Photographer of the Year award : വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാര്‍ഡിന് വോട്ട് രേഖപ്പെടുത്താന്‍ അവസരം
കൗതുകമുണർത്തുന്ന മീർകാറ്റുകൾ, കുതിക്കുന്ന അണ്ണാൻ, പിടികിട്ടാത്ത ടാപ്പിർ, ഇറങ്ങുന്ന കരടിക്കുഞ്ഞിനെ നോക്കിയിരിക്കുന്ന കഴുകന്‍. സിംഹ കുടുംബത്തിലെ സ്നേഹ നിമിഷം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ (Natural History Museum's Wildlife Photographer of the Year) മത്സരത്തിന്‍റെ ഭാഗമായ 'പീപ്പിൾസ് ചോയ്സ്' ( People's Choice Award) അവാർഡിനുള്ള 25 പേരുടെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളാണിത്. 95 രാജ്യങ്ങളിൽ നിന്നുള്ള 50,000-ത്തിലധികം എൻട്രികളില്‍ നിന്നാണ് 25 ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഇന്നലെ മുതല്‍ വോട്ടെടുപ്പ് തുടങ്ങി. 2022 ഫെബ്രുവരി 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്ത ഫോട്ടോകള്‍ 2022 ജൂൺ 5 ന് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും. ' പ്രകൃതിയെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങളും അതിനോടുള്ള നമ്മുടെ ബന്ധവും, നമ്മുടെ ജിജ്ഞാസ ഉണർത്തുകയും പ്രകൃതി ലോകവുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ചിത്രങ്ങളിൽ ഒന്ന് മാത്രം തെരഞ്ഞെടുക്കുന്നത് അവിശ്വസനീയമായ വെല്ലുവിളിയാണ്, അതിനാൽ ഏത് വന്യമായ നിമിഷമാണ് പൊതുജനങ്ങളുടെ പ്രിയങ്കരമായി ഉയർന്നുവരുന്നതെന്ന് കണ്ടെത്താൻ ഞങ്ങൾ കാത്തിരിക്കുകയാണ്.' എന്ന് . നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകയും ജഡ്ജിങ് പാനലിലെ അംഗവുമായ ഡോ. നതാലി കൂപ്പർ പറഞ്ഞു.
ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ലിഷാൻ നേച്ചർ റിസർവിൽ, ഒരു മരക്കൊമ്പില്‍ തുടർച്ചയായി രണ്ട് ആൺ ഗോൾഡൻ ഫെസന്‍റുകള്‍ (golden pheasants) മാറിമാറി ഇരിക്കുന്നത് ക്വിയാങ് വീക്ഷിച്ചു. അവയുടെ ചലനങ്ങൾ മഞ്ഞുവീഴ്ചയിലെ നിശബ്ദ നൃത്തത്തിന് സമാനമാണ്. പർവതപ്രദേശങ്ങളിലെ ഇടതൂർന്ന വനങ്ങളിൽ വസിക്കുന്ന പക്ഷികളുടെ ജന്മദേശം ചൈനയാണ്. കടുംനിറമുള്ളവയാണെങ്കിലും, അവ ലജ്ജാശീലരും തിരിച്ചറിയാൻ പ്രയാസമുള്ളവരുമാണ്. കാരണം ഇരുണ്ട വനത്തിന്‍റെ അടിത്തട്ടിൽ ഭക്ഷണത്തിനായി ഇവ കൂടുതൽ സമയംചിലവഴിക്കുന്നു. ഇരപിടിയന്മാരെ ഒഴിവാക്കാനോ രാത്രിയിൽ വളരെ ഉയർന്ന മരങ്ങളിൽ വസിക്കാനോ ആയി മാത്രമാണ് ഇവ ഉയരത്തില്‍ പറക്കുന്നത്.
മാർക്കോ ഗയോട്ടി ഈ ചെറിയ ആർട്ടിക് കുറുക്കനെ ( Arctic fox) നിരീക്ഷിച്ചുകൊണ്ടിരുന്നു. അത് സമീപത്തുള്ള മറ്റൊന്നിനെ വിടാതെ വിളിക്കുന്നു. ഓരോ വിളിക്ക് ശേഷവും കുറുക്കന്‍റെ നനഞ്ഞ ശ്വാസം വായുവിൽ അലിയുന്നത് മാർക്കോ ഗയോട്ടി ശ്രദ്ധിച്ചു. സ്വാൽബാർഡിലെ സ്പിറ്റ്‌സ്‌ബെർഗനിൽ ശൈത്യകാലത്തിന്‍റെ അവസാനമായിരുന്നു അത്. തണുത്ത ആർട്ടിക് വായു -35 ° C ആയിരുന്നു അപ്പോള്‍. ആർട്ടിക് കുറുക്കന്മാരുടെ ഫോട്ടോ എടുക്കുകയെന്നാല്‍ ഏറെ ശ്രമകരമാണ്. കാരണം അവ സാധാരണയായി ഭക്ഷണം തേടി വളെര വേഗത്തിൽ ഓടുന്നു. എന്നാല്‍ ഇവിടെ അവന്‍ ഏറെ ക്ഷമയോടെ വിശ്രമിക്കുകയായിരുന്നു. പുറകില്‍ നിന്ന് കൃത്യമായ സൂര്യപ്രകാശം ലഭിച്ചപ്പോള്‍ നല്ലൊരു ചിത്രം പകര്‍ത്താന്‍ മാർക്കോ ഗയോട്ടിക്ക് കഴിഞ്ഞു.
കെനിയയിലെ മസായി മാറാ ദേശീയോദ്ദ്യാനത്തില്‍ ഒരു ജോടി ആൺ സിംഹങ്ങൾക്കിടയിലുള്ള ഈ സ്നേഹ നിമിഷം ആഷ്ലീ മക്കോർഡ് പകർത്തി. നേരിയ മഴച്ചാറ്റല്‍ ഉള്ള ദിവസമായിരുന്നു അത്. ആദ്യം ഒരു ആണ്‍ സിംഹത്തിന്‍റെ ചിത്രം പകര്‍ത്തുകയായിരുന്നു ആഷ്ലി. എന്നാല്‍, അതിനിടെ അവന്‍ മറ്റൊരു ആണ്‍ സിംഹത്തിനടുത്തേക്ക് നടന്നു. ഇതിനിടെ മഴ കനത്തു. അപ്പോള്‍ നടന്നുവന്ന സിംഹം അവിടെ ഇരുന്നു സിംഹത്തിന്‍റെ മുഖത്ത് സ്വന്തം മുഖം ഉരച്ച് സൌഹൃദം പങ്കുവെക്കുന്നു. കുറച്ച് നേരം ഇരുവരും ആ മഴച്ചാറ്റലില്‍ പരസ്പരം മുഖം മുരഞ്ഞ് ഇരുന്നു.
സിചുവാൻ പതിമൂക്കന്‍ കുരങ്ങിന്‍റെ ( Sichuan snub-nosed monkey) പെരുമാറ്റം നിരീക്ഷിക്കാൻ ചൈനയിലെ ക്വിൻലിംഗ് പർവതനിരകൾ സന്ദർശിക്കുകയായിരുന്നു ഷാങ് ക്വിയാങ്. അവയ്ക്ക് വിശ്രമിക്കാൻ സമയമാകുമ്പോൾ, സംരക്ഷണത്തിനായി സ്ത്രീകളും കുഞ്ഞുങ്ങളും ഒത്തുചേരുന്നു. അമ്മയുടെ മടിയില്‍ സുഖമായുറങ്ങുന്ന സിചുവാന്‍ പതിമൂക്കന്‍ കുരങ്ങന്‍ കുഞ്ഞ്. കുഞ്ഞിക്കുരങ്ങന്‍റെ അവ്യക്തമായ മുഖം, അവനെ പൊതിഞ്ഞിരിക്കുന്ന രണ്ട് പെണ്‍കുരങ്ങുകള്‍ക്കിടയിലൂടെ കാണാം. അവയുടെ ശ്രദ്ധേയമായ സ്വർണ്ണ-ഓറഞ്ച് നിറമുള്ള രോമങ്ങൾ വെളിച്ചത്തിൽ തിളങ്ങുന്നു.
പടിഞ്ഞാറൻ പസഫിക്കിലെ പലാവുവിലെ ബ്ലൂ കോർണറിലെ ടർക്കോയിസ് കടലില്‍ നിന്ന് യുങ് സെൻ വു പകര്‍ത്തിയ ഒരു കൂട്ടം ബാരാക്കുഡ (barracudas)മീനുകളുടെ ചിത്രം. യുങ് സെൻ വു തുര്‍ച്ചയായ നാല് ദിവസം മത്സ്യങ്ങളെ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ അവ എപ്പോഴും പുതിയ പുതിയ രൂപങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് നീന്തിയിരുന്നത്. അതിനാല്‍ അവയുടെ നല്ലൊരു ചിത്രം പകര്‍ത്താന്‍ അദ്ദേഹത്തിനായില്ല. അഞ്ചാം ദിവസം മത്സ്യ കൂട്ടം യുങ് സെൻ വുവിനെ തങ്ങളിലൊരാളെന്ന നിലയില്‍ പൊതിഞ്ഞു നീന്താന്‍ ആരംഭിച്ചു. ബാരാക്കുഡകളാൽ ചുറ്റപ്പെട്ട്, നീന്തുമ്പോൾ ഒരു മത്സ്യം മറ്റൊന്നിനെ എങ്ങനെ കാണുന്നുവെന്ന് അദ്ദേഹം സങ്കൽപ്പിക്കാൻ തുടങ്ങി. മീനുകൾ വളരെ വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. കൂട്ടത്തോടൊപ്പം നീന്താന്‍ തനിക്ക് ഏറെ കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നുവെന്ന് വു പറയുന്നു. ഏതാണ്ട് 50 മിനിറ്റോളം നീന്തിയപ്പോള്‍ തന്‍റെ 'ഫിഷ് ഐ'ക്ക് നല്ലൊരു കാഴ്ച ലഭിച്ചെന്ന് വു.
ദക്ഷിണാഫ്രിക്കയിലെ ത്സ്വാലു കലഹാരി റിസർവിലെ (Tswalu Kalahari Reserve) ഈ കൂട്ടം മീർകാറ്റുകൾ (meerkats- കീരിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെറിയ സസ്തനി) ശത്രുക്കളുടെ സാന്നിധ്യത്തിനായി ഇരുകലുകളില്‍ നിന്ന് ചുറ്റും നിരീക്ഷിക്കുന്നു. അപ്പോഴും അവര്‍ ഫോട്ടോഗ്രാഫറായ തോമസിന്‍റെ സാന്നിധ്യം പൂർണ്ണമായും അവഗണിച്ചു. വേട്ടയാടൽ, വിശ്രമം, പോരാട്ടം എന്നിവയിൽ വളരെയധികം തത്പരരാണ് ഇവര്‍. അടുത്തിടപഴകാനും വൈഡ് ആംഗിൾ ലെൻസ് ഉപയോഗിച്ച് വരണ്ട ഭൂപ്രദേശത്തെയും സമീപത്തെ പർവതങ്ങളെയും ഫോട്ടോയില്‍ ഉൾപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
സംരക്ഷണത്തിനായി തങ്ങളുടെ കുഞ്ഞുങ്ങളെ കൂട്ടത്തിന്‍റെ നടുവിലേക്ക് തള്ളി നീക്കുന്ന ആനക്കൂട്ടത്തെ പീറ്റർ നോക്കിനിന്നു. ഒരു കൊമ്പനാന നവജാത ശിശുവിനെ അമ്മയിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചു. ദക്ഷിണാഫ്രിക്കയിലെ അഡോ എലിഫന്‍റ് റിസർവിൽ നിന്ന് പീറ്റർ ആനകളുടെ ചിത്രം പകര്‍ത്തുകയായിരുന്നു. അതിനിടെ നവജാതശിശു ഉറക്കെ ശബ്ദമുണ്ടാക്കി. തൽക്ഷണം ആനക്കൂട്ടത്തിന്‍റെ പ്രതികരണവും ഉണ്ടായി. അവ ഉറക്കെ ചിന്നം വിളിച്ചും ചെവികളാട്ടിയും കുഞ്ഞന്‍ ആനകളെ തങ്ങള്‍ക്കിടയിലേക്ക് നീക്കി നിര്‍ത്തി തുമ്പിക്കൈയാല്‍ ചേര്‍ത്ത് പിടിച്ച നിമിഷം.
ആവാസവ്യവസ്ഥയുടെ നഷ്ടം, ഭക്ഷ്യ സ്രോതസ്സുകളുടെ കുറവ്, കാർ അപകടങ്ങള്‍, അനധികൃത വേട്ടയാടൽ എന്നിവ കാരണം ലോകത്തിലെ ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന പൂച്ചകളിൽ ഒന്നാണ് ഐബീരിയൻ ലിങ്ക്സ് (Iberian lynx). നിരന്തര സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവയുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പോർച്ചുഗലിലെയും സ്പെയിനിലെയും ചെറിയ പ്രദേശങ്ങളിൽ ഇന്ന് ഇവയെ കാണാം. സ്പെയിനിലെ കാസ്റ്റില്ല ലാ മഞ്ചയിലെ പെനലാജോയിൽ ഫോട്ടോഗ്രാഫിയെ അടിസ്ഥാനമാക്കിയുള്ള ഒരു സംരക്ഷണ പദ്ധതിക്ക് നേതൃത്വം നൽകുന്നതിനിടെയാണ് അന്‍റോണിയോ ഈ ചിത്രം പകർത്തിയത്.
സെൻട്രൽ കോസ്റ്റാറിക്കയിലെ സാൻ ജോസിനടുത്തുള്ള ബ്രൗലിയോ കാരില്ലോ നാഷണൽ പാർക്കിന്‍റെ താഴ്‌വരയിൽ വച്ച് മിഷേൽ ദന്‍റിറ്റ പകര്‍ത്തിയ ചിത്രം. ബേർഡിന്‍റെ ടാപ്പിർ (Baird’s tapir Or Central American tapir) അല്ലെങ്കിൽ 'കാട്ടിലെ തോട്ടക്കാർ' അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ജീവിയാണ്. ചില വിത്തുകൾ മൃഗത്തിലൂടെ കടന്നുപോയതിനുശേഷം മാത്രമേ മുളയ്ക്കുകയുള്ളൂ. എന്നാൽ വനനശീകരണത്തിൽ നിന്നും വേട്ടയാടലിൽ നിന്നുമുള്ള ഭീഷണികൾ കാരണം കാട്ടിൽ 6,000 ടാപ്പിറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ.
2017-ൽ കാലിഫോർണിയയിൽ സാധാരണ വാർഷിക മഴയുടെ ഇരട്ടി ലഭിച്ചു. തടാകങ്ങൾ നിറഞ്ഞതോടെ ഗ്രെബുകൾ ( grebes) കൂടുണ്ടാക്കി മുട്ടയിട്ടു. ആഴം കുറഞ്ഞ വെള്ളത്തിന്‍റെ അരികിലെ പുല്ലില്ലോ ഓടകൾക്കിടയിലോ അവർ പൊങ്ങിക്കിടക്കുന്ന കൂടുകൾ പണിതു. ഈ ചിത്രത്തിൽ, കുഞ്ഞുങ്ങൾ വിരിഞ്ഞ ഉടൻ തന്നെ അവ തങ്ങളുടെ രക്ഷിതാവിന്‍റെ പുറകിൽ കയറി ഒരു സവാരി നടത്തുന്നു. ആ സമയത്തുണ്ടായ ഒരു കൊടുങ്കാറ്റിന് ശേഷം, മിക്കവാറും എല്ലാ ഗ്രെബ്‌സ് കൂടുകളും ഒലിച്ചുപോയതിന് ശേഷമാണ് ഈ ചിത്രം എടുത്തത്.
സാറ്റേർ ട്രാഗോപാനുകൾ (Satyr tragopans), ഏഷ്യൻ ഫെസന്‍റുകളുടെ അപൂർവ ഇനമാണിവ. ഇവ ഭക്ഷണത്തിനും തൂവലുകൾക്കുമായി വ്യാപകമായി വേട്ടയാടപ്പെടുന്നു. സാധാരണയായി അവ വിചിത്രവും വളരെ ലജ്ജാശീലരുമാണ്. എന്നാൽ ഭൂട്ടാനിലെ പുനഖയ്ക്ക് സമീപമുള്ള ഈ ഗ്രാമത്തിൽ, പക്ഷികൾ അവിടത്തെ ജനങ്ങളുമായി ഏറെ ഇണങ്ങി ജീവിക്കുന്നു. ധൃതിമാൻ 2008 മുതൽ ഇന്ത്യയിൽ സാറ്റേർ ട്രാഗോപാനുകളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. പക്ഷേ പക്ഷികൾധൃതിമാനെ കണ്ടാലുടന്‍ പറന്നകലും. ഒടുവില്‍ ഭൂട്ടാനിലെ ജനങ്ങളുമായി ഇവയ്ക്ക് നല്ല സഹവസമാണെന്നറിഞ്ഞ് ചിത്രമെടുക്കാന്‍ എത്തിയതായിരുന്നു ധൃതിമാന്‍.
സ്കോട്ട്‌ലൻഡിലെ കെയർൻഗോംസിൽ ഒരു സുഹൃത്തിനൊപ്പം ചുവന്ന അണ്ണാനെ പകര്‍ത്താനെത്തിയതായിരുന്നു കാള്‍. രണ്ട് മരങ്ങളുടെ എതിർ ശിഖരങ്ങളിൽ അവർ അണ്ടിപ്പരിപ്പ് സ്ഥാപിച്ചു, തുടർന്ന് കാൾ തന്‍റെ ക്യാമറ അണ്ണാൻ ചാടാൻ സാധ്യതയുള്ള ശാഖകൾക്കിടയിൽ ഒരു ട്രൈപോഡിൽ സ്ഥാപിച്ചു. പിന്നീട് ക്യാമറ ഓട്ടോമാറ്റിക് ഫോക്കസിലേക്ക് സജ്ജമാക്കി. ഒരു മരത്തിന് പിന്നിൽ കാമഫ്ലേജ് ഗിയറിൽ റിമോട്ട് കൺട്രോൾ പിടിച്ച് കാള്‍ സമിറ്സ്ച്ച് കാത്തുനിന്നു. ഒരു മണിക്കൂറിനുള്ളിൽ രണ്ട് അണ്ണാൻ പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് 150 ഓളം ഫ്രെയിമുകള്‍ പകര്‍ത്തപ്പെട്ടു. അതില്‍ ഏറ്റവും മികച്ച നിമിഷത്തെ അടയാളപ്പെടുത്തിയ ചിത്രം.
ബ്രസീലിലെ പന്തനാൽ തണ്ണീർത്തടങ്ങളിൽ 2019 മുതൽ ഓരോ വർഷവും ഇരട്ടിയിലധികം തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് മൂലം എൻകോൺട്രോസ് ദാസ് അഗുവാസ് സ്റ്റേറ്റ് പാർക്കിന്‍റെ (Encontros das Águas State Park) ഏകദേശം 80 ശതമാനവും കത്തിനശിച്ചു. ജാഗ്വാർ (jaguar) റിന്‍റെ എണ്ണത്തില്‍ പേരുകേട്ട പാർക്കാണിത്. സമീപത്തുള്ള റിയോ ട്രീസ് ഇർമോസ് (Rio Três Irmãos - Three Brothers River) നദി മുറിച്ച് കടന്നെത്തിയ അമേരിക്കന്‍ കടുവ അവിടെ കത്തിയമര്‍ന്നിരുന്ന ചാരത്തില്‍ കിടന്ന് ഉരുണ്ടു. മുഖമൊഴികെ ശരീരത്തിന്‍റെ ഭാക്കി ഭാഗത്തെല്ലാം ചാരം പുരണ്ട് നിറം മാറിയപ്പോള്‍ അവന്‍ ഫോട്ടോഗ്രാഫറായ എറനാൻ ജൂനിയറിനെ ശ്രദ്ധിക്കുന്നു.
കൊളംബിയയിലെ ഒമാച്ച ഫൗണ്ടേഷനിൽ നിന്നുള്ള ജീവശാസ്ത്രജ്ഞനായ ഫെഡറിക്കോ മോസ്‌ക്വറ ആമസോൺ നദിയില്‍ നിന്നും ലഭിച്ച ഡോൾഫിനിനെ ആശ്വസിപ്പിക്കുന്നത് ജെയ്ം റോജോ പകര്‍ത്തി. ഈ ഡോൾഫിനുകൾ വളരെ സൌഹാര്‍ദ്ദമുള്ള മൃഗങ്ങളാണ്. മനുഷ്യനുമായി നേരിട്ടുള്ള സമ്പർക്കം അവയെ ശാന്തമാക്കുന്നു. വെള്ളത്തിൽ നിന്ന് പുറത്തെത്തുമ്പോള്‍ അവയുടെ ജലാംശം നിലനിർത്തുകയെന്നത് വളരെ പ്രധാനമാണ്. ഒമാച്ച, ഡബ്ല്യുഡബ്ല്യുഎഫ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘം ഡോൾഫിനെ അതിന്‍റെ ഡോർസൽ ഫിനിൽ ജിപിഎസ് ടാഗ് ഘടിപ്പിക്കുന്നതിനായി കൊളംബിയയിലെ പ്യൂർട്ടോ നരിനോയിലെ ഒരു താൽക്കാലിക വെറ്ററിനറി കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. നദി ഡോൾഫിൻ ആരോഗ്യവും ദേശാടന പാറ്റേണുകളും മനസ്സിലാക്കുന്നതിനുള്ള വിശാലമായ ശാസ്ത്രീയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ പദ്ധതി.
കാനഡയിലെ യുക്കോണിലെ ഫിഷിംഗ് ബ്രാഞ്ച് നദിക്കരയിലുള്ള ഗ്രിസ്ലി കരടികൾക്ക് (grizzly bears), തണുത്തുറയും മുമ്പ് ഭക്ഷണത്തിനുള്ള അവസാന അവസരം. ഇവിടെ ശരാശരി താപനില -30°C ആയിരുന്നു, പെൺകരടി വീണുകിടക്കുന്ന തടിയിലൂടെ അരുവി കടക്കാന്‍ ശ്രമിക്കുന്ന ചിത്രം പകര്‍ത്തിയത് ആൻഡി സ്ക്കില്ലന്‍. തണുപ്പ് കൊണ്ട് കരടിയുടെ രോമങ്ങള്‍ മഞ്ഞില്‍ നനഞ്ഞിരുന്നു. മരങ്ങളിലും മറ്റും മഞ്ഞ് ഉറഞ്ഞ് തുടങ്ങിയിരുന്നു.
നമീബിയയിലെ എറ്റോഷ നാഷണൽ പാർക്കിലെ ഒകൗകുജോ ജലാശയത്തില്‍ ഡസൻ കണക്കിന് സീബ്രകൾ വെള്ളം കുടിക്കാൻ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം. ഒന്നിനോന്നോട് ചേര്‍ന്ന് എന്ന തരത്തില്‍ ഏതാണ്ടെല്ലാ സീബ്രകളും അടുത്തടുത്ത് നിന്ന് വെള്ളം കുടിക്കാന്‍ ആരംഭിച്ചു. അതിനിടെ ചിലര്‍ ഒരേ സമയത്ത് അപകടങ്ങളെന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ തലയുയര്‍ത്തി നോക്കും. എന്നാല്‍ ഇത്രയുമധികം സീബ്രകള്‍ക്കിടയില്‍ ഒരു സീബ്രമാത്രം തലയുയര്‍ത്തിയപ്പോള്‍ ലൂക്കാസ് പകര്‍ത്തിയ ചിത്രം. ഫ്രെയിമില്‍ നിറയെ കറുപ്പും വെളളയും വരകള്‍ മാത്രം. ആ വരകള്‍ക്കിടയില്‍ ഒരു സീബ്രയുടെ തല.
ഇക്വഡോറിലെ ടെനയ്‌ക്ക് സമീപമുള്ള ആമസോൺ മഴക്കാടുകളിൽ രാത്രി നടക്കുന്നതിനിടയിൽ, ഹാവിയർ ഈ ചെറിയ മുള്ളുള്ള ഹൃദയ വൃത്താകൃതിയിലുള്ള പെൺ നെയ്ത്തുകാരൻ ചിലന്തി തന്‍റെ മുട്ട പൊതിഞ്ഞ് സൂക്ഷിക്കുന്നത് കണ്ടു. ശക്തമായ സിൽക്ക് നൂലിൽ തൂങ്ങിക്കിടക്കുന്ന ഈ പെൺ ചിലന്തികൾ മണിക്കൂറുകളോളം എടുത്ത് തങ്ങളുടെ മുട്ടകൾ ഒരു പട്ട് കൊക്കൂണിൽ പൊതിഞ്ഞ് വയ്ക്കുന്നു, അതിൽ നൂറുകണക്കിന് മുട്ടകൾ വരെ അടങ്ങിയിരിക്കാം. ഈ ഇരുണ്ട രാത്രിയിൽ, മുട്ടയുടെ സംരക്ഷണ കവചം തൂവെള്ള നിറത്തിലുള്ള പൂർണ്ണ ചന്ദ്രനോട് സാമ്യം തോന്നിക്കുന്നു.
കറുത്ത കുഞ്ഞന്‍ കരടിക്കുട്ടികൾ പലപ്പോഴും മരങ്ങളിൽ കയറും, അവിടെ അമ്മ ഭക്ഷണവുമായി മടങ്ങുന്നത് വരെ സുരക്ഷിതമായി ഇരിക്കാനാണിത്. അലാസ്ക സംസ്ഥാനത്തെ അനാനിലെ മിതശീതോഷ്ണ മഴക്കാടുകളുടെ ഉള്ളില്‍ പ്രായപൂർത്തിയാകാത്ത ഒരു പരുന്ത്, പായൽ നിറഞ്ഞ ഒരു മരക്കെമ്പില്‍ ഉച്ചതിരിഞ്ഞ് ഉറങ്ങാൻ കയറിയ കുഞ്ഞന്‍ കരടിയെ നോക്കിയിരിക്കുന്നു. പരുന്ത് മണിക്കൂറുകളോളം ഈ പൈൻ മരത്തിൽ തന്നെ അവനെ ശ്രദ്ധിച്ച് ഇരുന്നിരുന്നെന്ന് ഫോട്ടോഗ്രാഫര്‍ ജെറോൻ പറയുന്നു.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിലൂടെ പടർന്നുകയറിയ കാട്ടുതീ ബാധിച്ച മൃഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജോ-ആൻ മക്ആർതർ 2020-ന്‍റെ തുടക്കത്തിൽ ഓസ്‌ട്രേലിയയിലേക്ക് പോയി. മൃഗസംരക്ഷണ സംഘടനയായ ആനിമൽസ് ഓസ്‌ട്രേലിയയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന അവൾക്ക് പൊള്ളലേറ്റ സ്ഥലങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, വെറ്റിനറി ദൗത്യങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിച്ചു. വിക്ടോറിയയിലെ മല്ലകൂട്ടയ്ക്ക് സമീപത്ത് നിന്ന് പകര്‍ത്തിയ ചിത്രം. ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ വനത്തിനുള്ളില്‍ തന്‍റെ കുഞ്ഞിനെ വയറിലെ സഞ്ചിയിലാക്കി ഭക്ഷണം തേടുന്ന കങ്കാരുവിനെ കാണിക്കുന്നു.
ഇന്തോനേഷ്യയിലെ മഴക്കാടുകള്‍ വലിയ തോതില്‍ എണ്ണപ്പനകള്‍ക്ക് വേണ്ടി വെട്ടി വശിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇത് മൂലം ഒറാങ്ങുട്ടാനെ പോലുള്ള ജീവി വര്‍ഗ്ഗങ്ങള്‍ വംശനാശത്തിന്‍റെ വക്കിലാണ്. വ്യാവസായിക മരം മുറിക്കൽ, തോട്ടങ്ങളുടെ വികസനത്തിനായി നിലം വൃത്തിയാക്കൽ എന്നിവ മൂലം ഇന്തോനേഷ്യയിലെ ബോർണിയോ മഴക്കാടുകൾ അതിവേഗം അപ്രത്യക്ഷമാകുന്നു. അന്താരാഷ്‌ട്ര ആനിമൽ റെസ്‌ക്യൂ അനാഥരായതോ പരിക്കേറ്റതോ ആയ ഒറാങ്ങുട്ടാനുകളെ പുനരധിവാസത്തിന് ശ്രമിക്കുന്നു. അവരുടെ ഒരു ജീവനക്കാരി ഓറാങ്ങുട്ടാന്‍ കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതാണ് ചിത്രത്തില്‍.
ജർമ്മനിയിലെ തന്‍റെ ജന്മനഗരമായ ഗ്രീഫ്സ്വാൾഡിൽ, വീടിന്റെ മുൻവാതിലിൽ നിന്ന് കറുത്തപക്ഷിയെ കാണുന്നതിൽ ജാൻ ലെബ്മാന് വളരെയധികം സന്തോഷിച്ചു. അത് വസന്തകാലമായിരുന്നു, കറുത്തപക്ഷി അവളുടെ കൂട് പണിയാൻ ഒരു പഴയ പൂന്തോട്ട കുടിൽ തെരഞ്ഞെടുത്തു. നിശ്ശബ്ദമായും രഹസ്യമായും അവൾ തന്‍റെ കുഞ്ഞുങ്ങളെ ഈ കുടിലിനുള്ളില്‍ വളർത്തി. ഈ ചിത്രത്തിലൂടെ, പ്രകൃതിയുടെ മനോഹാരിത അനുഭവിക്കാൻ നമ്മൾ അധികം പോകേണ്ടതില്ലെന്ന് ജാൻ എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഒരു കറുത്ത പക്ഷി നമ്മുടെ തന്നെ വീടുകളില്‍ കൂടുണ്ടാക്കുന്നത് പോലെ ലളിതമായ ഒന്ന് മതിയാകും.
കുട്ടികളെ ശ്രദ്ധിക്കാന്‍ വളരെയേറെ ഊര്‍ജ്ജം ആവശ്യമാണ്. അത് മനുഷ്യനായാലും ഒറാംങ്ങുട്ടാനായാലും. ഇന്തോനേഷ്യയിലെ സുമാത്രയിലെ പൈനസ് ജന്തോ നേച്ചർ റിസർവിൽ മാക്സിം അലിഗാ എന്ന ഫോട്ടോഗ്രാഫര്‍ അമ്മ ഒറാംങ്ങുട്ടാനെ നിരീക്ഷിച്ചുകൊണ്ട് ഒരു മണിക്കൂറിലധികം ചെലവഴിച്ചു. അവളാകട്ടെ തന്‍റെ കുസൃതികുരുന്നിനെ തന്റെയൊപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. 2011 മുതൽ ആരംഭിച്ച സുമാത്രൻ ഒറംഗുട്ടാൻ കൺസർവേഷൻ പ്രോഗ്രാം ഇതുവരെയായി 120-ലധികം ഒറാങ്ങുട്ടാനുകളെ റിസർവ് വനത്തിലേക്ക് വിട്ടയച്ചു. മാർക്കോണി എന്ന ഈ ഒറാങ്ങുട്ടാന്‍ മാതാവ് ഒരിക്കൽ നിയമവിരുദ്ധ വളർത്തുമൃഗമായി തടവിലാക്കപ്പെട്ടിരുന്നു. 2011-ൽ അവള് സ്വതന്ത്രമാക്കപ്പെട്ടു. 2017-ൽ, അവളുടെ കുഞ്ഞിനെ (മാസെൻ ) കണ്ടെത്തിയത് ഏറെ ശുഭപ്രതീക്ഷ നല്കുന്നു.
ബ്രസീലിലെ പന്തനാലിൽ ഒരു ഉച്ചകഴിഞ്ഞ് ഒരു വലിയ തുറന്ന സമതലത്തിൽ ഒരു പെൺ ഭീമൻ ആന്റീറ്റർ (ഉരുമ്പ് തീനി - anteater) ഭക്ഷണം തേടുകയായിരുന്നു, വിം വാന്‍ ഡെന്‍ ഹീവര്‍ പെട്ടെന്ന് അതിന്‍റെ പുറകിൽ ഒരു കുട്ടിയുണ്ടെന്ന് ശ്രദ്ധിച്ചു. ഉറുമ്പ് തീനി തന്‍റെ സ്ഥിരം ദിശയിലുള്ള ദൂരെയുള്ള ഒരു ചിതൽപുറ്റിലേക്കുള്ള യാത്രയിലായിരുന്നു. അമ്മയുടെ മുതുകില്‍ പറ്റിപ്പിടിച്ച് കുഞ്ഞ് ഉറുമ്പുതീനി ഭക്ഷണത്തിനായി സ്വസ്ഥനായിരുന്നു.
ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഷിഷുവാങ്ബന്ന ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു പച്ചത്തുള്ളനെ (green katydid) പിടികൂടിയ ഒരു കൂട്ടം ഉറുമ്പുകൾ തികഞ്ഞ ഐക്യത്തോടെ പ്രവർത്തിക്കുന്നത് മിങ്ഹുയി ശ്രദ്ധിച്ചു. ഈ ഉറുമ്പുകൾ എല്ലായ്പ്പോഴും പച്ചത്തുള്ളനെ അക്രമിക്കാറില്ല. വേട്ടക്കാരിൽ നിന്നും പരാന്നഭോജികളിൽ നിന്നും ഉറുമ്പുകൾ ഇത്തരം പുല്‍ച്ചാടികള്‍ക്ക് സംരക്ഷണം നൽകാറുമുണ്ട്. കാരണം പുല്‍ച്ചാടി പുറന്തള്ളുന്ന മധുരമുള്ള സ്രവം കഴിക്കാന്‍ ഉറുമ്പുകള്‍ക്ക് പ്രത്യേക താത്പര്യമുണ്ടെന്നത് തന്നെ. എന്നാല്‍ ചിലപ്പോഴൊക്കെ ഉറുമ്പുകള്‍ ഇവയെ ഭക്ഷണമാക്കാറുമുണ്ട്.
ഇറ്റലിയിലെ ബെല്ലുനോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത തടാകമാണ് സാന്താ ക്രോസ് തടാകം. 2019 ലെ ശൈത്യകാലത്ത്, വെള്ളം അസാധാരണമാംവിധം ഉയർന്നതും വില്ലോ ചെടികൾ ഭാഗികമായി വെള്ളത്തിനടിയിലായി. ഇത് പ്രകാശത്തിന്റെയും പ്രതിഫലനങ്ങളുടെയും ഒരു മായികത സൃഷ്ടിച്ചു. തണുത്ത കാലാവസ്ഥയ്ക്കായി കാത്തിരുന്ന ക്രിസ്റ്റ്യാനോ വെന്ട്രമിന് മഞ്ഞുമൂടിയ തടാകത്തിന്റെ നിശ്ചലതയിൽ നിന്ന് പകര്‍ത്തിയ ചിത്രം.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാര്‍ഡിന് നിങ്ങളുടെ വേട്ട് ഇവിടെ രേഖപ്പെടുത്താം.