ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജിക്ക് തോല്‍വി; പാരീസില്‍ കലാപം
നാടാടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുകയായിരുന്നു പാരീസ് സെന്‍റ് ജെർമെയ്ൻ എന്ന പിഎസ്‌ജി. അതുകൊണ്ട് തന്നെ ആരാധകര്‍, തങ്ങളുടെ താരങ്ങള്‍ കപ്പുയര്‍ത്തുമെന്ന ആത്മവിശ്വാസത്തിലുമായിരുന്നു. പാരീസ് സെന്‍റ് ജെർമെയ്നും ബയേൺ മ്യൂണിക്കും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ലിസ്ബൺ നടന്നത്. എന്നാല്‍, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ പിഎസ്ജി 1-0 ന് പുറകില്‍. ഫുഡ്ബോള്‍ ഇടനെഞ്ചില്‍ കൊണ്ടുനടന്ന ആരാധകരുടെ നെഞ്ച് പിളര്‍ന്നതായിരുന്നു ബയണിന്‍റെ കിംഗ്സലി കോമാന്‍ അടിച്ച ആ ഒരു ഗോള്‍. ഇതേതുടര്‍ന്ന് കപ്പുയര്‍ത്തി ആഹ്ളാദം പങ്കിടാനെത്തിയവര്‍ നഗരത്തില്‍ കലാപം ഉയര്‍ത്തി.
മഹാമാരിയുടെ പിടിയിലമര്‍ന്ന പാരിസ് നഗരം കൊവിഡ് 19 വൈറസ് വ്യാപനം തടയാനായിയുള്ള മുന്‍കരുതലിലായിരുന്നു. അതുകൊണ്ട് തന്നെ ഇളവുകളുണ്ടെങ്കിലും മാസ്ക് ധരിക്കുകയും സാമൂഹിക അകലവും പാലിക്കലും നിര്‍ബന്ധമായിരുന്നു.
കൊവിഡ് 19 വ്യാപനത്തിനെ തുടര്‍ന്ന് പാരീസിലെ നിരവധി ബാറുകള്‍ അടച്ചിരുന്നു. എന്നാല്‍ തുറന്ന ചില പബ്ബുകളില്‍ ഫൈനല്‍ മത്സരത്തിന്‍റെ തത്സമയ ദൃശ്യങ്ങള്‍ കാണികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്നലത്തെ ഫൈനല്‍ ടെലിവിഷനിൽ കണ്ടത്.
എന്നാല്‍ പബുകളില്‍ കളികാണാനെത്തിയവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ലെന്ന് ഫ്രഞ്ച് പൊലീസ് ആരോപിച്ചു.
നഗരത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടതോടെ ആരാധകര്‍ പാരീസിന്‍റെ തെരുവുകളില്‍ കലാപം അഴിച്ച് വിട്ടു.
പിഎസ്ജി ആരാധകർക്ക് നേര്‍ക്ക് ഫ്രഞ്ച് പൊലീസ് ടിയർ ഗ്യാസും ലാത്തിയും ഉപയോഗിച്ചു.
ഫ്രാൻസിന്‍റെ തലസ്ഥാനം ഒരു കൊറോണ വൈറസ് റെഡ് സോൺ ആയിരുന്നിട്ടും, പാർക്ക് ഡി പ്രിൻസസ്, പിഎസ്‌ജിയുടെ ഹോം ഗ്രൗണ്ട്, ചാംപ്സ് എലിസി എന്നിവിടങ്ങളിൽ വന്‍ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി 3000 പൊലീസിനെയും വിന്യസിച്ചിരുന്നു. "അവസാന വിസിലിന് മുമ്പായി കുഴപ്പം ആരംഭിച്ചു," പാർക്ക് ഡെസ് പ്രിൻസസിലെ ഒരു ആരാധകൻ പറഞ്ഞു.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ പാർക്കിന് ചുറ്റുമുള്ള സ്ഥലം ഒരു യുദ്ധമേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലെയായായിരുന്നു. ഒരു ഘട്ടത്തിൽ ആരാധകര്‍ ഒരു പൊലീസ് വാഹനത്തെ ആക്രമിച്ച് തീയിട്ടു.
തുടര്‍ന്ന് നഗരത്തിന്‍റെ പല മേഖലകളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെയാണ് പാരിസിലെ ഒരു ബാറിനെ കലാപം ആരംഭിച്ചത്.
മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും നിയന്ത്രിക്കുന്നതിനാണ് പൊലീസ് ഇടപെട്ടതെന്നാണ് ഫ്രഞ്ച് പൊലീസ് പറയുന്നത്.
ഗെയിമിന് മുമ്പ് പരസ്യമായി മാസ്ക് ധരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ആളുകളോട് ആവശ്യപ്പെട്ടിരുന്നു, കൂടാതെ ബാറുകൾ അടച്ചിരുന്നു.
മാസ്ക് ധരിക്കാത്തതിന് 200 ലധികം പേർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞു.
കലാപത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
കൊവിഡ് 19 വൈറസ് വ്യാപനത്തിന് പിന്നാലെ ഫ്രാൻസിലുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോൾ തന്നെ ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് പോകുകയാണെങ്കില്‍ 14 ദിവസത്തേക്ക് സ്വയം ക്വാറന്റീനില്‍ കഴിയണം. ലോക്ഡൗണില്‍ ഇളവുകള്‍ വന്നെങ്കിലും വൈറസ് വ്യാപനം തടയാനായി കര്‍ശനമായ നിയന്ത്രണങ്ങളായിരുന്നു പാരീസില്‍ നടപ്പിലാക്കിയിരുന്നത്. എന്നാല്‍ പിഎസ്‌ജിയുടെ തോല്‍വി കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാക്കി.