'വിജയിയുടെ പിന്‍ഗാമി' വിശേഷണം കിട്ടിയ ശിവകാര്‍ത്തികേയന്‍ സ്വന്തം പടം സ്പെഷ്യല്‍ ഷോ ഒരുക്കിയത് സ്റ്റാലിന് !
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് തന്‍റെ ചിത്രം അമരന്‍റെ പ്രത്യേക ഷോ സംഘടിപ്പിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍
വിജയ്‍യും ശിവകാര്‍ത്തികേയനും
വിജയ് നായകമായി അടുത്തിടെ ഇറങ്ങിയ ഗോട്ട് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഇതില്‍ വിജയ് തോക്ക് ശിവയ്ക്ക് കൈമാറുന്ന രംഗം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന ദളപതി വിജയ്‍യുടെ സിനിമയിലെ പിന്‍ഗാമിയാണ് ശിവകാര്‍ത്തികേയന്‍ എന്ന് വ്യാപകമായി തമിഴ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇത് നിഷേധിച്ച് ശിവ തന്നെ രംഗത്ത് എത്തിയിട്ടും ഈ സംസാരത്തിന് കുറവൊന്നും ഇല്ല.
അമരന്‍
അതിനിടെയാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അമരന്‍ റിലീസാകുന്നത്. തമിഴ്നാട്ടില്‍ വന്‍ പ്രതീക്ഷയോടെയാണ് ചിത്രം എത്തുന്നത്. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആര്‍മി ഓഫീസറായ 'മുകുന്ദ്' ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. രജ് കുമാര്‍ പെരിയസാമിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ജിവി പ്രകാശ്കുമാറാണ് സംഗീത സംവിധാനം.
അതേ സമയം റിലീസിന് തൊട്ട് തലേ ദിവസം ശിവകാര്‍ത്തികേയനും ചിത്രത്തിന്‍റെ സംവിധായകന്‍ രജ് കുമാര്‍ പെരിയസാമിയും മറ്റ് അണിയറക്കാരും ചേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അമരന്‍റെ പ്രത്യേകത ഷോ നടത്തിയതാണ് ഇപ്പോള്‍ തമിഴകത്തെ സംസാരം.
ശിവകാര്‍ത്തികേയനും സംവിധായകന്‍ രജ് കുമാര്‍ പെരിയസാമിക്കും പുറമേ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഷോയില്‍ എത്തി. ഉദയനിധി മുന്‍ ഉടമസ്ഥനായ റെഡ് ജൈന്‍റ് ഫിലിംസാണ് ചിത്രത്തിന്‍റെ തമിഴ്നാട് വിതരണക്കാര്‍. കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ വിക്രം തൊട്ട് പങ്കാളികളാണ് റെഡ് ജൈന്‍റ്.
തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപിക്കാണ് അമരന്‍. 2014 ഏപ്രില്‍ 25ന് ദക്ഷിണ കശ്മീരിലെ ഒരു ഗ്രാമത്തില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ മുകുന്ദ് വരദരാജന്‍ വീരമൃത്യു വരിക്കുകയായിരുന്നു. രാജ്യം അദ്ദേഹത്തിന് അശോക ചക്ര നല്‍കി ആദരിച്ചു. ചിത്രം വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് സ്റ്റാലിന്‍ പറഞ്ഞതായാണ് വിവരം.
44 രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനില്‍ ആയിരുന്നു മേജര്‍ മുകുന്ദ് വരദരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. സോണി പിക്ചേര്‍സും ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. മേജര്‍ മുകുന്ദിന്‍റെ ഭാര്യ റബേക്കയായാണ് സായി പല്ലവി എത്തുന്നത്.