Bigg Boss: ഒറ്റപ്പെടലിനൊടുവില്‍, ബിഗ് ബോസിനോടും 'ഗെറ്റ് ഔട്ട്' പറഞ്ഞ് റിയാസ് സലീം
ബിഗ് ബോസ് വീട് വീണ്ടും കളറായി. മിനിയാന്നത്തെ എപ്പിസോഡില്‍ തുടങ്ങിയ വീക്കിലി ടാസ്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇന്നലെയും. ബിഗ് ബോസ് പറയുന്ന പ്രകാരം 'നിയമം മാത്രം നോക്കി കളിക്കുന്ന' മത്സരാര്‍ത്ഥികള്‍ ഇന്നലെത്തെ എപ്പിഡോസിന്‍റെ തുടക്കത്തില്‍ തന്നെ വളരെ ബിസിയായിരുന്നു. 'നയാ പൈസയില്ല... കൈയില്ലൊരു നയാ പൈസയില്ല...' എന്ന പാട്ടോടെയാണ് ഇന്നലത്തെ എപ്പിസോഡ് തുടങ്ങിയത്. മറ്റ് മത്സരാര്‍ത്ഥികള്‍ രാവിലത്തെ ചായ കുടിച്ച് പുറത്ത് ഗാര്‍ഡനിലിരിക്കുമ്പോള്‍ ഒരാള്‍ മാത്രം വീടിനകത്ത് ഓടി നടന്ന് ഏന്തോ രഹസ്യമായി തപ്പിനടക്കുകയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിനകത്തെത്തിയ റിയാസ് സലീമായിരുന്നു അത്. എപ്പിസോഡിന്‍റെ തുടക്കത്തില്‍ റിയാസ് സലീം കാണിച്ച ആവേശത്തിന് നേരെ എതിരായിരുന്നു എപ്പിസോഡിന്‍റെ ഒടുവിലത്തെ റിയാസ് സലീമിന്‍റെ പ്രകടനം. തന്‍റെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥിയായ ജാസ്മിനില്‍ നിന്ന് പോലും ഒറ്റപ്പെട്ട് വീടിനകത്തിരുന്ന ഏങ്ങലടിക്കുന്ന റിയാസിലായിരുന്നു ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്.
ബിഗ് ബോസ് എറിഞ്ഞു നല്‍കുന്ന കോയിനുകള്‍ ശേഖരിക്കുകയായിരുന്നു ടാസ്ക്. അതില്‍ തന്നെ വ്യത്യസ്ത കളറുള്ള കോയിനുകള്‍ക്ക് വ്യത്യസ്ത വിലയാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ശേഖരിക്കുന്ന കോയിനുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ പോയന്‍റ് ലഭിക്കുന്നയാള്‍ക്ക് ചില സവിശേഷ അധികാരങ്ങള്‍ ലഭിക്കും. മാത്രമല്ല, ഈ കളിയില്‍ വിജയിക്കുന്നയാള്‍ക്ക് അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്കിലും പങ്കെടുക്കാം.
രാവിലെ തന്നെ വീടിനകത്ത് അസ്വസ്ഥനായി നടക്കുന്ന റിയാസിനെ കണ്ട് പുറത്തിരുന്ന അഖില്‍ ഇവനിതെന്താണ് കാണിക്കുന്നതെന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഇതിന് മറുപടിയായി മിണ്ടാതിരിക്കാനാണ് ജാസ്മിന്‍ അഖിലിനോട് പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോയിന്‍ കലക്റ്റ് ചെയ്തവരില്‍ ഒരാളായ ദില്‍ഷ, സ്വന്തം കോയിന്‍ എണ്ണി നോക്കാനായി ക്യാപ്റ്റന്‍റെ അനുവാദത്തോടെ റൂമിലേക്ക് പോയി.
തിരിച്ചെത്തിയ ദില്‍ഷ, തന്‍റെ കൈയിലുണ്ടായിരുന്ന 910 ഓളം വിലയുള്ള കോയിനുകള്‍ , രാവിലെ ആയപ്പോഴേക്കും വെറും നൂറ്റിച്ചില്ലറ കോയിനുകളായി കുറഞ്ഞെന്ന് ക്യാപ്റ്റന്‍ ബ്ലെസ്ലിയോട് പരാതിപ്പെട്ടു. ഈ സമയം ഇന്നലെ രാത്രി മുറിയിലൂടെ ആരൊക്കെയോ നടക്കുന്നതായി താന്‍ സ്വപ്നം കണ്ടതല്ല, മറിച്ച് യാഥാര്‍ത്ഥ്യമായിരുന്നെന്നും ആരൊക്കെയോ രാത്രിയില്‍ മോഷണത്തിന് ഇറങ്ങിയിരുന്നെന്നും കുട്ടി അഖില്‍ മറ്റുള്ളവരോട് പറഞ്ഞു.
തന്‍റെ കോയിന്‍ നഷ്ടപ്പെട്ടതിന്‍റെ പേരില്‍ ആരും വഴക്ക് കൂടരുതെന്ന് ബ്ലെസ്ലിയോടും റോബിനോടും ദില്‍ഷ ആവശ്യപ്പെട്ടു. തൊട്ട് തലേ ദിവസം റിയാസിന്‍റെ നാണയം കാണാതെ പോയപ്പോള്‍ സൂക്ഷിച്ച് വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അതുകൊണ്ട് ഇന്ന് ഈ പ്രശ്നത്തില്‍ വഴക്കുണ്ടാക്കാന്‍ കഴിയില്ല എന്നായിരുന്നു റോബിന്‍റെ യുക്തി. ദില്‍ഷ താന്‍ കഷ്ട്ടപ്പെട്ട് സമ്പാദിച്ച നാണയം കാണാത്തതിനാല്‍ കരയാന്‍ തുടങ്ങി. മറ്റുള്ളവര്‍ കാണുമെന്നും കരയരുതെന്നും റോബിന്‍ ഈസമയം ദില്‍ഷയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
ദില്‍ഷ, ബ്ലെസ്ലിയോടും റോബിനോടും തന്‍റെ നാണയം നഷ്ടപ്പെട്ടതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാസ്മിനും ആ മുറിയിലുണ്ടായിരുന്നു. പതിനൊന്നോളം മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നിട്ടും ദില്‍ഷയുടെ നാണയം മാത്രമാണ് മോഷണം പോയത്. തന്‍റെ നാണയം മോഷ്ടിച്ച് ആരെങ്കിലും ക്യാപ്റ്റനാവുകയാണെങ്കില്‍ ആകട്ടെയെന്നും ദില്‍ഷ ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എത്തിക്ക്സ് സംസാരിക്കുന്ന ജാസ്മിന്‍റെ നിലപാട് തനിക്കറിയണമെന്നും ദില്‍ഷ, റോബിനോട് പറഞ്ഞു.
ഇതിനിടെ സ്മോക്കിങ്ങ് റൂമില്‍ വച്ച് ജാസ്മിന്‍, റിയാസിനോട് ക്യാപ്റ്റന്‍റെ റൂമില്‍ ആരും കയറരുതെന്ന് ബ്ലെസ്ലി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ അവിടെ കയറി മോഷണം നടത്തിയതില്‍ സാങ്കേതികമായി തെറ്റില്ലെന്നും ന്യായീകരിച്ചു. തന്‍റെ ഭാഗം ന്യായീകരിക്കാനായി റിയാസ് ശ്രമിച്ചെങ്കിലും തനിക്കത് കേള്‍ക്കാന്‍ താത്പര്യമില്ലെന്ന് ജാസ്മിന്‍, റിയാസിനെ അറിയിച്ചു.
'I respect your game'എന്നാണ് ഇതിന് റിയാസ് നല്‍കുന്ന മറുപടി. ഞാന്‍ പറഞ്ഞാല്‍ പോലും ജാസ്മിന്‍ കേള്‍ക്കാറില്ലെന്നും എന്നാല്‍, ബിഗ് ബോസ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും അല്ലാതെ എത്തിക്സ് വിട്ട് Completely am not ruined anyone's life. ഞാനങ്ങനെ ആരെയും വിഷമിപ്പിക്കില്ല. എന്നായിരുന്നു റിയാസിന്‍റെ മറുപടി. അതോടൊപ്പം തന്‍റെ നാണയം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഞാന്‍ സംരക്ഷിക്കാത്തത് കൊണ്ടാണെന്ന് ബ്ലെസ്ലിയും ദില്‍ഷയും തന്നോട് ഇന്നലെ പറഞ്ഞിരുന്നെന്നും റിയാസ് പ്രതികരിച്ചു.
ഞാന്‍ Coin എടുത്തിട്ടുണ്ടെങ്കില്‍ the same way നിങ്ങള്‍ സംരക്ഷിക്കണമായിരുന്നു, റിയാസിന്‍റെ തന്‍റെതായ ന്യായീകരണമുണ്ടായിരുന്നു. ഈ സമയം ഇന്നലെ വീണ്ടും നായണ വേട്ട പുനരാരംഭിക്കുമെന്നും ഇത്തവണ ചില പന്തുകള്‍ കൂടി ഉണ്ടാകുമെന്നും ഈ പന്തുകള്‍ ചില പ്രത്യേക അധികാരങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുമെന്നും ബിഗ് ബോസിന്‍റെ അറിയിപ്പ് വന്നു. ഈ പന്തുകള്‍ക്ക് മത്സരാര്‍ത്ഥികളുടെ വീക്കിലി ടാസ്കിലെ സ്ഥാനങ്ങളെ മാറ്റിമറിക്കാനുള്ള അധികാരമുണ്ടാകുമെന്നും ബിഗ് ബോസ് അറിയിച്ചു.
തുടര്‍ന്ന് മത്സരം പുനരാരംഭിക്കുകയും മത്സരത്തിനൊടുവില്‍ ഓരോരുത്തര്‍ക്കും ലഭിച്ച പോയന്‍റുകള്‍ പറയാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. അഖില്‍ തനിക്ക് ലഭിച്ച നാണയം 576 ആണെന്ന് അറിയിച്ചു. അതിന് ശേഷം ദില്‍ഷയുടെ അവസരമായിരുന്നു. ഈ അവസരം ദില്‍ഷ ബുദ്ധിപരമായി തന്നെ ഉപയോഗിച്ചു. വളരെ ശാന്തയായി തനിക്ക് ലഭിച്ചരുന്ന നാണയം 910 നാണയങ്ങളായിരുന്നെന്നും എന്നാല്‍ രാത്രി ഇരുട്ടി വെളിത്തപ്പോള്‍ തന്‍റെ കൈവശം വെറും 285 കോയിനുകളാണ് ബാക്കി ഉണ്ടായിരുന്നതെന്നും ദില്‍ഷ പറഞ്ഞു.
തുടര്‍ന്ന്, താന്‍ ആരുടെയും കോയിന്‍ മോഷ്ടിച്ചിട്ടില്ലെന്നും അധ്വാനിച്ചാണ് ഓരോ കോയിനും ശേഖരിച്ചതെന്നും ദില്‍ഷ അറിയിച്ചു. തന്‍റെ കോയിന്‍ ആരെടുത്താലും തനിക്ക് കുഴപ്പമില്ലെന്നും അങ്ങനെ മോഷ്ടിച്ചെടുത്തയാള്‍ ഇവിടെ ക്യാപ്റ്റനായി തുടരുന്നത് തനിക്ക് കാണണമെന്നും കാരണം അതില്‍ തന്‍റെ കഷ്ടപ്പാടുകൂടിയുണ്ടെന്നും ദില്‍ഷ അറിയിച്ചു. ആരാണ് തന്‍റെ കോയിന്‍ എടുത്തതെന്ന് താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍, അങ്ങനെ കോയിന്‍ മോഷ്ടിച്ചെടുത്തയാള്‍ വിജയിച്ച് കാണമെന്ന് ദില്‍ഷ മറ്റുള്ളവരോടായി പറഞ്ഞു.
ഇതിനിടെ റിയാസ് മുഖത്ത് ചില ഭാവവ്യത്യാസങ്ങള്‍ വരുത്തിയപ്പോള്‍ താന്‍ എല്ലാവരോടും കൂടിയാണ് പറയുന്നതെന്നും അതിന് ഇത്രയും എക്സ്പ്രഷന്‍ വാരി വിതറേണ്ടെന്നും ദില്‍ഷ, റിയാസിനോട് പറഞ്ഞു. 'അയ്യോ, ഞാന്‍.... Allways dramatic expression വന്നോണ്ടിരിക്കും What you say' എന്നായിരുന്നു റിയാസിന്‍റെ ചിരിച്ച് കൊണ്ടുള്ള മറുപടി.
910 കോയിന്‍സായിരുന്നു തനിക്ക് ഇന്നലെ കിട്ടിയതെന്നും എന്നാല്‍ 285 ബാക്കി വച്ചിട്ട് ബാക്കിയുള്ളത് ആരോ ഒരാള്‍ കട്ടെടുത്തെന്നും നഷ്ടപ്പെട്ടവ മാറ്റി നിര്‍ത്തി ഇന്നത്തെ കൂടി നാണയങ്ങള്‍ കൂട്ടിചേര്‍ക്കുമ്പോള്‍ 515 കോയിനുകള്‍ തന്‍റെ കൈയിലുണ്ടെന്നും അപ്പോള്‍ Ethics ഒക്കെ കറക്റ്റല്ലേ ജാസ്മിന്‍ എന്നും ദില്‍ഷ, ജാസ്മിനോട് ചോദിച്ചു. ജാസ്മിനെ മാനസികമായി പെടുത്താനുള്ള ദില്‍ഷയുടെ നീക്കം വിജയം കണ്ടു.
എത്തിക്സിന്‍റെ കാര്യം പറഞ്ഞത് കൊണ്ട് തനിക്കും പറയണമെന്ന് ഇടയ്ക്ക് കയറി പറഞ്ഞ റിയാസ്, തന്‍റെ കോയിന്‍ നഷ്ടപ്പെട്ടപ്പോള്‍ റിയാസ് സംരക്ഷിക്കണമായിരുന്നെന്ന് ഇന്നലെ ബ്ലെസ്ലിയോടൊപ്പം ചോര്‍ന്ന് ദില്‍ഷ തന്നെയല്ലേ പറഞ്ഞതെന്ന് വിളിച്ച് പറഞ്ഞു. ഈ സമയം ജാസ്മിന്‍റെ എത്തിക്സ് കറക്ടാണെന്ന് ജാസ്മിനും വിളിച്ച് പറയുന്നുണ്ടായിരുന്നു.
ദില്‍ഷ പറഞ്ഞത് പോലെ ദില്‍ഷ, ദില്‍ഷയുടെ കോയിന്‍ സംരക്ഷിക്കണമായിരുന്നെന്ന് റിയാസ് ഇതിനിടെ പല ആവര്‍ത്തി വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു. തുടര്‍ന്ന് സൂരജ് തന്‍റെ കൈവശമുള്ള കോയിന്‍ 635 ആണെന്ന് പറഞ്ഞപ്പോള്‍ അല്ല 636 എന്ന് സൂരജിന്‍റെ മത്സരസഹായിയായ റോബിന്‍ തിരുത്തി പറഞ്ഞു.
വിനയ് 408, റിയാസ് സലീം 700, ജാസ്മിന്‍ 1074, ലക്ഷ്മി പ്രിയ 288, റോണ്‍സണ്‍ 423, സുചിത്ര 609, എന്നിങ്ങനെയായിരുന്നു മറ്റ് മത്സരാര്‍ത്ഥികളുടെ നാണയവേട്ട. ഇതിനിടെ ഭാഗ്യ പന്ത് ലഭിച്ചത് ദില്‍ഷയ്ക്കാണെന്ന് ദില്‍ഷ അറിയിച്ചു. തുടര്‍ന്ന് പന്ത് തുറന്ന് വ്യക്തമായി വായിക്കാന്‍ ബിഗ് ബോസ് അറിയിച്ചു.
'നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വ്യക്തി കരസ്ഥമാക്കിയ പോയന്‍റുകളുടെ 50 % കുറയ്ക്കാം'. എന്നായിരുന്നു ദില്‍ഷയ്ക്ക് കിട്ടിയ ഭാഗ്യപന്തില്‍ എഴുതിയിരുന്നത്. 'ദൈവം എന്ന് പറയുന്ന ഒരാള്‍ ഇവിടെയുണ്ട്' എന്നായിരുന്നു ദില്‍ഷയുടെ ആദ്യ പ്രതികരണം. സ്വാഭാവികമായും തനിക്കെതിരെയുള്ള പണിയാണ് വരുന്നതെന്ന് മനസിലാക്കിയ റിയാസ് , ദില്‍ഷയ്ക്ക് double stand ആണെന്ന് പ്രഖ്യാപിച്ചു.
ഈയൊരു വാദത്തില്‍ പിടിച്ച് സംഗതി 'കളറാക്കാന്‍' റിയാസ് സലീം തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്തു. ബിഗ് ബോസ് ആരുടെ പോയന്‍റില്‍ നിന്നാണ് കുറയ്ക്കേണ്ടതെന്ന് ദില്‍ഷയോട് ചോദിച്ചു. എനിക്ക് നഷ്ടപ്പെട്ട നാണയങ്ങള്‍ ഇങ്ങ് തന്നേക്കെന്ന് പറഞ്ഞ് റിയാസിന്‍റെ പോടിയത്തിന് സമീപമെത്തിയ ദില്‍ഷ നാണയങ്ങള്‍ എണ്ണി നോക്കിയപ്പോള്‍ അതില്‍ പറഞ്ഞ പ്രകാരം 700 നാണയങ്ങള്‍ ഇല്ലായിരുന്നു.
നാണയങ്ങളുടെ കുറവ് ദില്‍ഷ ചൂണ്ടിക്കാണിച്ചപ്പോള്‍, അത് തനിക്ക് എണ്ണാനറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്നും നിലവില്‍ തന്‍റെ കൈയില്‍ ഇത്രമാത്രമേയുള്ളൂവെന്നുമായിരുന്നു റിയാസിന്‍റെ മറുപടി. ഇതിനിടെ ജാസ്മിന്‍ റിയാസിനടുത്തെത്തി Over dramatic വേണ്ടെന്ന് പറയുന്നുണ്ടായിരുന്നു. തന്‍റെ കൈയില്‍ 330 മാത്രമേയുള്ളൂവെന്നും ഇല്ലാത്ത പോയന്‍റ് നല്‍കാനാകില്ലെന്നും റിയാസ് വാശിപിടിച്ചു.
റിയാസ് മറ്റ് മത്സരാര്‍ത്ഥികളെയും മണ്ടന്മാരാക്കാന്‍ നോക്കുകയാണെന്ന ധാരണ പരന്നതോടെ ജാസ്മിനടക്കമുള്ള മത്സരാര്‍ത്ഥികള്‍ റിയാസിനെതിരെ തിരിഞ്ഞു. മോഷ്ടിച്ച്, ഒളിപ്പിച്ച് വച്ച എല്ലാ പോയന്‍റുകളും പുറത്തെടുക്കാന്‍ ജാസ്മിനും അഖിലും വിനയ് മാധവും റിയാസിനോട് ആവശ്യപ്പെട്ടു.
ഇതോടെ റിയാസ് പറഞ്ഞ പോയന്‍റുകള്‍ വയ്ക്കാതെ ഇനി കളിക്കേണ്ടെന്ന് പറഞ്ഞ അഖില്‍ മാറി നിന്നു. മറ്റ് മത്സരാര്‍ത്ഥികളും കളിക്കളത്തില്‍ നിന്ന് മാറി പല സ്ഥലങ്ങളിലായി ഇരുപ്പുറപ്പിച്ചു. മത്സരാര്‍ത്ഥികളെല്ലാം തനിക്കെതിരാണെന്ന് മനസിലാക്കിയ റിയാസ്, അഖിലിനോട് വീട്ടിനുള്ളില്‍ കോയിനുണ്ടെന്നും അതെത്രയാണെന്ന് താന്‍ എണ്ണിയിട്ടില്ലെന്നും അറിയിച്ചു.
റിയാസ് വീട്ടിനുള്ളിലേക്ക് പോയി പല സ്ഥലങ്ങളിലായി ഒളിപ്പിച്ച് കുറച്ച് കോയിനുകള്‍ തപ്പിയെടുത്തു. സൂരജിന്‍റെ ബെഡ്ഡിനടിയില്‍ നിന്ന് റിയാസ് കോയിന്‍ തപ്പിയെടുക്കുമ്പോള്‍ നീ എന്റെ ബെഡ്ഡിനടിയിലാണ് കോയിന്‍ വച്ചിരുന്നതെങ്കില്‍ ഞാന്‍ കട്ടത് പോലോയാകില്ലേയെന്ന് ജാസ്മിന്‍ ചോദിച്ചു. തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്ത്താമോയെന്നായിരുന്നു അസ്വസ്ഥനായ റിയാസിന്‍റെ മറുപടി.
ഇതിനിടെ റിയാസ് മോഷ്ടിച്ച് തന്നെ ഏല്‍പ്പിച്ച കോയിനുകള്‍ റോണ്‍സണ്‍ എടുത്ത് കൊടുത്തു. എന്നാല്‍ അതില്‍ ദില്‍ഷയുടെ കൈയില്‍ നിന്നും നഷ്ടപ്പെട്ട വില കൂടിയ ബ്ലാക്ക് കോയിനുകള്‍ ഇല്ലായിരുന്നു. അതിനെ കുറിച്ച് ചോദിച്ചതും റിയാസിനെ ചൊടിപ്പിച്ചു. കണ്ടെടുത്ത കോയിനുകള്‍ കൂട്ടി ചേര്‍ത്തിട്ടും താന്‍ പറഞ്ഞ 700 കോയിനുകള്‍ ഒപ്പിക്കാന്‍ റിയാസിന് കഴിഞ്ഞില്ല.
ഇതിനിടെ തനിക്കൊരു ഭാഗ്യ പന്ത് കിട്ടിയെന്നും അത് തുറക്കുകയാണെന്നും ജാസ്മിന്‍ പറഞ്ഞു. ബിഗ് ബോസ് പറയാതെ അത് തുറക്കരുതെന്നായിരുന്നു റിയാസിന്‍റെ ഉപദേശം. എന്നാല്‍, ജാസ്മിന്‍ പന്ത് തുറക്കുകയും അതില്‍ ഒന്നുമില്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് റിയാസ് മോഷ്ടിച്ച കോയിനുകള്‍ പുറത്തെടുക്കാന്‍ താന്‍ പ്രയോഗിച്ച ഒരു തന്ത്രം മാത്രമായിരുന്നു അതെന്ന് ജാസ്മിന്‍ മറ്റ് മത്സരാര്‍ത്ഥികളുടെ മുന്നില്‍ വച്ച് പറഞ്ഞു.
ഇതിനിടെ റിയാസില്‍ നിന്ന് 337 കോയിനുകള്‍ കുറച്ചെന്ന് ദില്‍ഷ ബിഗ് ബോസിനെ അറിയിച്ചു. കുറച്ച കോയിനുകള്‍ സ്റ്റോ റൂമില്‍ വയ്ക്കാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം. ബാക്കി 338 പോയന്റുകളാണ് റിയാസിന്‍റെ കൈവശമുള്ളതെന്നും അടുത്ത ഘട്ടത്തില്‍ റിയാസ് എടുക്കുന്ന കോയിനുകള്‍ താന്‍ നോക്കികൊള്ളാമെന്നും ക്യാപ്റ്റനായ ബ്ലെസ്ലി വിളിച്ച് പറഞ്ഞു.
നിന്നെ അതിന് ഇവിടെ ബിഗ് ബോസ് എല്‍പ്പിച്ചിട്ടില്ലെന്നും നീയാരായെന്നും your out of the game. get out. ഇറങ്ങിപോ ഇവിടുന്ന് എന്നും റിയാസ് ആക്രോശിച്ചു. തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പോയന്‍റ് കൈവശമുള്ള ജാസ്മിനോട് ആരെയാണ് പുറത്താക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിഗ് ബോസ് ചോദിച്ചു.
ദില്‍ഷയില്‍ നിന്നും നേരത്തെ ആരോപണം നേരിട്ട ജാസ്മിന്‍, വളരെ ഡിപ്ലോമാറ്റിക്കായിട്ടായിരുന്നു തീരുമാനമെടുത്തത്. സൂരജിനാണ് ജാസ്മിനെക്കാള്‍ കുറവ് പോയന്‍റ് ലഭിച്ചിരുന്നത്. എന്നാല്‍ ഗെയിം സ്പിരിറ്റ് ഇവിടെ എടുക്കുന്നില്ലെന്ന് അറിയിച്ച ജാസ്മിന്‍ സൂരജിനെ ക്യാപ്റ്റന്‍ മത്സരാര്‍ത്ഥിയായി കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ സുചിത്ര, ജാസ്മിനെ വിളിച്ച് അഖിലിന്റെ കൈയില്‍ ക്യാപ്റ്റന്‍ മത്സരാര്‍ത്ഥിയായ ഒരാളെ കളിയില്‍ നിന്നും പുറത്താക്കാനുള്ള പ്രത്യേക അധികാരമുണ്ടെന്നും അതിനാല്‍ അഖിലിനെ പുറത്താക്കാനും ആവശ്യപ്പെട്ടു.
സുചിത്രയുടെ ഉപദേശം സ്വീകരിച്ച ജാസ്മിന്‍ അഖിലിനെ കളിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് അഖില്‍ തന്‍റെ കോയിനുകള്‍ സൂരജിന് സമ്മാനിക്കുകയും താന്‍ സുചിത്രയെ പിന്തുണയ്ക്കുകയാണെന്നും അറിയിച്ചു. ഇതോടെ കളിയില്‍ ഏറ്റവും കൂടുതല്‍ പോയന്റുള്ള മത്സരാര്‍ത്ഥിയായി സൂരജ് മാറി.
സൂരജ് ആരെയാണ് കളിയില്‍ നിന്നും പുറത്താക്കുന്നതെന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. ഈ സമയം റിയാസിനെ പുറത്താക്കാന്‍ അഖില്‍ സൂരജിനോട് ആവശ്യപ്പെട്ടു. കളിയില്‍ ഫെയര്‍ ഗെയിം കളിക്കാതെ നുണ പറഞ്ഞ റിയാസിനെ താന്‍ പുറത്താക്കുന്നതായി സൂരജ് അറിയിച്ചു. ബിഗ് ബോസ് കോയിന്‍ മോഷ്ടിക്കാമെന്ന് പറഞ്ഞിരുന്നെന്നും താന്‍ അതാണ് ചെയ്തതെന്നും അങ്ങനെയെങ്കില്‍ ബിഗ് ബോസാണോ ഇവിടെ അണ്‍ഫെയര്‍ എന്നും ചോദിച്ച റിയാസ്, ബിഗ് ബോസിനോടും 'GET OUT' പറഞ്ഞു.
താന്‍ ക്യാപ്റ്റന്‍സി ടാസ്കില് നിന്നും പുറത്ത് പോവുകയാണെന്ന് തിരിച്ചറിഞ്ഞ റിയാസ്, ജാസ്മിനോട് നീ കാരണമാണ് ഞാന്‍ ഈ ഗെയിമില്‍ നിന്നും പുറത്ത് പോകുന്നതെന്ന് പരാതിപ്പെട്ടു. ഇതിനിടെ കളിയില്‍ നിന്നും പുറത്ത് പോയ റിയാസിനോട് ആര്‍ക്കാണ് കോയിന്‍ നല്‍കുന്നതെന്ന് ബിഗ് ബോസ് ചോദിച്ചു. റിയാസ്, റോണ്‍സണിന്റെ അടുത്ത് പോയി താന്‍ കോയിന്‍ തന്നാല്‍ ക്യാപ്റ്റന്‍സിക്ക് വേണ്ട് ശക്തമായി മത്സരിക്കാമോയെന്ന് ആരാഞ്ഞു. റോണ്‍സണ്‍ പതിവുപോലെ താന്‍ ക്യാപ്റ്റനായതാണെന്ന നനഞ്ഞ ഉത്തരമാണ് നല്‍കിയത്.
അത് വിഷയമല്ലെന്നായിരുന്നു റിയാസിന്‍റെ മറുപടി. തനിക്ക് സുചിത്ര ക്യാപ്റ്റനാകാനാണ് ആഗ്രഹമെന്നും ലക്ഷ്മി പ്രിയ ഇതുവരെ ക്യാപ്റ്റന്‍ ആയിട്ടില്ലെന്നും റോണ്‍സണ്‍ അറിയിച്ചു. എന്നാല്‍ അഖില്‍ പറഞ്ഞിട്ടാണ് സൂരജ് തന്നെ പുറത്താക്കിയതെന്നും അതിനാല്‍ ആ സഖ്യത്തിലുള്ള സുചിത്രയ്ക്ക് താനെന്തിന് കോയിന്‍ നല്‍കണമെന്നുമായിരുന്നു റിയാസിന്‍റെ മറുപടി.
ഇതോടെ തന്‍റെ കൈയിലുള്ള കോയിന്‍ റോണ്‍സണ്‍ നല്‍കുന്നെന്നും അതോടൊപ്പം തന്‍റെ സെല്‍ഫ് റെസ്പെക്റ്റ് മറന്ന് താന്‍ ജാസ്മിനെ കളിയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പിന്തുണയ്ക്കുമെന്നും റിയാസ് അറിയിച്ചു. എന്നാല്‍, താന്‍ നല്ല അന്തസായി കളിച്ചാണ് മുന്നേറുന്നതെന്നും തനിക്ക് റിയാസിന്‍റെ സഹായം ആവശ്യമില്ലെന്നുമായിരുന്നു ജാസ്മിന്‍റെ മറുപടി.
മാത്രമല്ല, നീ ദില്‍ഷയോട് തെട്ടിത്തരം കാണിച്ചെന്നും അതിനാല്‍ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്യണമെന്നും ജാസ്മിന്‍ റിയാസിനെ ഉപദേശിച്ചു. എന്നാല്‍ ദില്ഷയുടെത് double stand ആണെന്നായിരുന്നു റിയാസിന്‍റെ മറുപടി. ഈ സമയം താന്‍ നിന്നെ സഹായി ആക്കണമെങ്കില്‍ മര്യാദയ്ക്ക് പെറുക്കിയെടുക്കുന്ന കോയിന്‍ മാത്രമേ എടുക്കൂവൂവെന്ന് ജാസ്മിന്‍ റിയാസിനോട് ആവശ്യപ്പെട്ടു.
താന്‍ മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായി എന്ന് തോന്നിയ റിയാസ് തന്‍റെ കൈയിലുള്ള കോയിനുകള്‍ വലിച്ചെറിഞ്ഞ് താനൊരു മോശം ആളാണെന്നും മറ്റ് മത്സരാര്‍ത്ഥികളെല്ലാം മഹാന്മാരാണെന്നു വിളിച്ച് പറഞ്ഞു. ഈ സമയം റിയാസ് എറിഞ്ഞു കളഞ്ഞ കോയിനുകള്‍ ഏടുക്കുന്നതിലായിരുന്നു സുചിത്ര, ധന്യ, വിനയ്, സൂരജ് എന്നീ മത്സരാര്‍ത്ഥികളുടെ ശ്രദ്ധ.
തുടര്‍ന്ന് റിയാസ്, വൈകാരികമായി സംസാരിച്ച് തുടങ്ങി. ഇതിനിടെ താന്‍ അത്രയും നേരം ഷൂവിനുള്ളില്‍ ഒളിപ്പിച്ച കോയിനുകളും റിയാസ് വലിച്ചെറിഞ്ഞു. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കടന്ന റിയാസിനെ മറ്റ് മത്സരാര്‍ത്ഥികള്‍ ആശ്വസിപ്പിക്കാനായി എത്തിയെങ്കിലും റിയാസ് എല്ലാവരോടും തര്‍ക്കത്തിലേര്‍പ്പെട്ടു. അതിനിടെ അയാളുടെ തൊണ്ട ഇടറി. കണ്ണുകള്‍ നിറഞ്ഞു. ജാസ്മിന്‍ തന്നെ Humiliate ചെയ്തെന്ന് പറഞ്ഞ് റിയാസ് കരച്ചിലാരംഭിച്ചു. അതിനിടെയിലും റിയാസ് ബ്ലെസ്ലിയെ തെറി വിളിച്ചു.
റിയാസിനെ ആശ്വസിപ്പിക്കാനെത്തിയ ജാസ്മിന്‍ നിലവില്‍ താന്‍ ഏറ്റവും അധികം വെറുക്കുന്ന റോബിനും റിയാസും തമ്മില്‍ നിലവില്‍ വ്യത്യാസമില്ലെന്നും തനിക്കൊരു എത്തിക്ക്സ് ഉണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. എന്നാല്‍, ജാസ്മിന്‍ തന്നെ Humiliate ചെയ്തെന്ന് റിയാസ് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അപ്പോഴോക്കെ റിയാസ് താന്‍ പറയുന്നത് കേള്‍ക്കാറില്ലെന്നും അതിനാലാണ് റിയാസിന്‍റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞതെന്നും ജാസ്മിന്‍ വ്യക്തമാക്കി. എന്നാല്‍ ഒരു സുഹൃത്തെന്ന നിലയില്‍ റിയാസിനെ താന്‍ സ്നേഹിക്കുന്നെന്നും ജാസ്മിന്‍ പറഞ്ഞു.
ഇതിനിടെ ക്യാപ്റ്റനെന്ന നിലയില്‍ റിയാസിനോട് തെറി വിളിക്കരുതെന്ന് ആവശ്യപ്പെട്ട് ബ്ലെസ്ലി രംഗത്തെത്തി. എന്നാല്‍, ബ്ലെസ്ലിയോട് തന്‍റെ മുന്നില്‍ നിന്ന് പോകാനായിരുന്നു റിയാസ് ആവശ്യപ്പെട്ടത്. റിയാസിന് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടെങ്കില്‍ തന്നോട് പറഞ്ഞാല്‍ മതിയെന്നും താന്‍ ബിഗ് ബോസിനെ അറിയിക്കാമെന്നും പറഞ്ഞ ബ്ലെസ്ലി, റിയാസിനോട് തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ഈച്ച കയറുന്നത് കൊണ്ട് വാതില്‍ അടയ്ക്കുകയാണെന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതോടെ ഇന്നലത്തെ എപ്പിസോഡ് ബിഗ് ബോസ് അവസാനിപ്പിച്ചു.