12000 നർത്തകർ, 550 ഗുരുക്കന്മാർ, ദൈർഘ്യം 8 മിനിറ്റോളം; ഗിന്നസിൽ മുത്തമിട്ട് ദിവ്യ ഉണ്ണിയും സംഘവും
മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ എത്തിയ താരം, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ, സോഷ്യല്‍ മീഡിയയിലും നൃത്തലോകത്തും വളരെ സജീവമാണ്. ഇപ്പോഴിതാ തന്റെ നൃത്ത കരിയറിൽ പുത്തൻ ചരിത്രം കൂടി രചിച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.
മൃദംഗനാദം എന്ന പേരിൽ കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യം ഗിന്നസ് വേൾഡ് റെക്കോർഡിൽ എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ദിവ്യ ഉണ്ണി കൊറിയോഗ്രാഫി ചെയ്ത നൃത്തത്തിന് ലീഡ് ചെയ്തതും താരം തന്നെയായിരുന്നു.
മൃദംഗനാദം എന്ന പേരിലാണ് ഒരുകൂട്ടം കലാകാരമ്മാർ ഒന്നിക്കുന്ന ഭരതനാട്യം നടന്നത്. ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്. കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മൃദംഗനാദം ഭരതനാട്യത്തിൽ പങ്കുകൊണ്ടു.
മൃദംഗനാദത്തിൽ പങ്കാളികളായ ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വന്നവരാണ് നൃത്തം ചെയ്തത്. ഒരു മാസമായി ഇവര്‍ കുട്ടികളെ റെക്കോര്‍ഡ് ഡാന്‍സ് പഠിപ്പിക്കുന്നുണ്ട്.
ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു.
മൃദംഗനാദത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഗാനം എഴുതിയത്. ദീപാങ്കുരന്‍ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ശങ്കര്‍ ആണ്. ഭഗവാൻ ശിവന്റെ താണ്ടവത്തെ വർണിക്കുന്ന ഗാനമാണിത്.
8 മിനിറ്റ് നീണ്ട റെക്കോർഡ് ഭരതനാട്യം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്. പിന്നാലെയായിരുന്നു നൃത്തം അരങ്ങേറിയത്.
കല്യാൺ സിൽക്സ് ആണ് നൃത്തവിരുന്നിനായി സാരികൾ നെയ്തു നൽകിയതെന്ന് ദിവ്യ ഉണ്ണി പറഞ്ഞു. 12500 സാരികളാണ് ഈ റെക്കോർഡ് നൃത്തത്തിന് അവർ നെയ്ത്.
"ഒരുപാട് ഒരുപാട് സന്തോഷം. 12000ത്തോളം കുടുംബാഗങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്നിത് സാധ്യമായത്. ഈശ്വരന് നന്ദി. നിങ്ങൾ ഓരോരുത്തരോടും നന്ദി. കുട്ടികൾക്ക് വേണ്ടി അവരുടെ കലയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അവരെ ഇതിന് വേണ്ടി തയ്യാറാക്കിയ ഓരോ അച്ഛനും അമ്മക്കും എന്റെ പ്രണാമം", എന്നാണ് ഗിന്നസ് റെക്കോർഡ് വാങ്ങിയ ശേഷം ദിവ്യ ഉണ്ണി പറഞ്ഞത്.
"സാമ്പത്തികമൊന്നും നോക്കാതെ, കലയെ മാത്രം സ്നേഹിച്ചുകൊണ്ട് ഞങ്ങൾക്കൊപ്പം നിന്ന 550ലേറെ ഗുരുക്കന്മാർക്ക് എന്റെ പ്രണാമം. നിങ്ങളുടെ പരിശ്രമം കൊണ്ടാണിത് യാഥാർത്ഥ്യമായത്. എല്ലാവരോടും ഒത്തിരി നന്ദി", എന്നും ദിവ്യ ഉണ്ണി കൂട്ടിച്ചേർത്തു.
divya unni
10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ഗിന്നസ് വേൾഡ് റെക്കോർഡ്. ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും മടങ്ങുന്നത്.