Bigg Boss: മത്സരം മുറുകുന്നു; റോബിനെതിരെ കരുക്കള്‍ നീക്കി ജാസ്മിനും ഡെയ്സിയും
ഓരോ ദിവസം കഴിയുന്തോറും മലയാളം ബിഗ് ബോസ് സീസൺ നാലിന്റെ നിറം മാറി മറിയുകയാണ്. ഈ ആഴ്ചയിലെ നോമിനേഷനും വീക്കിലി ടാസ്ക്കുകളും മത്സാർത്ഥികളുടെ മത്സരബുദ്ധി എത്രത്തോളമാണെന്ന് തെളിയിച്ചു കഴിഞ്ഞു. കളിയും ചിരിയും തർക്കങ്ങളുമൊക്കെ ആയി ബിഗ് ബോസ് മലയാളം 13മത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ക്യാപ്റ്റന്‍സി ടാസ്ക്ക് ആയിരുന്നു ഇന്നലത്തെ ഹൈലൈറ്റ്. നിമിഷയോടും അപര്‍ണയോടും ഏറ്റമുട്ടി ദില്‍ഷ ഈ ആഴ്ചയിലെ ക്യാപ്റ്റനാകുക ആയിരുന്നു. കളിയും ചിരിയും കൂടെ ഇത്തിരി വികൃതികളുമായി പുരോഗമിക്കുന്ന ബിഗ് ബോസ് ഹൗസിലേക്ക്...
ഹിറ്റ് മലയാള ഗാനങ്ങളിൽ ഒന്നായ 'കണ്ടോ ഇവിടെയിന്ന് കുരുവികൾക്ക് മംഗലം' എന്ന പാട്ടോടെയാണ് ഇന്ന് ബിഗ് ബോസ് വീട് ഉണർന്നത്. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ആസിഫ് അലി ചിത്രത്തിലെ ഗാനത്തിന് മനോഹരമായ നൃത്ത ചുവടുകള്‍ മത്സരാർത്ഥികൾ കാഴ്ച വച്ചു.
വളരെ രസകരമായൊരു മോണിംഗ് ആക്ടിവിറ്റി ആയിരുന്നു ബിഗ് ബോസ് ഇന്ന് മത്സരാർത്ഥികൾക്ക് നൽകിയത്. ഒരാൾ ഒരു വാചകത്തിൽ കഥ പറഞ്ഞ് തുടങ്ങുകയും മറ്റുള്ളവർ അതിനോട് ബന്ധപ്പെടുത്തി കഥ തുടരുക എന്നതായിരുന്നു മോണിംഗ് ടാസ്ക്.
ധന്യ ആയിരുന്നു വിധി കർത്താവ്. കഥ പറയുന്നതിൽ വീഴ്ച വരുത്തുന്നവര്‍ക്ക് ധന്യ രസകരമായ ശിക്ഷ നൽകണമെന്നും ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. ശേഷ നടന്ന ടാസ്ക്കിൽ ഇംഗ്ലീഷ് പറഞ്ഞ ഡെയ്സി പുറത്താകുകയും ചെയ്തു.
ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച് ജയിലിൽ പോയവരാണ് ഡെയ്സിയും ഡോ. റോബിനും. ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇരുവരും ഇന്നലെ ജയിൽ മോചിതരാകുകയും ചെയ്തു.
മിനിയാന്ന് ജയില്‍ വാസത്തിനിടെയാണ് ഡോ. റോബിൻ, ഡെയ്‍സിയോട് ജാസ്‍മിനെ കുറിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. എന്തുകൊണ്ടാണ് ജാസ്‍മിൻ തന്നോട് ശത്രുത കാട്ടുന്നത് എന്നറിയാമോയെന്ന് ഡോ. റോബിൻ ഡെയ്‍സിയോട് ചോദിക്കുന്നു.
റോബിന് ഈ സംശയം ഏറെ നാളായുള്ളതാണ്. ബോഗ് ബോസ് ഹൗസില്‍ പലപ്പോഴും പലരോടായി റോബിനിത് പറയുകയും ചെയ്തിരുന്നു. 'ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, എന്തിനാണ് ജാസ്‍മിന് എന്‍റെയടുത്ത് ഇത്ര കലിപ്പ്?. എനിക്ക് ഇപ്പോഴും അത് മനസിലാകുന്നില്ല.
'ഈ ഒരു സംഭവം എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും അവളെ ശല്യപ്പെടുത്താനോ വഴക്കു കൂടാനോ ഞാൻ നിന്നിട്ടില്ല. അവള്‍ പറഞ്ഞ പല കാര്യങ്ങളും ഞാൻ ക്ഷമിച്ച് ഇരിക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍ ഇത് ഒരു ഷോ ആണ് എന്നതുകൊണ്ടു മാത്രമാണ്.'
'എന്‍റെ പരിധി ഞാൻ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് മാത്രം. മറുപടി പറയാൻ അറിയാത്തതുകൊണ്ടോ, പ്രതികരിക്കാൻ കഴിയാത്തതുകൊണ്ടോ അല്ല. ചിലപ്പോള്‍ നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട സ്ഥിതി വരും. പക്ഷേ അവള്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും. അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് നിന്നില്‍ നിന്ന് അറിയണം' ഡോ. റോബിൻ, ഡേയ്‍സിയോട് പറഞ്ഞു.
ഡോ. റോബിനോട് തന്‍റെ അഭിപ്രായം ഡെയ്‍സി പറയുന്നതും ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. 'ഞാനും നീയുമൊക്കെ ആണെങ്കില്‍ ഗെയ്‍മിനെ അതിന്‍റെ സ്‍പിരിറ്റില്‍ എടുക്കും. ഉന്തും തള്ളും ആണെങ്കില്‍ പോലും. അവള്‍ക്ക് എന്നോടുണ്ടായ ദേഷ്യം നിന്നോടുണ്ടായത് പോലെയായിരുന്നു.'
'പാവയുടെ ടാസ്‍കിന്‍റെ കേസില്‍ നീ നിമിഷയുടെ കയ്യില്‍ നിന്ന് വാങ്ങി, എന്തോ പറഞ്ഞിട്ട്. നീ പ്രവോക്ക് ചെയ്യാൻ എല്ലാവരുടെയിടത്തും കുറെ കാര്യങ്ങള്‍ ചെയ്‍തു. അതുകൂടി ആയപ്പോള്‍ അവള്‍ക്ക് വലിയ ദേഷ്യം വന്നു' എന്നായിരുന്നു ഡെയ്‍സിയുടെ മറുപടി.
ഒരു ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ പുറത്തിറങ്ങിയ ഡെയ്സിയുടെ ചർച്ചയാകട്ടെ റോബിനെ ചുറ്റിപ്പറ്റിയായിരുന്നു. നിമിഷ, ജാസ്മിൻ എന്നിവരാണ് ചർച്ചയിൽ ഡെയ്സിക്കൊപ്പമുണ്ടായിരുന്നത്. ഡോക്ടർക്ക് തങ്ങൾ അല്ലാതെ പുതിയ ശത്രുക്കൾ ഉണ്ടോയെന്ന് നിമിഷ മറ്റ് രണ്ട് പേരോടും ചോദിക്കുന്നു.
നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മത്സരത്തിൽ ശരിയാണെന്നും എന്നാൽ മനുഷ്യത്വം എന്ന കാര്യം ആരും കാണിച്ചില്ലെന്നും റോബിനോട് പറഞ്ഞതായി ഡെയ്സി പറഞ്ഞു. എല്ലാവരും ജയിക്കാനാണ് നിൽക്കുന്നതെന്നും കുറച്ച് കഴിയുമ്പോൾ എല്ലാവരും മത്സര ബുദ്ധിയോടെ മുന്നോട്ട് പോകുമെന്നും ഡെയ്സി മുന്നറിയിപ്പ് കൊടുത്തു.
എന്നാൽ, ഡോക്ടർ ഫേയ്ക്ക് ആണെന്നായിരുന്നു ജാസ്മിന്‍റെ മറുപടി. എന്ത് ചെയ്തിട്ടാണെങ്കിലും ജയിക്കണം എന്ന ചിന്തയാണ് അയാൾക്കുള്ളതെന്നും ജാസ്മിൻ ആവര്‍ത്തിച്ചു. ഇയാള്‍ ഭയങ്ക ഫേക്കാണെന്നും ജാസ്മിന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലെ ആദ്യകാലം മുതല്‍ ജാസ്മിന്, ഡോ.റോബിനോട് അല്‍പം നീരസം ഉണ്ടായിരുന്നു.
ജാസ്മിനാകട്ടെ അതൊരിക്കലും മറച്ച് വച്ചിട്ടുമില്ല. എന്നാല്‍ ജാസ്മിനോട് മത്സരിക്കാനാണ് റോബിൻ നോക്കുന്നതെന്നായിരുന്നു ഡെയ്സിയുടെ മറുപടി. ദിൽഷ, അപർണ, നിമിഷ എന്നിവരായിരുന്നു ഈ ആഴ്ചയിലെ ക്യാപ്റ്റൻസിക്കായി മത്സാരിക്കാനെത്തിയത്.
ഗാർഡൻ ഏരിയിയിൽ സങ്കീർണ്ണമായ രീതിയിൽ മൂന്ന് കയറുകൾ നിശ്ചിത അകലമുള്ള ഫ്രെയിമുകളിൽ ചുറ്റിയിട്ടുണ്ടാകും. അരയിൽ ബന്ധിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള കയറുകളും ഉണ്ടാകും. മത്സരാർത്ഥികൾ കയർ അരയിൽ ബന്ധിപ്പിച്ച ശേഷം കുരുക്കഴിച്ച് മുന്നിൽ വച്ചിരിക്കുന്ന ബസറിൽ അമർത്തുക എന്നതായിരുന്നു ടാസ്ക്.
പിന്നീട് ബിഗ് ബോസിൽ നടന്നത് വാശിയേറിയ ക്യാപ്റ്റൻസി ടാസ്ക് ആയിരുന്നു. മൂവരിൽ നിന്നും ദിൽഷ വിന്നറാവുകയും ഈ ആഴ്ചയിലെ ക്യാപ്റ്റനായി താരത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷോയിലെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ കൂടിയാണ് ദിൽഷ.
ഇതിനിടെ അവനവൻ ഏങ്ങിനെയാണോ അങ്ങനെ തന്നെ ബിഗ് ബോസിൽ നിൽക്കണമെന്ന് ഡോ. റോബിനോട് ദിൽഷ ഉപദേശിച്ചു. ആർട്ടിഫിഷലായാണ് നമ്മൾ ഇവിടെ നിൽക്കുന്നതെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിനെക്കാൾ നല്ലത് നമ്മൾ നമ്മളായി തന്നെ നിൽക്കുക എന്നതാണെന്നും ദിൽഷ ഡോക്ടറോട് പറയുന്നു.
ഇത്തവണത്തെ ഡെയ്‍ലി ടാസ്ക്കിന്‍റെ പേരായിരുന്നു 'പുലിവാൽ'. എല്ലാവർക്കും ധരിക്കാനായി വാലുകൾ പിടിപ്പിച്ച കൃത്രിമവാലുകള്‍ ഉണ്ടായിരിക്കും. ബസർ ശബ്ദം കേൾക്കുമ്പോൾ അവരവർ സ്വന്തം വാലുകളെ സംരക്ഷിക്കുകയും മറ്റുള്ളവരുടേത് ഏത് വിധേനയും വലിച്ചൂരി കളയുക എന്നതുമാണ് ടാസ്ക്.
അവസാനം വാലുമായി ആരാണോ അവശേഷിക്കുന്നത് അവരാകും ടാസ്ക്കിലെ വിജയി. ക്യാപ്റ്റനായ ദിൽഷയായിരുന്നു വിധി കർത്താവ്. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു ഹൗസിൽ നടന്നത്. ആദ്യത്തെ ഘട്ടത്തിൽ ഏഴ് പേർ മത്സരത്തിൽ നിന്നും പുറത്തായിരുന്നു.
ഏറ്റവും ഒടുവിൽ സുചിത്രയും ജാസിമിനും തമ്മിലുള്ള പോരാട്ടമായിരുന്നു നടന്നത്. ഒടുവിൽ ജാസിമിന്‍റെ വാല് വലിച്ചൂരി സുചിത്ര വിജയശ്രീലാളിതയായി. സ്വന്തം വാല് എല്ലാവരില്‍ നിന്നും സംരക്ഷിച്ച സുചിത്രക്ക് ബിഗ് ബോസ് പ്രത്യേക സമ്മാനമായി ലഡുവും നൽകി.