വീട്ടിലെ നാരങ്ങ കൊണ്ട് കൊവിഡിന് അത്ഭുത മരുന്ന്; അവകാശവാദങ്ങള്‍ സത്യമോ
ജറുസലേം: ലോകത്ത് കൊവിഡ് 19ന് മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയെന്ന് സ്ഥിരീകരണമില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി മരുന്നുകളാണ് പ്രചരിക്കുന്നത്. ചൂട് ചായയും ചൂട് വെള്ളവും വേപ്പിലയും തുടങ്ങി അനവധി മരുന്നുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇസ്രയേലില്‍ പരീക്ഷിച്ച് വിജയിച്ച മരുന്ന് എന്ന തലക്കെട്ടോടെ ഒരു ഔഷധക്കൂട്ട് ഇപ്പോള്‍ പ്രചരിക്കുകയാണ്.
ട്വിറ്ററിലും ഫേസ്‌ബുക്കിലും വാട്സ്ആപ്പിലും വൈറലായ സന്ദേശത്തില്‍ പറയുന്നത് ഇതാണ്. കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടെത്തിയിരിക്കുന്നു. വൈറസ് ഇതുവരെ ആള്‍നാശം വിതയ്ക്കാത്ത ഇസ്രയേലില്‍ നിന്നുള്ള വിവരങ്ങളാണിത്.
വളരെ സിംപിളാണ് അത്ഭുത മരുന്നിന്‍റെ കൂട്ട്
1. നാരങ്ങ
2. ബേക്കിംഗ് സോഡ
ചൂട് ചായക്കൊപ്പം കലര്‍ത്തി ദിവസവും വൈകിട്ട് കഴിക്കുക
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ മുന്‍ സന്ദേശങ്ങള്‍ പോലെ ഇതും വ്യാജമാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. പല കാരണങ്ങളാലാണ് അത്ഭുത മരുന്ന് വ്യാജനാണെന്ന് തെളിഞ്ഞത്.
ഇസ്രയേലില്‍ ഇതുവരെ കൊവിഡ് 19 മരണങ്ങളില്ല എന്നാണ് വൈറല്‍ സന്ദേശത്തില്‍ പറയുന്നത്. വേള്‍ഡോ മീറ്ററിന്‍റെ കണക്കുപ്രകാരം ഇതുവരെ 16,346 പേരില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേര്‍ മരിക്കുകയും ചെയ്തു.
നാരങ്ങയും ബേക്കിംഗ് സോഡയും കൊവിഡ് വൈറസിനെ കൊല്ലുമെന്ന് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് രണ്ടാമത്തെ കാരണം. ഇക്കാര്യം ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. സുരന്‍ജീത്ത് ചാറ്റര്‍ജി ദ് ക്വിന്‍റിനോട് പറഞ്ഞു.
ലോകത്ത് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിച്ചതായി ഇതുവരെ ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യുകെയിലും അമേരിക്കയിലും ഇസ്രയേലിലും ഇറ്റലിയിലും അടക്കം ഗവേഷണം പുരോഗമിക്കുകയാണ്.
കൊവിഡ് 19ന് മരുന്നോ വാക്‌സിനോ കണ്ടെത്തിയിട്ടില്ലെന്നും രോഗികളോടും രോഗലക്ഷണങ്ങള്‍ ഉള്ളവരോടും മെഡിക്കല്‍ സഹായം തേടാനുമാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.