'ഡീഗോ മരണമില്ല നിനക്ക്'; മറഡോണയെ അനുസ്‌മരിച്ച് മെസി മുതല്‍ പെലെ വരെ
ബ്യൂണസ് ഐറിസ്: മഹാനായ മറഡോണയ്ക്ക് വിട ചൊല്ലുകയാണ് കായിക ലോകം. അർജന്റീന മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാടില്‍ വിതുമ്പുകയാണ്. മറഡോണയെ അനുസ്‌മരിച്ച് മെസി മുതല്‍ പെലെ വരെയുള്ള മഹാതാരങ്ങളെത്തി.
ദുഖഭരിതമായ വാർത്ത. എനിക്ക് വലിയൊരു സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഒരു ഇതിഹാസത്തേയും. ഇനിയൊരുനാൾ, ആകാശത്ത് നമ്മുക്കൊരുമിച്ച് പന്തുതട്ടാം. പെലെ മറഡോണയെ ഓർത്തു.
ഡിയേഗോയ്ക്ക് മരണമില്ലെന്നായിരുന്നു മെസിയുടെ വാക്കുകൾ.
താരതമ്യമില്ലാത്തൊരു മാന്ത്രികൻ വളരെ വേഗത്തിൽ വിട പറഞ്ഞിരിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇതിഹാസമെന്നെഴുതി മറഡോണയുടെ ചിത്രം നെയ്മർ പോസ്റ്റ് ചെയ്തു.
പടരുന്ന കൊവിഡിനെ കൂസാതെ, എക്കാലത്തേയും മികച്ച പത്താം നമ്പറുകാരന് ആദരമർപ്പിക്കാൻ നേപ്പിൾസ് സ്റ്റേഡിയത്തിലേക്ക് ഒഴുകി.
1986ലെ ദൈവത്തിന്റെ കൈ ഒരിക്കലും മറക്കാനാകാത്ത അന്നത്തെ ഇംഗ്ലീഷ് മുന്നേറ്റനിര താരം ഗ്യാരി ലിനേക്കർ മറഡോണ ദൈവത്തിന്റെ
കൈകളിൽ സ്വസ്ഥനായിരിക്കട്ടെയെന്ന് അനുസ്മരിച്ചു.
സങ്കടം വിവരിക്കാൻ വാക്കുകളില്ലെന്നും എന്നും എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും അടുപ്പക്കാരനായിരുന്ന വെനസ്വേലൻ പ്രസിഡന്റ് നികോളസ് മദുറോ ട്വിറ്ററിലെഴുതി.
ഫിഫയും അർജന്റൈൻ ഫുട്ബോൾ ഫെഡറേഷനും സാമൂഹിക മാധ്യമങ്ങളിൽ കറുപ്പണിഞ്ഞു.
മറഡോണയെ അനുസ്‌മരിച്ച് വിവിധ ഫുട്ബോള്‍ അസോസിയേഷനുകളും വിഖ്യാത ക്ലബുകളുമെത്തി.
അയാൾ കാൽപ്പന്തുകളിയുടെ ആദ്യപാഠങ്ങൾ പഠിച്ച അർജന്റൈൻ. തെരുവുകൾ വിതുമ്പുകയാണ് അവർക്ക് വിശ്വസിക്കാനാകുന്നില്ല ഇതിഹാസം എന്നെന്നേക്കുമായി ബൂട്ടഴിച്ചെന്ന്.