Santosh trophy : ഇത് മലപ്പുറം സ്റ്റൈൽ; കേരളത്തിന്റെ കളി കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ: ഗ്യാലറി തിങ്ങിനിറഞ്ഞു
പയ്യനാടെത്തിയ ജനസാഗരത്തെ കണ്ട് സംഘാടകർ വരെ ആദ്യം ഞെട്ടി. പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടേണ്ടി വന്നു. രാജസ്ഥാനെ നിഷ്പ്രഭരാക്കിയ കേരളത്തിന്റെ തേർവാഴ്ച കാണാൻ ജനസാഗരം കാരണം പലർക്കും ഫേസ്ബുക്ക് ലൈവിനെ ആശ്രയിക്കേണ്ടി വന്നു.
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. 30,000 പേർക്ക് കളികാണാൻ സൗകര്യമുള്ള മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലേക്ക് അതിലേറെ ആളുകളാണ് എത്തിയത്. പലർക്കും ടിക്കറ്റ് എടുത്തിട്ടും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല.
ഇത് ചെറിയ സംഘർഷങ്ങൾക്ക് ഇടയാക്കി. കൊറോണയുടെ പൂട്ട് പൊട്ടിച്ച ആവേശം ഫുട്‌ബോൾ ആരാധകരുടെ മുഖത്ത് കാണാമായിരുന്നു. കൗമാരക്കാർ മുതൽ വയോധികർ വരെ ഗ്യാലറിയിൽ ഇടം പിടിച്ചു. പഞ്ചാബും വെസ്റ്റ് ബംഗാളും തമ്മിലുള്ള ആദ്യ കളി നടന്ന കോട്ടപ്പടി സ്‌റ്റേഡിയത്തിൽ ആരാധകർ കുറവായിരുന്നു.
എന്നാൽ പയ്യനാടെത്തിയ ജനസാഗരത്തെ കണ്ട് സംഘാടകർ വരെ ആദ്യം ഞെട്ടി. പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടേണ്ടി വന്നു. രാജസ്ഥാനെ നിഷ്പ്രഭരാക്കിയ കേരളത്തിന്റെ തേർവാഴ്ച കാണാൻ ജനസാഗരം കാരണം പലർക്കും ഫേസ്ബുക്ക് ലൈവിനെ ആശ്രയിക്കേണ്ടി വന്നു.
ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഹാട്രിക്കും നിജോ ഗിൽബർട്ടിന്റെയും അജയ് അലക്‌സിന്റെയും മിന്നും ഗോളുകളും മലപ്പുറത്തെ ആരാധകർ നെഞ്ചേറ്റിയിട്ടുണ്ട്.
മത്സര ശേഷം കാണികളോട് നന്ദി അറിയിച്ചാണ് താരങ്ങൾ കളം വിട്ടത്. ജനത്തിരക്ക് കാരണം പലയിടത്തും രൂക്ഷമായ ഗാതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.