മോര്, കഞ്ഞി, ഇഡ്ഡലി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നു.
വൈറ്റമിന്‍- ഡി അടങ്ങിയ ഭക്ഷണവും ഡയറ്റിലുള്‍പ്പെടുത്തുക. എല്ലുകളെ ബലപ്പെടുത്താനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനുമെല്ലാം ഇവ സഹായിക്കുന്നു. കൂണ്‍, കട്ടത്തൈര്, സാല്‍മണ്‍ മത്സ്യം, കോഡ് ലിവര്‍ ഓയില്‍, മുട്ടയുടെ മഞ്ഞ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
ഭക്ഷണം ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ വെള്ളത്തിന്റെ കാര്യം മറക്കാതിരിക്കുക. ഇടവിട്ട് വെള്ളം കുടിച്ച് ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക