ഉഡായിപ്പുകളുമായി വിക്രമനും മുത്തുവും; ബാലരമയിലെ കഥാപാത്രങ്ങള്‍ നാട്ടിലിറങ്ങിയാല്‍...
മലയാളികളുടെ കുട്ടിക്കാലത്തെ കഥകള്‍കൊണ്ട് സമ്പന്നമാക്കുന്ന ബാലരമയിലെ മായാവിലെ കഥാപാത്രങ്ങള്‍ മനുഷ്യരായാലോ ! രാജുവും രാധയും മായാവിയുമൊക്കെ എത്തുന്ന ഒരു സിനിമയൊക്കെ വന്നാല്‍ പൊളിയായിരിക്കും അല്ലേ. വിക്രമനും മുത്തുവും പഴയ ഉടായിപ്പുകളുമായി തിരുവനന്തപുരം നഗരത്തിലിറങ്ങിയിരിക്കുകയാണ്. ഡെലിവറി ബോയ്സായി ജോലി ചെയ്യുന്ന ഇവരെ ലൊട്ടുലൊടുക്കും ഗുലുഗുലുമാലും ചേര്‍ന്ന് വീണ്ടും കുഴിയില്‍ ചാടിക്കുന്ന രസകരമായ ഫോട്ടോസ്റ്റോറിയുമായി എത്തിയിരിക്കുകയാണ് മുരളീകൃഷ്ണന്‍. വരും ദിവസങ്ങളില്‍ മായാവിയിലെ മറ്റ് കഥാപാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്താനാണ് മുരളീകൃഷ്ണന്‍റെയും സുഹൃത്തുക്കളുടെയും ശ്രമം. നേരത്തേ മണിച്ചിത്രത്താഴ് ഫോട്ടോസ്റ്റോറിയാക്കി ഇദ്ദേഹം ശ്രദ്ധനേടിയിരുന്നു. വിക്രമൻ - കണ്ണന്‍ നായര്‍, മുത്തു - ആനന്ദ് മന്‍മദന്‍, പുട്ടാലു - രാഹുല്‍ നായര്‍ ആര്‍ , ലംബോധരൻ - ജിബിന്‍ ജി നായര്‍, ലൊട്ടുലൊടുക്ക് - ജിക്കുജി എയഞ്ഞിക്കന്‍, ഗുൽഗുൽമാൽ - രവി ശങ്കര്‍, ഇതിനുപുറമെ ജിബിന്‍ ജി നായരുടെ ഇരട്ടക്കുട്ടികളും ഇതില്‍ ഭാഗമായിരിക്കുന്നു. എഡിറ്റിംഗ് - രാഹുല്‍ രാധാകൃഷ്ണന്‍ , അഭയ് ചന്ദ്രന്‍. ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടേഴ്സ് - വിനേഷ് വിശ്വനാഥന്‍, കണ്ണന്‍ നായര്‍, കൈലാഷ് എസ് ഭവന്‍ , ആനന്ദ് മന്മദന്‍
അങ്ങ് അകലെ ഒരു പരീക്ഷണശാലയിൽ… ലൊട്ടുലൊടുക്ക് : "അയ്യേ..ഇവന്മാരോ...ഇവരെ കൊണ്ട് പറ്റുമോ ഇത്.." ഗുൽഗുൽമാൽ : "ഇവന്മാരേകൊണ്ടേ പറ്റൂ.." ലൊട്ടുലൊടുക്ക് : "ആ, എന്നാ ശരി...എല്ലാം വിചാരിച്ചപോലെ വന്നാൽ മതിയായിരുന്നു. ഈ വർഷം നോബൽ പ്രൈസ് അടിക്കാനുളളതാ..."
ദേ കിടക്കുന്നു, കഥയിലെ നായകന്മാർ. ഉറങ്ങി എഴുന്നേട്ടിറ്റ് ബാക്കി സമയം ഉണ്ടേൽ എന്തേലും പണിയ്ക്ക് പോകും. വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നതാണ് ഇപ്പോഴത്തെ ഇവരുടെ മെയിൻ പരിപാടി. കോർപ്പറേറ്റുകൾ അതിന് ഊബറെന്നും സ്വിഗ്ഗിയെന്നും ഒക്കെ പേരിട്ടത് ഏതായാലും ഇവർ അറിഞ്ഞിട്ടില്ല.
"എന്ത് ഉറക്കമാണോ എന്തോ ഇത്... ഇവന്മാരെ വിളിച്ചെഴുന്നേൽപ്പിക്കുന്നതിലും എളുപ്പമാണ് ഗൂഗിൾ പേയിൽ രംഗോലി കിട്ടാൻ....ആഹ്… ഒരു പണി ചെയ്യാം.. പോസ്റ്റ് കവർ വാതിലിൽ തിരുകി വെച്ചിട്ട് , കോളിങ് ബെല്ലടിച്ചിട്ടു പോകാം…വേണേൽ വന്ന് നോക്കട്ട്…"
മുത്തു : "ദൈവമേ.. ആരാ രാവിലെ തന്നെ..അബ്രാം കൊറേശ്ശി ആയിരിക്കുമോ.. " എന്നാൽ കേവലമൊരു കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് തുറക്കാനുള്ളതല്ല തന്റെ കണ്ണ് എന്ന ബോധം വിക്രമനുള്ളതുകൊണ്ട് അയാൾ ഉറക്കം തുടർന്നു.
വിക്രമൻ : "ഓപ്പറേഷൻ അനന്തയിലേയ്ക്ക് സ്വാഗതം. നിങ്ങളുടെ തലവര മാറ്റാൻ താൽപര്യമുണ്ടെങ്കിൽ മാത്രം പാളയം മാർക്കറ്റിൽ പോകുക. അവിടെ ഈ കീറിയ പത്തുരൂപയുടെ മറ്റേ ഭാഗവുമായി എന്റെ സ്ലീപ്പർ സെൽ പയ്യൻ നിൽപ്പുണ്ട്. ബാക്കി വിവരങ്ങൾ അവൻ തരും.ഈ ഒരൊറ്റ വർക്കോടെ നിങ്ങളുടെ ലൈഫ് മാറാൻ പോകുന്നു. ഇതൊക്കെ ഇത്ര ഉറപ്പോടെ പറയാൻ ഞാൻ ആരാണെന്ന് നിങ്ങൾ ഉടനെ അറിയും." മുത്തു : " വാടാ.. പാളയത്തോട്ട് വിടാം…"
വിക്രമൻ : " എന്തോന്നടേ…" മുത്തു : "അല്ല, കാൾ വന്നു.." വിക്രമൻ : " മാസ്സ് ലുക്ക് പിടിച്ചു വണ്ടിയിലിരിക്കുമ്പോഴാണോ കാൾ.. കോപ്പ്..മൂഡ് പോയി.."
വിക്രമൻ : " ആരായിരുന്നു ഫോണിൽ..?" മുത്തു : "ലവനാണ്...ലുട്ടാപ്പി.. ആ മായാവി വീണ്ടും കുപ്പീന്ന് ചാടി പോയത്രേ.." വിക്രമൻ : " 1984 മുതലേ ഇത് തന്നെ അവസ്ഥ. എത്ര വട്ടം പറഞ്ഞതാണ് ആ ചില്ലുകുപ്പി മാറ്റിയിട്ട് വല്ല അക്വാഫീനയുടെ പ്ലാസ്റ്റിക്ക് ബോട്ടിലും മേടിക്കാൻ..അപ്പോ തള്ളയ്ക്കും, കെളവനും ഒടുക്കത്തെ പരിസ്ഥിതി ബോധം... " മുത്തു : "ഓഹ്, പറയുംപോലെ അവർ രണ്ടും എവിടെ....കാണാൻ ഇല്ലല്ലോ…. " വിക്രമൻ : " ഹാ..അവർ ഉണ്ടായിരുന്നേൽ ഇതിലും മുന്നേ മായാവി ചാടി പോയേനെ..നീ ചുമ്മാതിരി..."
വിക്രമൻ : "അണ്ണാ… ഒരാളെ തപ്പി ഇറങ്ങിയതാ..ഒന്ന് സഹായിക്കോ..?" കടക്കാരൻ : "ആ.നോക്കാം...അടയാളം പറ…" മുത്തു : " ഒരു കീറിയ പത്തുരൂപ നോട്ട് കൈയ്യിൽ പിടിച്ചോണ്ട് നിൽക്കുന്നവനാണ്.." കടക്കാരൻ : " കീറിയ പത്തുരൂപയാ... ആളെ വടിയാക്കാൻ ഓരോന്ന് രാവിലെ ഇറങ്ങിക്കോളും പുലിത്തോലുമണിഞ്ഞ്….ഇവിടിനി കീറാൻ ജട്ടി മാത്രമേയുള്ളൂ..." വിക്രമൻ : "പക്ഷേ, അണ്ണൻ പച്ച പിടിച്ചിട്ടുണ്ടല്ലോ.." മുത്തു : " അതെന്ത് നീ അങ്ങനെ പറഞ്ഞത്..?" വിക്രമൻ : "അല്ല, കയ്യിൽ ഒരു പച്ച പാത്രം പിടിച്ചിട്ടാണല്ലോ എന്ന്.. മുത്തു : " തൊഴാം ഞാൻ.. സ്ലീപ്പിങ് സെൽ പയ്യനെ കണ്ടാൽ ഇമ്മാതിരി കോമഡിയൊന്നും അടിച്ചേക്കല്ലേ.." വിക്രമൻ : "ശെടാ...ഇവിടെന്ന് ആ സ്ലീപ്പിംഗ് പയ്യനെ എങ്ങനെ കണ്ടുപിടിക്കാനാണോ…" മുത്തു : "നോക്കാന്ന്.."
വിക്രമൻ : " എന്തായാലും തന്നു.. എന്നാപ്പിന്നെ കീറാത്ത പത്ത് രൂപ ആയിരുന്നേൽ വരുന്നവഴിയ്ക്ക് ഒരു സിസർ ഫിൽറ്റർ കട്ട് അടിച്ചു ബാക്കിയ്ക്ക് 2 സെന്റർ ഫ്രഷും മേടിക്കാമായിരുന്നു.." മുത്തു : "ഇതെന്ത് സാധനം..." വിക്രമൻ : "ഇത് മറ്റേ.. വിമാനത്തിന്റെയൊക്കെ ബ്ലാക്ക് ബോക്‌സ് ആണെന്ന് തോന്നുന്നു.കണ്ടില്ലേ, കറുത്ത നിറം…" മുത്തു : "അതിന് അത് ഓറഞ്ച് നിറത്തില്ലല്ലേ.." വിക്രമൻ : "ഡേയ്..നീ അടങ്ങ്… നീ ഒരുപാട് സീരിസുകൾ കാണുന്നുണ്ട് ഈയിടയായി…"
മുത്തു : " എടേ, ഇവിടുന്ന് ഒരു നാഴിയ ദൂരമകലെ ഒരു തുരങ്കമുണ്ട്. അതിന്റെ കറക്റ്റ് ലൊക്കേഷൻ ഇതിലുണ്ട്. നമ്മൾ അതിലൂടെ കയറിയാൽ നേരെ ചെന്നിറങ്ങുന്നത് ബി നിലവറയ്ക്ക് അകത്താണ് പോലും.." വിക്രമൻ : " എങ്കിപിന്നെ തുരങ്കം കുഴിച്ചവന് നിധി എടുത്താൽ പോരായിരുന്നോ? " മുത്തു : "ങേ..അത് ശരിയാണല്ലോ..ആവോ..എന്തേലും ആവട്ടെ.." വിക്രമൻ : " എന്നാലും, ഈ സാധനം എന്തിനാണെന്ന് മാത്രം മനസിലാവുന്നില്ല." മുത്തു : "യ്യോ..അത് കളയല്ലേ..കൂടെത്തന്നെ കൊണ്ട് പോണമെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്.."
മുത്തു : "സ്വർണം ഇവിടുന്ന് തൂക്കിയതിന് ശേഷം ഒരു കിലോ മാറ്റി വയ്ക്കണം കേട്ടാ..." വിക്രമൻ : "എന്തിന്.." മുത്തു : "എനിക്ക് പാലിൽ ഇട്ട് കുടിക്കാനാണ്.. മമ്മൂട്ടിയൊക്കെ അങ്ങനെയാണ്.." വിക്രമൻ : "മമ്മൂട്ടി നിലവറയിൽ കേറിയാ…" മുത്തു : "ഹോ..അതല്ല..വെളുക്കാൻ വേണ്ടി.." മുത്തു : "അപ്പോ ഈ തുരങ്കം കയറിയിറങ്ങുന്നതിലൂടെ നമ്മുടെ കഷ്ടകാലങ്ങളോട് ഗുഡ്ബൈ പറയുന്നു…" വിക്രമൻ : "നീ ആദ്യം ഗുഡ്‌ബൈ പറയേണ്ടയ് നിന്റെ ഈ ഊള ബനിയനോടാണ്.. ഞാനൊക്കെ അസ്സൽ ഫാഷൻ ടീഷർട്ട് എങ്കിലും ഇടുന്നുണ്ടെന്ന് പറയാം.. ഇതൊരുമാതിരി നീല ബനിയനും, ചുവന്ന പാന്റും… ഒരുമാതിരി ദുൽഖർ സൽമാൻ പടത്തിന്റെ പേര് പോലെ…" മുത്തു : " ഓ.. നിന്റെ ബനിയൻ പിന്നെ .. മ്യൂസിയത്ത് രാവിലെ കെളവന്മാർ നടക്കാൻ വരുമ്പോൾ ഇടുന്ന ടൈപ്പ് ഫാഷൻ.. ഞാൻ എത്ര തവണ പറഞ്ഞെന്നറിയോ മോഹനേട്ടനോട്… എന്നെയും നിന്നെയും ഒരേ ഫ്രെയിമിൽ വരയ്ക്കരുതെന്ന്.. ഡിസ്ഗസ്റ്റിംഗ്.." വിക്രമൻ : "അതൊക്കെ വിട്... തുരങ്കം മുഖ്യം മുത്തൂ.. വാ കണ്ടുപിടിക്കാം.." മുത്തു : "ഉഫ്..അതുകഴിഞ്ഞ് നമ്മക്കങ്ങ് സുഖിക്കണം…"
മുത്തു : "ഇഴഞ്ഞിഴഞ്ഞു ഒരു പരുവം ആയി..ഇത് നിലവറയിലേയ്ക്കുള്ള വഴി തന്നേടേ.. അതോ വല്ല ക്ലാസ് മുറിയിലും തുരന്ന് കയറുമോ.." വിക്രമൻ : "നീ അതിലെ ആ ബട്ടൻ അമർത്ത്.. അപ്പോൾ നിലവറയിലേയ്ക്കുള്ള വഴി തെളിയും. അങ്ങനെയല്ലേ ആ പേപ്പറിൽ എഴുതിയിരുന്നത്...ഞാൻ ലൈറ്റർ കത്തിക്കാം.." മുത്തു : " ആ..ബട്ടൺ കണ്ടു... " വിക്രമൻ : "അമക്ക്…" ….ഭും… ( ബിജിഎം കേൾക്കാൻ ഇത് വീഡിയോ അല്ല..ഫോട്ടോസ്റ്റോറി ആണ്.. സൗണ്ട് മനസ്സിൽ ഊഹിച്ചാൽ മതി..)
വിക്രമൻ : "എന്തുവാടെ… നിലവറ മുഴുവൻ വയലാണല്ലോ.." മുത്തു : "യ്യോ..ആകാശമൊക്കെ കാണാല്ലോ..ഇത് ഓപ്പൺ എയർ ആയിരുന്നോ.." വിക്രമൻ : " എന്തോ കൊഴപ്പമുണ്ടല്ലോ.. ഇവിടാണേൽ ആരേം കാണുന്നുമില്ലല്ലോ ചോദിക്കാൻ.."
മുത്തു : "നടന്ന് ഒരു വഴി ആയി.. വല്ലതും നടക്കുമോ.." വിക്രമൻ : " നടന്നോണ്ടിരിക്കുവല്ലേ.." മുത്തു : " പൊരിഞ്ഞ ചൂടും, ഒപ്പം ഇവന്റെയൊക്കെ കോമഡിയും… ഡേയ്, ദോ ആരോ കിടക്കുന്നു അവിടെ..." വിക്രമൻ : "അങ്ങേരോട് ചോദിക്കാം.." മുത്തു : "എന്ത് ചോദിച്ചാലും കൊഴപ്പമില്ല.. പക്ഷേ , നിധിയുടെ പങ്ക് ചോദിച്ചാൽ കൊടുക്കല്ലേ.." വിക്രമൻ : "ടാ.. ശരിക്കും നീ മോഹനേട്ടനോട് പറഞ്ഞോ, നിന്റെ കൂടെ എന്നെ വരയ്‌ക്കരുതെന്ന്.." മുത്തു : "നീ അത് ഇതുവരെ വിട്ടില്ലേടേ…"
"അയ്യോ..പുട്ടാലു.."
പുട്ടാലു : "ഹാ..നിന്റെയൊക്കെ വരവ് ഞാൻ കാത്തിരിക്കുകയായിരുന്നു." വിക്രമൻ : "ഇതെന്താ പാന്റ് ഒക്കെയായിട്ട്...കറുത്ത ജട്ടി എവിടെ…" പുട്ടാലു : "ഓഹ്..ഒന്നും പറയണ്ടന്നേ..ആ പൊളിറ്റിക്കൽ കറക്റ്റ്നെസ് ആളുകൾ കാരണം ഭയങ്കര ശല്യം.അതുകൊണ്ട് ജട്ടി ഇപ്പോൾ അകത്താക്കി.." മുത്തു : "പൊന്നണ്ണാ… ഇത് എന്താണ് സംഭവം.. .നിലവറയിലെ സ്വർണം എന്ന് പറഞ്ഞിട്ട് ഇതിപ്പോ ഏത് പട്ടിക്കാട് ആണ്..?" പുട്ടാലു : "ഡേയ്.. വിക്രമാ.... നീ താടി വളർത്തിയാ.." മുത്തു : "ഉവ്വ.. വിമല വിട്ടിട്ട് പോയേപിന്നെ വിക്രമൻ ഇങ്ങനാ... പോരാത്തതിന് , താടി വളർത്തിയാൽ മതി ഉടനെ ലൈൻ സെറ്റാവും എന്ന് ലൊട്ടുലൊടുക്ക് പറഞ്ഞതുകേട്ടിട്ടുള്ള ഓരോ പേക്കൂത്ത് വേറെയും.."
പുട്ടാലു : "ലൊട്ടുലൊടുക്ക്..മിണ്ടരുത് ആ പേര്.. ലവൻ ഒറ്റയൊരുത്തൻ കാരണമാണ് ഞാനിപ്പോൾ ഇവിടെ ഈ കാലത്ത് വന്ന് കിടക്കണത്.." മുത്തു : "അല്ല...ഏത് കാലം.." പുട്ടാലു : "ഇത് വർഷം 1970 ആണ് ഉവ്വേ.." വിക്രമൻ : "അപ്പോൾ നിലവറ ?..." പുട്ടാലു : "അതൊക്കെ അവന്മാരുടെ ടെക്ക്നിക്ക് അല്ലായിരുന്നോ.. അവർ തുരങ്കം വഴി ഉണ്ടാക്കിയ ടൈം മെഷീനിലെ ആദ്യ പരീക്ഷണവസ്തുവായിരുന്നു ഞാൻ..." വിക്രമൻ : "ഹോ..ഡാർക്ക്.." മുത്തു : "ഡേയ്...നീ അതെപ്പോ കണ്ട്.." വിക്രമൻ : "അതെന്ത്..നെറ്റ്‌ഫ്ലിക്സ് & ചില്ല് നിനക്ക് മാത്രേ പറ്റുള്ളോ..?" പുട്ടാലു : "പുല്ല്, ഒരിക്കൽ യാത്ര ചെയ്താൽ പിന്നെ തിരിച്ചുപോകാൻ അതുപയോഗിക്കാൻ പറ്റില്ല എന്നത് എന്നെ വിട്ടുകഴിഞ്ഞാണ് അവർക്ക് മനസിലായത്. നോബൽ പ്രൈസ് പോയെന്നും പറഞ്ഞ് അന്ന് കിടന്ന് കരയുന്നത് കണ്ട്…" മുത്തു : "ങേ..നിങ്ങൾ അവരെ കണ്ടോ..?" പുട്ടാലു : " ഓഹ്..ഇടയ്ക്കിടെ അവർ ആകാശത്തിൽ എന്തോ ഒരു വൃത്തം ഉണ്ടാക്കികൊണ്ട് വരും.എന്നിട്ട് അവർക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകും.തിരിച്ചൊന്നും കേൾക്കാൻ നിൽക്കില്ല." മുത്തു : "ഓഹ്..അലോപ്പതി…" വിക്രമൻ : "എണീറ്റ് പോടേ.. ടെലിപതി.."
വിക്രമൻ : "ഇനി നമ്മൾ എന്തോ ചെയ്യുമെന്ന് പറ.." പുട്ടാലു : "അതും അവർ പറഞ്ഞു. എന്നെ ഇവിടുന്ന് രക്ഷിക്കാനായി അവർ നിങ്ങളെ വിടുന്നുണ്ടെന്നും അവരുടെ കയ്യിൽ കൊടുത്തുവിടുന്ന സാധനത്തിൽ എന്റെ ഗുഹയിൽ നിന്നുള്ള വജ്രകല്ല് ഒട്ടിച്ചാൽ നമ്മക്ക് തിരിച്ചുപോകാൻ പറ്റുമെന്നും, അവർക്ക് നോബൽ പ്രൈസ് കിട്ടുമെന്നും പറഞ്ഞു." മുത്തു : "ഓഹ്..ഈ കറുത്ത സാധനമാണോ..അത് ഉണ്ടല്ലോ കയ്യിൽ....എങ്കിപിന്നെ നേരെ ഗുഹയിലേയ്ക്ക് പോകാല്ലോ അല്ലേ.." പുട്ടാലു : "അതല്ലേ പ്രശ്‌നം. കാലഘട്ടം മാറിയില്ലേ.. സ്വന്തം ഗുഹയിലേക്ക് പോകാനുള്ള വഴിയൊന്നും ഞാൻ നോക്കിയിട്ട് കാണുന്നില്ല. ആ റോഡൊക്കെ ഇനി വരും വർഷങ്ങളിൽ വെട്ടത്തേയുള്ളൂ എന്ന് തോന്നുന്നു.."
വിക്രമൻ : "ദോ, ആരോ വരുന്നു. നമ്മക്ക് അയാളോട് ചോദിക്കാം.നിങ്ങൾ പണ്ടും പേരുകേട്ട ചാത്തൻ അല്ലായിരുന്നോ..അറിയാതിരിക്കാൻ ചാൻസില്ല.." പുട്ടാലു : "നല്ല ഐഡിയ… ഞാൻ ഒളിച്ചു നിൽക്കാം.നിങ്ങൾ ഒന്ന് ചോദിക്ക്..അയാൾ എന്നെ കാണണ്ട.."
ലംബോധരൻ : "എന്താ..ആരാ നിങ്ങൾ… ഇത് എന്ത് വേഷം.." വിക്രമൻ : "അല്ല ചേട്ടാ..ഞങ്ങൾ പുട്ടാലുവിന്റെ ഗുഹ തേടി വരുന്നതാണ്...വഴി ഒന്ന് പറയാമോ.." ലംബോധരൻ : "ഹാ..പുട്ടാലുവിന്റെ ഗുഹ ആർക്കാ അറിയാത്തേ.. ഇവിടുന്ന് നേരെപോയി അടുത്ത വളവെടുത്താൽ മതി. പക്ഷേ ഗുഹയുടെ പണി നടക്കുന്നതേയുള്ളൂ..." മുത്തു : "ഓഹോ.. ശരി...ശരി..." വിക്രമൻ : " അല്ല.. ഒരു നിമിഷം… ടാ മുത്തു, നോക്കെടാ..കുട്ടൂസന്റെ ഒരു ഛായയുണ്ടല്ലേ ഇങ്ങേർക്ക്...? " ലംബോധരൻ : "ആഹാ.. എന്റെ ചെറുക്കന്റെ പേരൊക്കെ നിങ്ങൾക്ക് എങ്ങനെ അറിയാം.." മുത്തു : "ങേ.. ചെറുക്കൻ ആരെന്നാ പറഞ്ഞേ.." ലംബോധരൻ : "ഇതെന്റെ ചെറുക്കൻ കുട്ടൂസൻ...ഇത് മോള് ഡാകിനി.." മുത്തു : "ഇത്...കുട്ടൂസനാ..അയ്യോ..എന്റമ്മേ.." വിക്രമൻ : "ഡേയ്..അടങ്ങ്...ഇത് 1970 അല്ലേ.."
പുട്ടാലു : "എന്തോന്നടേ..എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാലോ ഗുഹയിലെ മുക്കും മൂലയും… ഓഹ്..നമ്മക്കിട്ടും ഉണ്ടായിരുന്നല്ലേ നിന്റെയൊക്കെ കുലതൊഴിൽ..." മുത്തു : "പുട്ടാലുവണ്ണൻ ഒരു കാര്യം മനസിലാക്കണം.. മുത്തു കട്ടതൊന്നും ഈ ബാലരമ വിട്ട് പോയിട്ടില്ല.." വിക്രമൻ : "മിണ്ടാതിരിയെടാ…" പുട്ടാലു : "ആ കല്ല് വേഗം തപ്പിയെടുക്ക്...ഇതെന്താ പുറത്തൊരു കാൽപെരുമാറ്റം കേൾക്കുന്നത്..ആരോ വരുന്നു… വേഗമാവട്ടെ.."
പുട്ടാലു(ജട്ടി) : " ആരെടാ നീയൊക്കെ...എന്റെ ഗുഹയിൽ കയറി കളിക്കാൻ.."
മുത്തു : "ഓഹോ..ഇതെപ്പോ നിങ്ങൾ ഗുഹയിൽ കണ്ണാടിയൊക്കെ വച്ചത് പുട്ടാലു അണ്ണാ.." വിക്രമൻ : " മണ്ടത്തരം വിളമ്പല്ലേ..ഇത് ജട്ടിയല്ലേ..പാന്റ് അല്ലല്ലോ.. അങ്ങേര് ഡ്രസ് മാറിയതാണ്.." പുട്ടാലു : "ഒച്ച വയ്ക്കാതിരിക്കിനെടാ മണ്ടന്മാരേ.. ഇത് ഞാനല്ല..ഞാൻ ചിരഞ്ജീവിയല്ലേ.. ഇത് പഴയ ഞാൻ ആണ്… എന്നെപോലെയല്ല ഇങ്ങേര്.. കട്ട കലിപ്പാണ്..നീ പെട്ടെന്ന് കല്ല് കണ്ടുപിടിയെടാ..ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നുതന്നെ എനിക്ക് ഇടി കിട്ടും..." മുത്തു : " പഴയ പുട്ടാലുവാ… അപ്പൊ രണ്ട് പുട്ടാലുവാ.." വിക്രമൻ : " എടാ..ഇത് ഈ കാലഘട്ടത്തിലെ പുട്ടാലു ആണെന്ന്.. ദ ഒറിജിനൽ വൺ… വെട്ടൊന്ന് മുറി രണ്ട് ടീമാണ്.. നമ്മക്ക് പണിയാണ്… കല്ല് നോക്കെടാ വേഗം.."
വിക്രമൻ : "ടാ.. നല്ല തിളക്കമുണ്ടല്ലോ...ഇത് ആണോ സാധനം…" മുത്തു : "ആയിരിക്കും.. വേറെ ഒന്നും തപ്പിയിട്ട് കിട്ടിയില്ലല്ലോ…" പുട്ടാലു (പാന്റ്) : "കമൽഹാസന്റെ ആളവന്താൻ പടം ഓർമ്മവരുന്നു.." പുട്ടാലു (ജട്ടി) : "കമൽഹാസനോ..ആരെടാ അവൻ..വിളിക്ക്.. ഏതോ ഒരു മൂർത്തി നിന്റെയൊക്കെ പിന്നിലുണ്ടായിരുന്നെന്ന് ഞാൻ ഊഹിച്ചിരുന്നു.."
മുത്തു : "ഇത് തന്നെയാണ് സാധനം… വാ വെളിയിൽ ഇറങ്ങ്..രക്ഷപ്പെടാം.." വിക്രമൻ : "പുട്ടാലു അണ്ണാ.. കല്ല് കിട്ടി...വേഗം വാ.. നമ്മൾ പുറത്തുണ്ട്.."
ലംബോധരൻ : "ശെടാ..ഇവർ എന്തിനാ ഇങ്ങനെ കിടന്ന് ഓടുന്നത്..ചുമ്മാ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി എന്റെ പിള്ളേരെ കരയിപ്പിക്കുമോ ഇവർ.."
പുട്ടാലു (പാന്റ്) : "കല്ല് വയ്ക്കടാ വിക്രമാ..എന്നിട്ട് ബട്ടൺ അമർത്ത്..." വിക്രമൻ : " ഈശ്വരാ… പുട്ടാലു അടുത്തെത്തി….'' പുട്ടാലു (ജട്ടി ) : "അച്ഛന് യാത്രകൾ ഇഷ്ട്ടമാണെന്ന് താളിയോലയിൽ എഴുതിയപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല...നില്ലെടാ അവിടെ.."
മുത്തു : "പുട്ടാലു അണ്ണാ...നിന്ന് രവിവർമ്മയുടെ ശകുന്തള കളിക്കാതെ വേഗം ഓടി വാ… എന്റെ കയ്യിൽ പിടി…വിക്രമൻ അപ്പുറത്ത് എത്തി...."
ലംബോധരൻ : "രാജൂ.. നീ പേടിച്ചോ.. അയ്യയ്യേ.. ദേ.. രാധയെ നോക്ക്..അവൾ കരയുന്നില്ലല്ലോ.. ഹഹ… നോക്കെടീ .. കുട്ടൂസാ... കരയല്ലേടാ..."
ങേ..രാജു കുട്ടൂസനും... രാധ ഡാകിനിയുമോ... അപ്പോ ഈ ലംബോധരൻ ആര്‍.. രാജൂ..രാധേ എന്ന് വിളിക്കുകയും ചെയ്തല്ലോ അങ്ങേര്... അതെങ്ങനെ ശരിയാവും.. ഇത്രയും ചോദ്യങ്ങൾക്ക് ഒരുമിച്ച് ഉത്തരം തരാൻ ശ്രീകണ്ഠൻ നായർക്ക് മാത്രമേ സാധിക്കൂ. അല്ലേലും ഫസ്റ്റ് പാർട്ടിൽ തന്നെ ഫുൾ സ്റ്റോറി കിട്ടിയാൽ അതിലെന്ത് സുഖം...
ഗുൽഗുൽമാൽ : " ഹഹ.. ഇത്തവണ നമ്മൾക്ക് നോബൽ പ്രൈസ് ഉറപ്പാണ്.. വർഷം മുന്നോട്ടും ട്രാവൽ ചെയ്യാൻ പറ്റി...ദേ മെഷീനിൽ ലൈറ്റ് കത്തി..." ലൊട്ടുലൊടുക്ക് : "പണികിട്ടിയെടാ.." ഗുൽഗുൽമാൽ : "എന്താ.." ലൊട്ടുലൊടുക്ക് : "വർഷം മുന്നോട്ട് പോയി എന്നത് ശരിയാണ്..പക്ഷേ അത് നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.അവർ ഇപ്പോൾ നിൽക്കുന്നത് 2070 ൽ ആണ്..." ഗുൽഗുൽമാൽ : "അയ്യോ.. എന്ന് വച്ചാൽ..?" ലൊട്ടുലൊടുക്ക് : "എന്ന് വച്ചാൽ.... ഇത് താൻ ഇന്ത ടൈം ലൂപ്പിൻ മുതൽ അദ്ധ്യായം… കഥ , ഇനിമേൽ താൻ ആരംഭിക്കപോറത്…"
Undisclosed location. മുത്തു : "ഈ ഫ്ലാറ്റിന്റെ പണി ഇതുവരെ കഴിഞ്ഞില്ലേ…" വിക്രമൻ : "ഇതെവിടെയാ വന്നിറങ്ങിയത്..ശുക്രനിലോ…" പുട്ടാലു : "പുളുത്തി കെടക്കണ്…"