വിതുമ്പി സച്ചിനുള്‍പ്പടെ; മറഡോണയ്‌ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്
ഡീഗോ മറഡോണ...അയാള്‍ക്ക് മുന്നില്‍ ക്രിക്കറ്റ് ഒരു കണികപോലും അല്ലാതായിരിക്കുന്നു. ക്രിക്കറ്റ് മതവും ദൈവവുമായി വളര്‍ന്ന വാഗ്‌ദത്ത ഭൂമിയില്‍ ഇപ്പോള്‍ മറഡോണ എന്ന ഒറ്റപ്പേരാണ് മുഴങ്ങുന്നത്. ക്രിക്കറ്റിന്‍റെ മഹാസാമ്രാജ്യം മറഡോണ എന്ന ലോക ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രതിഭകളിലൊരാള്‍ക്ക് ആദരവോടെ വിട ചൊല്ലുകയാണ്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി മുതല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ വിതുമ്പി. ഫുട്ബോള്‍ പോലെ വൈകാരികത തഴുകിയൊഴുകുന്നതായിരുന്നു പ്രതികരണങ്ങള്‍.
ഫുട്ബോളിനും കായികലോകത്തിനും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നഷ്‌ടമായി എന്ന് സച്ചിന്‍ കുറിച്ചു.
എന്‍റെ ഹീറോ ഇനിയില്ല. നിനക്ക് വേണ്ടിയാണ് ഞാന്‍ ഫുട്ബോള്‍ കണ്ടത് എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ ട്വീറ്റ്.
മറഡോണയുടെ മരണവാര്‍ത്ത ഏറെ സങ്കടപ്പെടുത്തുന്നു. രാജാവായി കളിക്കളത്തിലും പുറത്തും വാഴ്‌ന്ന സുഹൃത്തിന് വിട എന്ന് യുവി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങി ഐപിഎല്‍ ക്ലബുകളും ഫുട്ബോള്‍ ഇതിഹാസത്തിന് വിട ചൊല്ലി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗും(ഐഎസ്എല്‍) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദുഖം രേഖപ്പെടുത്തി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് 60 വയസുകാരനായ മറഡോണ വിട പറഞ്ഞത്.
തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ട ഇതിഹാസം സുഖംപ്രാപിച്ചുവരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്‍റെ നെഞ്ചില്‍ കണ്ണീര്‍ കോരിയിട്ട് മരണ വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തുവന്നു.
ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭ എന്നാണ് മറഡോണ വിശേഷിപ്പിക്കപ്പെടുന്നത്.
വിഖ്യാതമായ 'ദൈവത്തിന്‍റെ കൈ' ഗോള്‍ അദേഹത്തെ മറ്റ് ഇതിഹാസ താരങ്ങളില്‍ നിന്നെല്ലാം അമാനുഷികനാക്കി.
നാല് ലോകകപ്പുകൾ. 1986 ലോകകപ്പ് എന്നാൽ മറഡോണ എന്ന് കാലം അടയാളപ്പെടുത്തി.
90ൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചു. 94 ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോഗത്തിന് പുറത്താക്കപ്പെട്ട് ദുരന്ത നായകനായി.
അര്‍ജന്‍റീനന്‍ കുപ്പായത്തില്‍ 17 വര്‍ഷം നീണ്ട ഇതിഹാസ ജീവിതം. 91 മത്സരം. ആഘോഷനൃത്തം ചവിട്ടിയ 34 ഗോളുകൾ.
അർജന്റീനയിൽ റിവർപ്ലേറ്റിന്റെയും സ്‌പെയ്നിൽ റയൽ മാഡ്രിഡിന്റെയും ഇറ്റലിയിൽ മിലാൻ ക്ലബുകളുടേയും പണത്തിളക്കം മറഡോണയെ ഒരിക്കലും മോഹിപ്പിച്ചില്ല.
സാധാരണക്കാരിലേക്ക് വേരുകളാഴ്‌ത്തിയ ബോക്ക ജൂനിയേഴ്സും ബാഴ്സലോണയും നാപ്പോളിയുമായിരുന്നു മറഡോണയുടെ തട്ടകം