മൗനം വിദ്വേഷപ്രചാരണം നടത്താനുള്ള അവകാശമല്ല, രൂക്ഷമായി പ്രതികരിച്ച് റിയ ചക്രബര്‍ത്തി
സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഭീഷണികള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് സുശാന്ത് സിംഗിന്റെ മുൻ കാമുകി റിയ ചക്രബര്‍ത്തി. വിദ്വേഷപ്രചരണം ആര്‍ക്കും നേരിടേണ്ടി വരരുത് എന്നും നടപടിയെടുക്കാൻ സൈബര്‍ ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നതായും റിയ ചക്രബര്‍ത്തി പറയുന്നു.
നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമെന്ന് ഞാന്‍ ഉറപ്പാക്കും. അതിനായി ആളുകളെ അയയ്ക്കുംഎന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ ആളോട് ആണ് റിയ ചക്രബര്‍ത്തി മറുപടി പറഞ്ഞത്.
സ്വര്‍ണം കുഴിക്കുന്നവള്‍ എന്ന് എന്നെ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. കൊലപാതകിയെന്ന് കുറ്റപ്പെടുത്തി. അപ്പോഴും പ്രതികരിച്ചില്ല. ലൈംഗികാധിക്ഷേപങ്ങള്‍ നടത്തി, അപ്പോഴും ഞാന്‍ മൗനം പാലിച്ചു. എന്നാല്‍ തന്റെ മൗനം എങ്ങനെയാണ് നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നത് എന്നാണ് റിയ ചക്രബര്‍ത്തി ചോദിക്കുന്നത്.
എന്റെ മൗനം എങ്ങനെയാണ് എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമുണ്ടോ. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള വിഷപ്രചരണവും അധിക്ഷേപവും ആര്‍ക്കും ഇനി നേരിടേണ്ടി വരരുത്. ഇതില്‍ നടപടിയെടുക്കാന്‍ സൈബര്‍ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും റിയ ചക്രബര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പറയുന്നു.
സുശാന്ത് സിംഗിന്റെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴായിരുന്നു നടി അദ്ദേഹത്തെ കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പുമായി രംഗത്ത് എത്തിയത്. വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നുവെന്നായിരുന്നു റിയ ചക്രബര്‍ത്തി പറഞ്ഞത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്‍തിരുന്നു.
ജൂൺ 14നാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് മരണത്തിന് മുമ്പ് ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തില്‍ റിയ ചക്രബര്‍ത്തിയുമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.