ആ സ്‍ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യുന്നവര്‍ അറിയുക; രത്തന്‍ ടാറ്റയുടെ പേരില്‍ വീണ്ടും വ്യാജ പ്രചാരണം
മുംബൈ: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ പേരില്‍ വീണ്ടും വ്യാജ പ്രചാരണം. രത്തന്‍ ടാറ്റയുടെ പേരില്‍ ഒരു ലേഖനമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് നേരത്തെയും ടാറ്റയുടെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ സജീവമായിരുന്നു.
'ഈ വര്‍ഷം ലാഭത്തെയും നഷ്ടത്തെയും കുറിച്ച് ചിന്തിക്കരുത്' എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്‍റെ സ്‍ക്രീന്‍ഷോട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
'ബിസിനസിലും വ്യാപാരത്തിലും അതിജീവനത്തിന്‍റെ വര്‍ഷമാണ് 2020. അതിനാല്‍ ലാഭത്തെയും നഷ്ടത്തെയും കുറിച്ച് കമ്പനികള്‍ ചിന്തിക്കാന്‍ പാടില്ല' എന്ന് ലേഖനത്തില്‍ പറയുന്നു.
ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലാണ് ടാറ്റയുടെ പേരിലുള്ള ലേഖനം വ്യാപകമായി പ്രചരിക്കുന്നത്. രത്തന്‍ ടാറ്റയുടെ ഉപദേശം എല്ലാവരും ഗൗരവത്തോടെ എടുക്കണമെന്ന് പലരും ആവശ്യപ്പെടുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ക്ക് പുറമെ ചില ഹിന്ദി ന്യൂസ് വെബ്‍സൈറ്റുകളും ടാറ്റയുടെ പേരിലുള്ള ലേഖനത്തെ കുറിച്ച് വാര്‍ത്ത നല്‍കി. പ്രഭാത് ഖാബര്‍ എന്ന ഹിന്ദി പത്രവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് മൂന്നിനാണ് ഈ വാര്‍ത്ത നല്‍കിയത്.
എന്നാല്‍, പ്രചരിക്കുന്ന ഉദ്ധരണി രത്തന്‍ ടാറ്റയുടേതല്ല എന്നതാണ് വസ്തുത. രത്തന്‍ ടാറ്റ ഇത് എവിടെയാണ് പറഞ്ഞതെന്ന് ലേഖനത്തില്‍ നല്‍കിയിട്ടില്ല എന്നതാണ് സംശയം ജനിപ്പിച്ചത്. അദേഹത്തിന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും ഇത്തരമൊരു പരാമര്‍ശം കാണാനില്ല.
പ്രചാരണങ്ങള്‍ നിയന്ത്രണാതീതമായതോടെ വിശദീകരണവുമായി രത്തന്‍ ടാറ്റ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും രംഗത്തെത്തി. പ്രചാരണങ്ങള്‍ പൂര്‍ണമായും അദേഹം തള്ളി.
'ഇത് താന്‍ പറഞ്ഞതല്ല, വ്യാജ വാര്‍ത്തയാണ്. വ്യാജ പ്രചാരണങ്ങള്‍ ഭയപ്പെടുത്തുന്നു. വാര്‍ത്തയുടെ വസ്തുത സ്ഥിരീകരിക്കാന്‍ ശ്രദ്ധിക്കണ. വ്യാജ വാര്‍ത്തകളുടെ പ്രശ്നം ഒട്ടേറെ പേര്‍ നേരിടുന്നതായും' രത്തന്‍ ടാറ്റ കുറിച്ചു.
കൊവിഡ് 19 മഹാമാരിക്കിടയില്‍ രത്തന്‍ ടാറ്റയുടെ പേരില്‍ വ്യാജ പ്രചാരണം ഇതാദ്യമല്ല. ലോക്ക് ഡൗണിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക രംഗം അതിവേഗം തിരിച്ചെത്തും എന്ന സന്ദേശം രത്തൻ ടാറ്റായുടെ ചിത്രം അടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ, ഈ സന്ദേശം തന്‍റേതല്ലെന്ന് രത്തൻ ടാറ്റാ ട്വിറ്ററിൽ കുറിച്ചു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഔദ്യോഗിക അക്കൗണ്ടിലൂടെ പറയുമെന്നും രത്തന്‍ ടാറ്റ വ്യക്തമാക്കി.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സത്യം വെളിപ്പെടുത്തി രത്തന്‍ ടാറ്റ രംഗത്തെത്തിയത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ഒടുവിലത്തെ പ്രതികരണത്തിലും രത്തന്‍ ടാറ്റ.