Bigg Boss: ബിഗ് ബോസ് വീട്ടില്‍ മറ്റൊരു ത്രികോണ പ്രണയ ആരോപണം കൂടി ?
കലിപ്പായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് വീട്ടിലെ സ്ഥായിഭാവമെങ്കില്‍ ഈ ആഴ്ചയില്‍ നേരെ തിരിച്ചും, സമാധാനമായിരുന്നു മെയിന്‍. അങ്ങനെ ഇരിക്കെയാണ് ബിഗ് ബോസ് ഒറ്റ രാത്രികൊണ്ട് ബിഗ് ബോസ് വീട്ടിലെ സുഖസൗകര്യങ്ങളെല്ലാം പിന്‍വലിച്ചത്. രാവിലെ ഉറക്കമെഴുന്നേറ്റ മത്സര്‍ത്ഥികള്‍ കണ്ടത് ഉടുവസ്ത്രം മാത്രം. മറ്റെല്ലാം... അടുക്കളയും കിടപ്പ് മുറിയും എന്തിന് ശുചി മുറി പോലും ബിഗ് ബോസ് പുതിയ ടാസ്കിന്‍റെ ഭാഗമായി പൂട്ടിക്കളഞ്ഞു. പിന്നെ ഓരോ സൗഭാഗ്യവും വീണ്ടെടുക്കാന്‍ ഓരോ ടാസ്കുകളും ഏര്‍പ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി അഖിലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഓരോരോ ടാസ്കുകള്‍ വിജയിച്ച് നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ ഓരോന്നായി തിരിച്ച് പിടിക്കുകയാണ്. അപ്പോഴും തങ്ങളുടെ നിയന്ത്രണം വിടാന്‍ മത്സരാര്‍ത്ഥികളാരും മുതിര്‍ന്നില്ല. ഇതിനിടെയാണ് ബിഗ് ബോസ് ഒരു പുതിയ സ്കിറ്റുമായി രംഗത്തെത്തിയത്. അത് ഈ ആഴ്ചയിലെ അങ്കത്തിനുള്ള വഴിമരുന്നായി മാറുമോയെന്ന ആശങ്കയിലാണ് ക്യാപ്റ്റന്‍ അഖില്‍.
കഴിഞ്ഞ ആഴ്ചയിലെ ചൂടന്‍ കാലാവസ്ഥയും ഈ ആഴ്ചയിലെ തണുപ്പന്‍ കാലവസ്ഥയും കോര്‍ത്തിണക്കി ആക്ഷേപഹാസ്യം കലര്‍ത്തി ഒരു സ്കിറ്റ് അവതരിപ്പിക്കാനായി ബിഗ് ബോസ് ക്ഷണിച്ചത് ക്യാപ്റ്റന്‍ അഖിലിനെയും സുചിത്രയെയും സൂരജിനെയുമായിരുന്നു. ഷോയുടെ അവസാനം ഈ മൂവര്‍ സംഘത്തിനെതിരെ വീട്ടിലുയരുന്ന ഒരു ആരോപണവും ബിഗ് ബോസ് കാണിച്ചു.
രണ്ട് ആഴ്ചകളിലും പ്രധാനമായും അരങ്ങത്ത് തകര്‍ത്താടിയ റിയാസ് സലീം, വിനയ് മാധവ്, ഡോ.റോബിന്‍, റോണ്‍സണ്‍, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവരെയാണ് മൂന്നവര്‍ സംഘം ഹസ്യാത്മകമായി അനുകരിച്ചത്.
പരിപാടി കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാനിരുന്ന സുചിത്രയുടെയും സൂരജിന്‍റെയും അഖിലിന്‍റെയും സമീപമെത്തിയ ലക്ഷ്മി പ്രിയ പരിപാടി കൊള്ളാമായിരുന്നു വെന്നാണ് അഭിപ്രായപ്പെട്ടത്. 'ഏതോ ഒരു അധോലോക വില്ലത്തി ഇരുന്നത് പോലുണ്ടായിരുന്നു. ഇവരോര്‍ത്തത് ഞാന്‍ ശരിക്കും അങ്ങനെയാണെന്നാണ്.' ലക്ഷ്മി പ്രിയ എല്ലാവരോടുമായി പറഞ്ഞു.
'എന്‍റെ ദൈവമേ.. ശരിക്കും ഏതോ വില്ലത്തിയേ പോലുണ്ടായിരുന്നു. ആ വരട്ട് മക്കളെ വരട്ട് എന്ന് പറയുന്നപോലെയുണ്ടായിരുന്നു'. ലക്ഷ്മി ആവര്‍ത്തിച്ചു. ഇടയ്ക്ക് സൂരജ് കേറിപ്പറഞ്ഞു. 'ഈയൊരു അപ്പിയറന്‍സില്‍ ചേച്ചിയിരുന്നാല്‍ അങ്ങനെയാണ്.'
ലക്ഷ്മി തുടര്‍ന്നു. "ആ... ഈ മത്തങ്ങാ കണ്ണും. രണ്ട് മൂക്കും... ആ വരട്ട് വരട്ട് മക്കളെ വരട്ട്'.... ലക്ഷ്മി തുടര്‍ന്നപ്പോള്‍ സുചിത്ര ഇടയ്ക്ക് കേറി. ' അങ്ങനെയൊന്നും പറഞ്ഞില്ലാട്ടോ.. ഞാന്‍ ചുമ്മാ... പറഞ്ഞതാണിതൊക്കെ... കൊറച്ച് കേറ്റി പറഞ്ഞാണ്.' സുചിത്ര, സ്വയം ജാമ്യമെടുത്തു.
"എനിക്കൊരു കുഴപ്പുമില്ലാ.. എന്നെ ചെയ്യുമ്പോള്‍ നന്നായി ചെയ്യണമെന്നേയുള്ളൂ. ഞാന്‍ നന്നായിട്ട് ആസ്വദിക്കും. എന്തും കാണിക്കാം." ലക്ഷ്മി തുടര്‍ന്നു. ഇതിനിടെ സുചിത്രയും സൂരജും ഒരു പോലെ ചോദിച്ചു. ' കുഴപ്പമില്ലാതെ ചെയ്തില്ലേ?' ' സൂപ്പര്‍ സൂപ്പര്‍... മാതു പറയുന്നത് പോലെ പൂപ്പര്‍' ലക്ഷ്മിപ്രിയയുടെ മറുപടി ഉടനെത്തി. '
ഈ സംഭവത്തിന് ശേഷം അടുക്കളയില്‍ സുചിത്രയും റോണ്‍സണും വിനയും സൂരജും നില്‍ക്കുമ്പോള്‍ ഈക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടന്നു. ഇത്തവണയും സുചിത്രയായിരുന്നു വിഷയം എടുത്തിട്ടത്. ലക്ഷ്മിക്കെതിരെയായിരുന്നു സുചിത്രയുടെ ഒളിയമ്പ്. 'ശരിക്കും വില്ലത്തിയേ പോലെ ചിത്രീകരിച്ചു.' ലക്ഷ്മിയുടെ വാക്കുകള്‍ സുചിത്ര ഏറ്റുപറഞ്ഞു.
സുചിത്രയുടെ ആരോപണം കേട്ടപ്പോള്‍ തന്നെ റോണ്‍സണ്‍ കണ്ണടച്ച് കാണിക്കുന്നതും കാണാമായിരുന്നു. ലക്ഷ്മിയെ കളിയാക്കിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും പലരോടും പരാതിപ്പെടുന്നുണ്ടെന്നും അടുക്കളയില്‍ വച്ച് സുചിത്ര റോണ്‍സണോട് പരാതി പറഞ്ഞു.
'അതൊരു ഫണ്ണല്ലേ... ഫണ്‍ ഫണായിട്ടെടുക്കണ്ടേ ?' ചര്‍ച്ച നിര്‍ത്താന്‍ സുചിത്ര തയ്യാറല്ലെന്ന് മനസിലായപ്പോള്‍ സൂരജ് ഇടപെട്ടു. ' അത് നിങ്ങള് ചെയ്തപ്പോ.. നിങ്ങളെ അപ്പിയറന്‍സാണ് പറഞ്ഞത്. അല്ലാതെ വെറൊന്നുമല്ല. നല്ല സ്കിറ്റായിരുന്നു സൂപ്പര്‍ സ്കിറ്റായിരുന്നു അടിപൊളിയായിരുന്നു..... ' എന്ന് ഈ സമയം വിനയും സുരജും റോണ്‍സണും ഒരു പോലെ പറഞ്ഞു.]
ഈ സമയം അവിടെയുണ്ടായിരുന്നു വിനയ് മാധവ്, പരിപാടി കൊള്ളാമായിരുന്നെന്നും ഇത്തരം പരിപാടികള്‍ അതിന്‍റെതായ രീതിയില്‍ എടുക്കണമെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല, തന്നെ തേച്ച് ഒട്ടിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടാക്കാതിരുന്നതില്‍ സന്തോഷമുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കളിയാക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ആ പരിധിയില്‍ നിന്ന് കൊണ്ടാണ് കളിയാക്കിയതെന്നും പറഞ്ഞ വിനയ്, അതിരുകടന്നാല്‍ സംഗതി പ്രശ്നമാകുമെന്നും മുന്നറിയിപ്പ് നല്‍കി. സംഗതി കളറായെന്നും അങ്ങനെയൊരു പരാതിയുയരേണ്ട ആവശ്യമില്ലെന്നും റോണ്‍സണ്‍ പ്രതികരിച്ചു. 'ഏ' എന്ന ഒറ്റവാക്കില്‍ തന്‍റെ പ്രതികരണം ഒതുക്കി സൂരജ് കടന്നുപോയി.
ഈ സമയം സ്കിറ്റ്, റിയാസിനും ഫീല്‍ ചെയ്തെന്ന് സുചിത്ര ആവര്‍ത്തിച്ചു. 'ഇത്ര ഡ്രാമാറ്റിക്കാണോ അവനെന്ന് ചോദിച്ചു. ' സുചിത്ര പറഞ്ഞു. എന്നാല്‍ ഈസമയം ഛെ.. ഛെ.. ഛെ... ' എന്ന് പറഞ്ഞുകൊണ്ട് വിനയും കടന്ന് പോയി.
ഇതിന് ശേഷം ബെഡ്ഡില്‍ കിടക്കുകയായിരുന്ന സുചിത്രയുടെ അടുത്ത് അഖിലെത്തി. ഇരുവരുടെ സംഭാഷണം മുഴുവനും ബിഗ് ബോസ് വീട്ടില്‍ ഉയരുന്ന പുതിയ ആരോപണത്തെ കുറിച്ചായിരുന്നു. ' തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ നമ്മള്‍ ബിഹേവ് ചെയ്യുന്നുണ്ടോ' എന്ന് ചോദിച്ച് സുചിത്രയാണ് സംഭാഷണത്തിന് തുടക്കമിട്ടത്.
ഇല്ലെന്ന് അഖില്‍ മറുപടി പറഞ്ഞപ്പോള്‍ നമ്മള്‍ കുട്ടികളിയെല്ലേ കളിക്കുന്നതെന്ന് സുചിത്ര ആത്മഗതം കൊണ്ടു. 'പിണങ്ങുന്നു... മിണ്ടുന്നു.... its a kind of friendship.' താത്പര്യമില്ലാതെ ഇത് കേട്ടിരുന്ന അഖിലിനോട് അവര്‍ എടുത്ത് ചോദിച്ചു 'അല്ലേ ?'.
'ഇപ്പോ എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍.. ദില്‍ഷയും റോബിനും പെരുമാറുന്നത് പോലെയല്ല നമ്മള് പെരുമാറുന്നത്. നമ്മളെപ്പോളെപ്പോഴും സൂരജും നമ്മള് മൂന്ന് പേരും കൂടിയാണ് ഇരിക്കുന്നത്. പിന്നെന്താണ് ഇവരിങ്ങനെ പറയുന്നത്. ? സുചിത്ര അസ്വസ്ഥയായി.
റോണ്‍സണ്‍, പിന്നെ ലക്ഷ്മി ചേച്ചി... പറഞ്ഞവരുടെ പേരുകള്‍ സുചിത്ര ഓര്‍ത്തെടുത്തു. 'ലക്ഷ്മി ചേച്ചി രണ്ടുമൂന്ന് വട്ടം പറഞ്ഞു. ' അഖില്‍ ഇടയ്ക്ക് കേറി പറഞ്ഞു. എന്നോട് ഒരു പ്രാവശ്യം പറഞ്ഞു. കുത്തി കുത്തി പറഞ്ഞു.' സുചിത്ര ഏരിവ് കേറ്റി. അത് ഫെയറല്ല. ഫ്രണ്ട്ഷിപ്പിനെ പോലും മാനിക്കാതെ... അങ്ങനെയെങ്കില്‍ എനിക്ക് നവീന്‍ ചേട്ടനെയും ലക്ഷ്മി ചേച്ചിയേയും പറ്റി പറഞ്ഞൂടേ?' സുചിത്ര സംശയം ഉന്നയിച്ചു.
'ഒന്നും പറയില്ലല്ലോ അങ്ങനെ ?', അഖില്‍ സംശയിച്ചു. 'ആ അതാണ് നമ്മുടെ ക്വാളിറ്റി അതാണ്' സുചിത്ര മറുപടി സ്വയം പുകഴ്ത്തി. ഇവിടെ ഇത്രയും പേര് എന്തു പറഞ്ഞാലും സുചിത്ര ചേച്ചി കല്ല് പോലിരിക്കും. അഖില്‍ പറയുമ്പോള്‍ മാത്രം വേഷമമുണ്ടാകേണ്ട കാര്യമെന്ത്. ? ഇത്രയും കരയേണ്ട കാര്യമെന്ത് ? ജാസ്മിന്‍ ചോദിച്ചതായി സുചിത്ര പറഞ്ഞു.
'അങ്ങനെ പറഞ്ഞില്ലെ'ന്ന് അഖില്‍ പറഞ്ഞു. 'പറഞ്ഞു' എന്ന് സുചിത്ര ഉറപ്പിച്ച് പറഞ്ഞപ്പോള്‍ 'അത് ഞാന്‍ കേട്ടില്ലന്നായിരുന്നു' അഖിലിന്‍റെ മറുപടി. 'അതിനാണ് ഞാന്‍ തിരിച്ച് മറുപടി കൊടുത്തത്. നീയും കരയാറുണ്ട്. നീയും പിണങ്ങി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിമിഷയുള്ള സമയത്ത്. അതാണ് ഫ്രണ്ട്ഷിപ്പ്. എന്‍റെ മുന്നില്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ തിരുത്താറുണ്ട്. ലക്ഷ്മി ചേച്ചിയെ ഞാന്‍ തിരുത്താന്‍ പോയില്ല. No Use.' സുചിത്ര അഖിലിനോട് പറഞ്ഞു.
'എല്ലാവരോടും പറഞ്ഞിട്ടുണ്ടാകുമല്ലേ... ?' അഖില്‍ സംശയാലുമായി. 'എല്ലാവരോടും ഡിസ്ക്കസ് ചെയ്തിട്ടുണ്ടാവും' സുചിത്ര മറുപടി പറഞ്ഞു. 'കാണിച്ചിട്ടുണ്ടോയെന്തോ ' അഖില്‍ നഖം കടിച്ച് കൊണ്ട് അസ്വസ്ഥനായി. ശരിക്കും ഒരാളോടും ഒരു പെണ്‍കുട്ടിക്ക് മിണ്ടാന്‍ പാടില്ലെന്നാണ് എനിക്ക് തോന്നുന്നത്. മിണ്ടിക്കഴിഞ്ഞാല്‍ അപ്പോ ഇങ്ങനൊരു ട്രാക്ക് ഫോം ചെയ്തെന്ന് പറയും. ' സുചിത്ര തന്‍റെ നിസഹായത വെളിപ്പെടുത്തി.
'രണ്ട് പേരാണെങ്കില് പോട്ടെന്ന് പറയാം ഇതിപ്പോ ട്രയാങ്കിള്‍ പറയുകാ..' സുചിത്ര പറഞ്ഞു. ഇത് കേട്ടതും 'അവനെയോ' എന്ന് ചോദിച്ച് അഖില്‍ ചിരിച്ചു. അഖിലിന്‍റെ ചിരിയില്‍ പങ്കു ചേര്‍ന്ന് സുചിത്രയും. 'ശോ.. അവന്‍റെ.. പാവം. ഡെയ്സിയുടേത് ഇങ്ങനെയാണോന്തോ ഔട്ട് പോയത്. ? അഖില്‍ വീണ്ടും അസ്വസ്ഥനായി.
'ഡെയ്സിയുടെയും അവന്റെയും കാര്യം ഇവിടെല്ലാവരും പറയുന്നുണ്ടായിരുന്നു. ഇച്ച് ആന്റെ എവരി പേഴ്സണ്‍. വളരെ ഇതായിട്ട് പറയുന്നുണ്ടായിരുന്നു ' സുചിത്രയുടെ മറുപടി പെട്ടെന്നെത്തി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയതിന് തൊട്ടടുത്ത ദിവസം റിയാസ് സലീം റോബിനും ബ്ലെസ്ലിയും ദില്‍ഷയും തമ്മിലുള്ള ത്രികോണ പ്രണയം ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ബിഗ് ബോസ് വീട്ടില്‍ സുചിത്രയും അഖിലും സൂരജും തമ്മിലൊരു പ്രണയം കൂടി നടക്കുന്നുണ്ടെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ടന്നതായിരുന്നു സുചിത്രയുടെ ആധി. വരും ദിവസങ്ങളില്‍ ബിഗ് ബോസിലെ നിലവിലെ ശാന്തത തകര്‍ത്ത് ഈ ആരോപണം ശക്തമാകുമോ ? കാത്തിരുന്ന് കാണാം.