സിനിമാ പ്രേമികളുടെ വണ്ടികള്‍ പുറപ്പെട്ടുതുടങ്ങി; അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്കൊരുങ്ങി തിരുവനന്തപുരം
രണ്ട് ദിവസത്തിന് ശേഷം തലസ്ഥാനനഗരി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖരിതമാകും. വിവിധ ഭാഷകളിലും ജോണറിലും സംവിധായകരുടെയും എല്ലാം സിനിമകൾ കാണാൻ ഒട്ടനവധി സിനിമാസ്വാദകരാണ് തലസ്ഥാനത്തേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്.
മേളയോട് അനുബന്ധിച്ചുള്ള ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങിയത്.
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെ യും പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു.
പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും.
മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെയാണ് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുന്നത്.
ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 170ൽ പരം സിനിമകളും 450 ഓളം പ്രദർശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഇത്തവണത്തെ മേളയിൽ വനിത സംവിധായകർക്കും ഏറെ പ്രധാന്യം നൽകുന്നുണ്ട്.
ആകെ 12 സിനിമകളാണ് മലയാള സിനിമ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത ‘അപ്പുറം’ എന്നീ സിനിമകൾ രാജ്യാന്തര മത്സര വിഭാഗത്തിലും പ്രദർശിപ്പിക്കും.
എ പാൻ ഇന്ത്യൻ സ്റ്റോറി (വി സി അഭിലാഷ്), മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു), വെളിച്ചം തേടി (കെ റിനോഷുൻ), കിഷ്കിന്ധാ കാണ്ഡം (ദിൻജിത് അയ്യത്താൻ), കിസ് വാഗൺ (മിഥുൻ മുരളി), പാത്ത് (ജിതിൻ ഐസക് തോമസ്), സംഘർഷ ഘടന (ആർ കെ കൃഷാന്ത്), മുഖക്കണ്ണാടി (സന്തോഷ് ബാബുസേൻ, സതീഷ് ബാബുസേനൻ), വതൂസി സോംബി (സിറിൾ ഏബ്രഹാം ഡെന്നിസ്) എന്നിവയാണ് മലയാളം സിനിമ ടുഡേയിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുചിത്രങ്ങളും സംവിധായകരും.