Bigg Boss: റോബിന് ഡെയ്സിയുടെ 'സൈക്കോ' വിളി; ബിഗ് ബോസ് വീട്ടില്‍ അങ്കക്കലി
ബിഗ് ബോസ് വീട്ടില്‍ പുകഞ്ഞ് കത്തിയിരുന്ന അസ്വസ്ഥതകള്‍ ആളിക്കത്തിയ ദിവസമായിരുന്നു ഇന്നലെ. സീസണ്‍ നാല്, പതിനെട്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഈ അങ്കക്കലിയെന്നതും ശ്രദ്ധേയം. നിറഞ്ഞ സസ്പെന്‍സിലൂടെയായിരുന്നു ഇന്നലെ ബിഗ് ബോസ് വീടിലെ അന്തരീക്ഷം കടന്ന് പോയത്. വ്യക്തിസ്വാതന്ത്രവും അടുക്കള ഭരണവുമായിരുന്നു ഇന്നലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പതിവ് പോലെ ലക്ഷ്മി പ്രിയയെ മുന്‍നിര്‍ത്തിയായിരുന്നു അക്രമണം മുഴുവനുമെങ്കിലും ഇടയ്ക്ക് ഡോ.റോബിന്‍റെ കടന്ന് വരവ് ക്ലൈമാക്സ് മാറ്റി മറിച്ചു.
സീക്രട്ട് റൂമില്‍ നിന്നുള്ള നിമിഷയുടെ തിരിച്ച് വരവ് രണ്ടും കല്‍പ്പിച്ചാണെന്ന് വ്യക്തമായിരുന്നു. വളരെ എക്സ്പോസീവായ വസ്ത്രധാരണമായിരുന്നു സീക്രട്ട് റൂമില്‍ കയറുന്നതിന് മുമ്പ് നിമിഷ ധരിച്ചിരുന്നതെങ്കില്‍ സീക്രട്ട് റൂമില്‍ നിന്ന് തിരിച്ച വന്ന ശേഷം നിമിഷ അത്തരത്തിലുള്ള വസ്ത്രധാരണത്തില്‍ സമൂല മാറ്റം വരുത്തി.
ഇന്നലത്തെ എപ്പിസോഡില്‍ ടാസ്കുകള്‍ക്ക് ശേഷമാണ് തന്‍റെ സിഗരറ്റ് വലിയെ കുറിച്ച് ബ്ലെസ്ലി മോഹന്‍ലാലിനോട് പരാതിപ്പെട്ടതിനെ ചൊല്ലി നിമിഷ രംഗ പ്രവേശനം ചെയ്തത്. ബിഗ് ബോസ് വീട്ടില്‍ ഓരോ വ്യക്തിക്കും വ്യക്തി സ്വാതന്ത്രമുണ്ടെന്നും വ്യക്തികളുടെ സ്വതന്ത്രത്തെയും അതിര്‍ത്തിയേയും മാനിക്കണമെന്നും നിമിഷ ബ്ലെസ്ലിയോട് പറയുന്നു.
നിമിഷയ്ക്കൊപ്പം ജാസ്മിന്‍ മൂസയും ചേര്‍ന്നതോടെ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട കുഞ്ഞാടിനെ പോലെയായി ബ്ലെസ്ലി. പലപ്പോഴും ചോരവാര്‍ന്ന ബ്ലെസ്ലിയുടെ മുഖം കാണാമായിരുന്നു. പേഴ്സണൽ ബൗണ്ടറീസിനെ ബഹുമാനിക്കണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു നിമിഷ തുടങ്ങിയത്. കുറച്ചു കാലമായി ഇതേപറ്റി എല്ലാവരോടുമായി പറയാൻ കാത്തിരിക്കുക ആയിരുന്നുവെന്നും നിമിഷ പറയുന്നു.
"ഞാൻ പുകവലിക്കുന്നത് ബ്ലെസ്ലിയുടെ മുഖത്ത് അല്ലല്ലോ വരുന്നത്. അക്കാര്യം ലാലേട്ടന്‍റെ മുന്നിൽ എടുത്ത് പറയേണ്ട ഒരു ആവശ്യവും നിനക്കില്ല. ലാലേട്ടൻ അടുത്ത് വരുമ്പോൾ അക്കാര്യത്തിൽ നീ ക്ഷമ ചോദിക്കണം. നീ എന്നെയും ജാസ്മിനെയും മാത്രമാണ് എടുത്ത് പറഞ്ഞത്. ഞങ്ങൾ അല്ലാതെ നാല് പേര് കൂടിയുണ്ട് പുകവലിക്കുന്നവർ. " നിമിഷയ്ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
"എന്തുകൊണ്ട് അവരുടെ പേര് പറഞ്ഞില്ല. ഇതൊക്കെ ഓരോരുത്തരുടെയും സ്വന്തം കാര്യമാണ്. നമ്മുടെ വീട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞതെങ്കിൽ ഒരു വിഷയവും ഇല്ല. പക്ഷേ ഇതൊരു നാഷണല്‍ ടെലിവിഷൻ ഷോയാണ്", എന്നും നിമിഷ പറയുന്നു. ഒരു ഷോയില്‍ വച്ച്, ആറ് പേര് പുകലിക്കുന്നിടത്ത് രണ്ട് പേരുടെ പേര് എടുത്ത് പറഞ്ഞ് നാണം കെടുത്തിയതെന്തിനെന്നതായിരുന്നു നിമിഷയുടെ പ്രശ്നം.
നാട്ടുകാരെല്ലാം അറിഞ്ഞ സ്ഥിതിക്ക് എനിക്ക് ഇനിയിതൊരു പ്രശ്നമല്ലെന്നും നിമിഷ പ്രഖ്യാപിക്കുന്നു. നിമിഷ വിഷയം എടുത്തിട്ടതോടെ ജാസ്മിനും മസില് പെരുപ്പിച്ചു. ഇനി മേലാൽ ഇത്തരത്തിലുള്ള കളികളിച്ചാൽ അത് സെറ്റാവില്ലെന്ന് ജാസ്മിൻ ബ്ലെസ്ലിയെ വിറപ്പിച്ച് നിര്‍ത്തി.
ബിഗ് ബോസ് വീട്ടില്‍ എനിക്ക് ഇഷ്ടപ്പെടാത്ത കാര്യമെന്തെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ് താന്‍ പറഞ്ഞതെന്ന് ദുര്‍ബലമായി ബ്ലെസ്ലി പറഞ്ഞുവച്ചു. മറ്റുള്ള പുകവലിക്കാരുടെ പേരുകള്‍ ഓര്‍മ്മവരാത്തത് കൊണ്ടാണ് പറയാതിരുന്നതെന്നും ബ്ലെസ്ലി പറഞ്ഞു. കൂട്ടത്തില്‍ ഇത്തവണ ലാലേട്ടൻ ഇതേ കുറിച്ച് ചോദിച്ചാലും ഇപ്പോൾ പുകവലിക്കുന്നവരുടെ കാര്യം ഞാൻ പറയുമെന്നും ബ്ലെസ്ലി പറഞ്ഞു.
അവനോട് പേഴ്സണൽ ആയൊരു കാര്യം ലാലേട്ടൻ ചോദിച്ചപ്പോഴല്ലേ അവനത് പറഞ്ഞതെന്നായിരുന്നു ക്യാപ്റ്റൻ കൂടിയായ ദിൽഷ പ്രശ്നം തണുപ്പിക്കാനായി പറഞ്ഞത്. എന്നാൽ ആ കാര്യം എന്‍റെ ഇമേജിനെ എത്രമാത്രം ഡാമേജ് ആക്കിയെന്ന് ബ്ലെസ്ലി ആലോചിച്ചോ എന്നായിരുന്നു ദിൽഷയ്ക്ക് നിമിഷ നൽകിയ മറുപടി.
അതിനിടെ ജാസ്മിന്‍ ഡെയ്സി സിഗരറ്റ് വലിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ, ഡെയ്സി രംഗത്ത് ഇടപെടുകയും തന്നെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും ഇപ്പോള്‍ ബ്ലെസ്ലിയും ജാസ്മിനും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നും വ്യക്തമാക്കി. എന്നാല്‍, മറ്റ് സിഗരറ്റ് വലിക്കാരുടെ പേരുകള്‍ ഷോയില്‍ പറയാനില്ലെന്നും അവരുടെ വ്യക്തി സ്വാതന്ത്രത്തെ താന്‍ മാനിക്കുന്നെന്നും നിമിഷ നയം വ്യക്തമാക്കി.
ഈ വിഷയം കേട്ടിരുന്നവരൊക്കെ വിഷയത്തിലിടപെടാന്‍ മടിച്ചു. മറ്റ് മത്സരാര്‍ത്ഥികളെല്ലാവരും മാറി നിന്ന് കളികണ്ടു. ഇതിനിടെയാണ് നിമിഷ, ലക്ഷ്മി പ്രിയയ്ക്കെതിരെ തിരിഞ്ഞത്. ക്യാമറയുടെ മുന്നിൽ നിന്ന് നിമിഷ സിഗരറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാര് ആരും കാണുന്നില്ലേയെന്ന് ലക്ഷ്മി പറഞ്ഞതാണ് നിമിഷ പ്രകോപിപ്പിച്ച മറ്റൊരു സംഗതി.
താനും ജാസ്മിനും ബിഗ് ബോസ് വീട്ടിലെത്തിയത് ഫിറ്റ്നസ് ആന്‍റ് ഫാഷന്‍ ഇന്‍ഫ്ല്യുവെന്‍സറായിട്ടാണെന്നും എന്ന് വച്ച് ഞങ്ങള്‍ സിഗരറ്റ് വലിക്കുന്നത് മറ്റൊരാളുടെ സ്വകാര്യതയെ ഇല്ലാതാക്കിയല്ലെന്നും നിമിഷ വ്യക്തമാക്കുന്നു.വ്യക്തി സ്വാതന്ത്രത്തിന് വേണ്ടിയായിരുന്നു നിമിഷയുടെ വാദം. എന്നാല്‍, ബ്ലെസ്ലിയില്‍ നിന്ന് തിരിച്ച് ശക്തമായ പ്രതികരണം ലഭിക്കാതിരുന്നതോടെ നിമിഷ, തന്‍റെ പ്രധാന എതിരാളിയായ ലക്ഷ്മി പ്രിയയ്ക്കെതിരെ തിരിഞ്ഞു.
ഞാൻ സിഗരറ്റ് വേണമെന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ചോദിച്ചാൽ അവർക്കെന്താ ? അവരുടെ തറവാട്ടില്‍ നിന്നും കൊണ്ടുവന്നതാണോ ഇതെന്നും നിമിഷ കലി പൂണ്ടു. തൊട്ടടുത്ത സീനില്‍ നിമിഷ ബിഗ് ബോസ് വീട്ടിലെ നിയമങ്ങള്‍ തെറ്റിച്ചു.
സീക്രട്ട് റൂമില്‍ ഇരിക്കുമ്പോള്‍ കണ്ട കാര്യങ്ങള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ പറയരുതെന്നാണ് നിയമം. എന്നാല്‍ ബിഗ് ബോസ് വീട്ടിലെ സീക്രട്ട് റൂമിലിരുന്ന് അവിടത്തെ ടിവിയിലൂടെ വീട്ടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞ നിമിഷ, ആ കാര്യങ്ങളെ സ്വന്തം തന്ത്രങ്ങള്‍ക്കായി ഉപയോഗിപ്പെടുത്തുകയായിരുന്നു.
അതിനായി ലക്ഷ്മി പ്രിയയുടെ വാക്കുകളെയാണ് നിമിഷ ആയുധമാക്കുന്നത്. ഒരു കൂട്ടത്തില്‍ കുറച്ച് പേരിരിക്കുമ്പോള്‍ നടന്ന സംഭാഷണമാണെന്നും അതിലൊരാളാണ് തന്നോട് ഇക്കാര്യം സംസാരിച്ചതെന്നും നിമിഷ പറഞ്ഞു. അതിന് ശേഷമാണ് ലക്ഷ്മി തന്നെ കുറിച്ച് പറഞ്ഞ അഭിപ്രായം നിമിഷ പങ്കുവെക്കുന്നത്.
അവിടെ നടന്ന സംഭാഷണം നിമിഷ അതുപടി ആവര്‍ത്തിക്കുന്നു. അവരുടെ അപ്പന്‍റെ വീട്ടില്‍ നിന്നാണോ ക്യാമറ കൊണ്ടുവന്നതെന്നും അവരുടെ പ്രശ്നമെന്താണെന്നും നിമിഷ ആവര്‍ത്തിക്കുന്നു. അവരാരാണെന്നാണ് അവരുടെ വിചാരം. ഇതെന്താ അവരുടെ തറവാടോ ? എന്നും അസ്വസ്ഥയായ നിമിഷ കലികൊണ്ട് തുള്ളി.
ഈ വിഷയത്തിന് ശേഷം ജാസ്മിനും നിമിഷയും ഡെയ്സിയും ഭക്ഷണത്തിന് രുചിയില്ലെന്നും ലക്ഷ്മിപ്രിയ കിച്ചണില്‍ ആറാടുകയാണെന്നും പരസ്പരം കുറ്റപ്പെടുത്തുന്നു. തനിക്ക് പിരീഡ്സ് ആയത് കൊണ്ടാണ് ലക്ഷ്മി കിച്ചണില്‍ കയറിയതെന്ന് പറയുന്ന ഡെയ്സി പക്ഷേ അതേ സമയം തന്നെ ലക്ഷ്മിക്കെതിരെ കലാപക്കൊടിയുയര്‍ത്തി.
അവര്‍ പണിയെടുക്കുന്നതില്‍ എനിക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ ഡെയ്സിക്ക് പക്ഷേ, ലക്ഷ്മിയുടെ കണക്ക് പറച്ചിലിനെ ഇഷ്ടപ്പെടുന്നില്ല. നിമിഷയും ഡെയ്സിയുടെ അഭിപ്രായത്തോട് ഒപ്പം നില്‍ക്കുന്നു. "Helping some one help... അല്ലാണ്ട് .. അതൊക്കെ കൊട്ടിഘോഷിച്ച് ആള്‍ക്കാരോടൊക്കെ പറഞ്ഞ്... " ഡെയ്സി, ലക്ഷ്മിയുടെ കാര്യത്തില്‍ രണ്ടും കല്‍പ്പിച്ച് തന്നെയാണ്.
ഡെയ്സിക്ക് പിരീഡ്സായത് കൊണ്ടാണ് ഞാന്‍ സഹായിക്കാമെന്ന് വച്ചതെന്നതായിരിക്കും ഇക്കാര്യത്തില്‍ ലക്ഷ്മിയുടെ മറുപടിയെന്നും ഡെയ്സി അഭിപ്രായപ്പെട്ടു. ഈ രംഗത്തിന് ശേഷമാണ് ക്യാപ്റ്റന്‍ ദില്‍ഷാ പ്രസന്നയെ സുചിത്ര, ലക്ഷ്മിക്കെതിരെ കളത്തിലിറക്കുന്നത്.
ലക്ഷ്മി ഇഷ്ടമുള്ളവർക്കാണ് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത്. എന്തിനാണ് അങ്ങനെ കാണിക്കുന്നതെന്നാണ് സുചിത്രയോട് ദിൽഷ ചോദിക്കുന്നത്. ലക്ഷ്മി ചേച്ചി തന്നെ പറയാറുണ്ട് നമ്മളെല്ലാം അവരുടെ കുട്ടികളാണെന്ന്. പക്ഷേ അതൊന്നും അല്ലെന്നും ദിൽഷ പറയുന്നു.
'ഒരു സാധനം എടുക്കുമ്പോൾ ചുറ്റും വേറെ ആൾക്കാരും ഉണ്ടെന്ന് ചിന്തിക്കണം. എല്ലാവരും വിശക്കുന്ന ആളുകളല്ലേ' എന്നും ദിൽഷ ചോദിക്കുന്നു. കിച്ചൺ എന്ന് പറയുമ്പോൾ അവിടെ ഉണ്ടാക്കുന്നതെല്ലാം മറ്റുള്ളവർക്കും കൂടിയുള്ളതാണെന്നും ദിൽഷ പറയുന്നു.
എല്ലാവരും മനുഷ്യരാണെന്നും ഒരാള്‍ ദേശയെടുക്കുമ്പോള് മറ്റുള്ളവര്‍ക്കും വിശപ്പുണ്ടാകില്ലേ.. ? അവര്‍ക്കും കഴിക്കേണ്ടെയെന്നൊക്കെ വിതുമ്പിക്കൊണ്ട് ദില്‍ഷ ആവര്‍ത്തിക്കുന്നു. എരിതീയില്‍ എണ്ണയൊഴിച്ച് സുചിത്ര, ദില്‍ഷയെ സമാധാനിപ്പിക്കുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ പ്രതികരിക്കാതിരുന്നത് കൊണ്ടാണ് ലാലേട്ടന് വരുമ്പോള്‍ എന്നോട് ചോദിക്കുന്നതെന്നും ഇവിടെ പ്രതികരിക്കാതിരിക്കരുതെന്നും നീ ചോദിക്കണമെന്നും സുചിത്ര, ദില്‍ഷയെ ഉത്തേചിതയാക്കുന്നു. നിങ്ങള്‍ എന്തായാലും ഇതിനെതിരെ ക്യാപ്റ്റനെന്ന നിലയില്‍ പ്രതികരിക്കണമെന്നും സുചിത്ര കരുത്ത് പകര്‍ന്നു.
ഇതിനിടെ ദില്‍ഷ കരയുന്നത് ജാസ്മിന്‍ കണ്ടിരുന്നു. സ്വാഭാവികമായും ജാസ്മിന്‍ ദില്‍ഷയെ വിളിച്ച് സംഭവമെന്താണെന്ന് ചോദിക്കുകയും തന്‍റെ അഭിപ്രായം പറയുകയും ചെയ്തു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കിടന്ന് മോങ്ങുകയല്ല വേണ്ടതെന്നും അപ്പോള്‍ തന്നെ മീറ്റിങ്ങ് വച്ച് കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നും ജാസ്മിന്‍, ദില്‍ഷയെ ഉപദേശിക്കുന്നു.
ടാസ്ക് കഴിഞ്ഞ് എല്ലാവരും തളര്‍ന്ന് വന്നിരിക്കുമ്പോള്‍ സ്വന്തക്കാര്‍ക്ക് മാത്രമാണ് ലക്ഷ്മി 'ഉള്ളിയിട്ട ദോശ' ഉണ്ടാക്കിക്കൊടുത്തതെന്നതായിരുന്നു ദില്‍ഷാ പ്രസന്നന്റെ പരാതി. തന്‍റെ വീട്ടില്‍ അമ്മയൊക്കെ എല്ലാവര്ക്കും ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് കഴിപ്പിച്ച ശേഷം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും. ഇത് കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നും ദില്‍ഷ ജാസ്മിന്റെ മുന്നിലും ഗദ്ഗദകണ്ഠയാകുന്നു.
ലക്ഷ്മിയുടെ ഈ നടപടിയെ ചോദ്യം ചെയ്യണമെന്ന് ഉപദേശിച്ച ജാസ്മിന്റെ ലക്ഷ്യം, ലക്ഷ്മിക്കെതിരെ കൂടുതല്‍ കലാപങ്ങള്‍ ഉയര്‍ത്തുകയെന്നത് തന്നെയായിരുന്നു. ഒടുവില്‍ ക്യാപ്റ്റന്‍ തനിക്ക് വേദനയുണ്ടാക്കിയ കാര്യങ്ങള്‍ മത്സരാര്‍ത്ഥികളുടെ മീറ്റിങ്ങ് വിളിച്ച് അവതരിപ്പിച്ചു.
ലക്ഷ്മി തന്‍റെ ഭാഗം വ്യക്തമാക്കി. തുടര്‍ന്ന് സംഭവസ്ഥലത്ത് ആ സമയമുണ്ടായിരുന്ന റോബിനോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനിടെ ഡെയ്സി ഇടപെടുകയും ലക്ഷ്മി കണക്ക് പറയുന്ന ആളാണെന്നും അവരോട് ഒരു സഹായം ആവശ്യപ്പെടേണ്ട കാര്യമെന്താണെന്നും ചോദിച്ച് കലിപ്പ് തുടര്‍ന്നു.
ഒരാള്‍ ഒരു തെറ്റ് ചെയ്തുവെന്ന് വച്ച് വീണ്ടും വീണ്ടും അയാളെ തന്നെ ടാര്‍ഗറ്റ് ചെയ്യേണ്ടതില്ലെന്ന് ഡോ. റോബിന് നയം വ്യക്തമാക്കി. ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മിയാണ് തന്നെ അടുക്കളയില്‍ സഹായിച്ചതെന്നും ഇനിയും സഹായം ആവശ്യമുള്ളപ്പോള്‍ ലക്ഷ്മിയോട് ചോദിക്കുമെന്നും റോബിന് വ്യക്തമാക്കി.
അതിനിടെ റോണ്‍സണും ലക്ഷ്മി പ്രിയയ്ക്കൊപ്പമെത്തി. സംഭവം നടക്കുന്നതിനിടെ ചേച്ചി മാത്രമാണ് അടുക്കളയില്‍ ഉണ്ടായിരുന്നതെന്ന് റോണ്സണ് പറഞ്ഞു. എല്ലാവരും ഭക്ഷണ സാധനങ്ങള്‍ കട്ട് ചെയ്ത് തന്നെന്നും മറ്റുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ അറിയാത്തതിനാല്‍ ലക്ഷ്മി അത് ഏറ്റെടുക്കുകയായിരുന്നെന്നും പലരും അഭിപ്രായപ്പെട്ടു.
തന്നെ വിളിക്കാതെ എന്തിന് ലക്ഷ്മിയെ കുക്കിങ്ങിന് വിളിച്ചുവെന്നതായിരുന്നു ഡെയ്സിയുടെ പരാതി. എന്നാല്‍, കുക്കിങ്ങ് ടീമിലുള്ള ഡെയ്സിയെ വേറെ ചെന്ന് വിളിക്കേണ്ട കാര്യമില്ലെന്ന് ഡോ. റോബിന് തിരിച്ചടിച്ചു. ഒരാള്‍ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ടെന്ന് പറയേണ്ടതില്ലെന്ന് റോബിന് പറയുമ്പോള്‍ ഡെയ്സി അസ്വസ്ഥത പ്രകടിപ്പിച്ചു.
നീ നൂറ് ശതമാനം ശരിയാണെങ്കില്‍ മാത്രം സംസാരിച്ചാല്‍ മതിയെന്ന് റോബിന് ഡെയ്സിയുടെ നേര്‍ക്ക് കൈ ചൂണ്ടി ശബ്ദമുയര്‍ത്തി സംസാരിച്ചത് അതുവരെയുള്ള കാലാവസ്ഥയെ അടിമുടി തകിടം മറിച്ചു. പ്രശ്നം തണുപ്പിക്കാന്‍ ക്യാപ്റ്റന്‍ ദില്‍ഷ രംഗത്തെത്തി.
എന്നാല്‍, അടുക്കളയില്‍ തങ്ങള്‍ പലതും പ്ലാന്‍ ചെയ്തിരുന്നെന്നും ലക്ഷ്മി അതെല്ലാം മാറ്റി മറിച്ചെന്നും ഡെയ്സി തന്‍റെ പരാതി ആവര്‍ത്തിച്ചു. എന്നാല്‍, പദ്ധതികള്‍ ഇട്ടതല്ലാതെ ഒന്നു പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഡോ. റോബിന് തിരിച്ചടിച്ചു. ഇതോടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ ഡെയ്സി റോബിനുമായി കോര്‍ത്തു.
ഡെയ്സി എഴുന്നേറ്റതോടെ റോബിനും ഒരു അങ്കത്തിന് ഒരുങ്ങി. ചുമ്മാ കെടന്ന് കൊണ കൊണാന്ന സംസാരിക്കാനല്ല. ആദ്യം കാര്യം ചെയ്ത് കാണിക്ക് എന്ന് റോബിന് ഡെയ്സിയെ വെല്ലുവിളിച്ചു. ആദ്യം നീ ചെയ്ത് കാണിക്ക് എന്നിട്ടാകാം ബാക്കിയെന്ന് റോബിന് പറയുന്നതിനിടെ ജാസ്മിന്‍ ഡെയ്സിയെ പൊക്കിയെടുത്ത് മാറ്റി.
എന്നാല്‍, പോയത് പോലെ തന്നെ ഡെയ്സി തിരിച്ചെത്തി. പലരും ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍, റോബിന് പിടിവിട്ട് നില്‍ക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ നീ അണ്ണാക്കിലേക്ക് കേറ്റിയത് ആരുണ്ടാക്കിയതാടാ എന്ന് ചോദിച്ച് ഡെയ്സി രംഗം കൊഴുപ്പിച്ചു.
ഓരോരോ കാര്യങ്ങളായി എണ്ണി എണ്ണി ഡെയ്സി, റോബിനോട് കണക്ക് ചോദിച്ചു. ഇതോടെ ആണുങ്ങളായ മത്സരാര്‍ത്ഥികള്‍ റോബിനെയും പെണ്ണുങ്ങള് ഡെയ്സിയെയും പിടിച്ച് മാറ്റി. എന്നാല്‍, അവനെനെ ഉണ്ടാക്കുവാണേല്‍ ഉണ്ടാക്കട്ടെ എന്ന് വിളിച്ച് പറഞ്ഞ് ഡെയ്സി റോബിനെ പരമാവധി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ സുചിത്ര രംഗത്ത് കടന്ന വരികയും റോബിനെ പിടിച്ച് വയ്ക്കേണ്ടതില്ലെന്ന് പറയുകയും ചെയ്തു. ഈ സമയമാണ് റോബിന് സൈക്കോയാണെന്ന വാദവുമായി ഡെയ്സി വീണ്ടും ചൊറയുന്നത്. ആളുകളെല്ലാവരും ഡെയ്സിയെ അവിടെ നിന്ന് തള്ളി മാറ്റുന്നതിനിടെ 'അവനെനിക്കിട്ട് ഓട്ടാക്കും അവന്' എന്ന് ഡെയ്സി വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു.
എന്നാല്‍, തനിക്കെതിരെ സൈക്കോ വിളി കേട്ട റോബിന് പെട്ടെന്ന് നിശബ്ദനായി. ഇതോടെ കിച്ചന് ടീമില്‍ നിന്ന് റോബിന് സ്വയം പുറത്ത് പോയി. എന്നാല്‍, ഡെയ്സിക്ക് കലി അടങ്ങിയിട്ടില്ലായിരുന്നു. നീ ആരെ നോക്കിയാടാ പേടിപ്പിക്കുന്നതെന്ന് ഇടയ്ക്ക് ഡെയ്സി വിളിച്ച് ചോദിക്കുന്നുണ്ടായിരുന്നു.
പ്രശ്നം മൂര്‍ച്ചിക്കുന്നതിനിടെ സുചിത്ര, ജസ്മിനെതിരെ ആരോപണവുമായി രംഗത്തെത്തി. ആദ്യ ആഴ്ചയില്‍ ഞങ്ങള്‍ അടുക്കയുടെ ഡ്യൂട്ടി ചെയ്യുമ്പോള്‍ ജാസ്മിന്‍ തങ്ങളെ അടുക്കള പണി അടുക്കള പണിയെന്ന് പറഞ്ഞ് കളിയാക്കിയിരുന്നെന്നും ഇപ്പോള്‍ മനസിലായോ അടുക്കളപ്പണി അത്ര ചെറിയ പണിയല്ലെന്ന് എന്ന് സുചിത്രാ നായര്‍, ജാസ്മിന്‍ മൂസയോട് ചോദിച്ചു.
അതിനിടെ വിഷയം വീണ്ടു സങ്കീര്‍ണ്ണമായി. ശാലിനിയും വിഷയത്തില്‍ ഇടപെട്ടു. ഒടുവില്‍ നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ റോബിന് കിച്ചണ്‍ ടീമില്‍ നിന്ന് പുറത്ത് പോവുകയും ധന്യ കിച്ചണ്‍ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഇതോടെ വിഷയത്തില്‍ താത്കാലിക ശമനമായി.