തടിച്ചിരിക്കുന്നത് സൗന്ദര്യം, ഏറ്റവും വലിയ വയറുള്ളയാള്‍ നാട്ടിലെ ഹീറോ, കുടിക്കുന്നത് പശുവിന്റെ രക്തവുംപാലും!
മനുഷ്യന്റെ സൗന്ദര്യ സങ്കല്പങ്ങൾ കാലത്തിനും ദേശത്തിനും അനുസൃതമായി മാറിക്കൊണ്ടിരിക്കും. പണ്ടൊക്കെ അല്പസ്വല്പം വണ്ണമുള്ളത് ഭംഗിയുടെ ലക്ഷണമായി കണ്ടിരുന്നുവെങ്കിൽ ഇന്ന് മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം. അതിനുവേണ്ടി ഇതുവരെ കേട്ടിട്ടില്ലാത്ത ഡയറ്റുകൾ പോലും പരീക്ഷിക്കാൻ ആളുകൾ തയ്യാറാണ്. പലരും അവരുടെ ഭാരംകുറക്കൽ അനുഭവം സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടുന്നതും ഇന്നൊരു പതിവാണ്. നമ്മുടെ നാട്ടിൽ ആളുകൾ ഇങ്ങനെ തടി കുറക്കാൻ കിടന്ന് പാട് പെടുമ്പോൾ, ബോഡി ഗോത്രത്തിലെ ആണുങ്ങൾ വണ്ണം വെയ്ക്കാൻ കഷ്ടപ്പെടുകയാണ്. അവർക്കിടയിൽ കുടം പോലുള്ള വയറും വണ്ണവുമാണ് പുരുഷത്വത്തിന്റെ ലക്ഷണങ്ങൾ. അവരുടെ വിശേഷങ്ങൾ.
എത്യോപ്യയിലാണ് ബോഡി ഗോത്രം ഉള്ളത്. അവിടത്തെ ഓരോ ചെറുപ്പകാരന്റെയും സ്വപ്നവും ആഗ്രഹവുമാണ് വണ്ണം വയ്ക്കുക എന്നത്. ഇതിനായി അവർ പശുവിന്റെ രക്തവും പാലും ഒരുമിച്ച് കലക്കി കുടിക്കുന്നു.
വർഷാവസാനം കഅൽ എന്നറിയപ്പെടുന്ന ഒരു ചടങ്ങിൽ വച്ച് ഏറ്റവും വണ്ണമുള്ള ആളെ വിജയിയായി പ്രഖ്യാപിക്കുന്നു. വിജയി പിന്നെ ജീവിതകാലം മുഴുവൻ ഒരു നായകനായി തീരുന്നു.
എല്ലാവർഷവും ജൂൺമാസത്തിലാണ് ഈ മത്സരം നടക്കുന്നത്. എന്നാൽ, ഇതിന് ആറുമാസം മുൻപ് തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. ഓരോ കുടുംബത്തിനും അവിവാഹിതനായ ഒരു പുരുഷനെ മത്സരിപ്പിക്കാം.
ഒരാൾ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ സ്വന്തം കുടിൽ വിട്ട് പുറത്തിറങ്ങരുത്. അത് മാത്രവുമല്ല കുടിലിനകത്ത് നടക്കാനോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ പാടില്ല. അതായത് പിന്നീടയാൾക്ക് പൂർണവിശ്രമമാണ്.
പശുവിന്റെ രക്തവും പാലും മാത്രമാണ് ആഹാരം. അതേസമയം രക്തമെടുക്കാൻ പശുവിനെ കൊല്ലുന്നില്ല. പകരം പശുവിന്റെ ഞരമ്പിൽ ഒരു കുന്തമോ കോടാലിയോ ഉപയോഗിച്ച് ഒരു ദ്വാരം ഉണ്ടാക്കിയാണ് രക്തം എടുക്കുന്നത്. അതിനുശേഷം അവർ കളിമണ്ണുകൊണ്ട് അത് അടയ്ക്കുന്നു.
ആദ്യത്തെ ഗ്ലാസ്സ് രക്തം സൂര്യോദയ സമയത്ത് കുടിക്കുന്നു. കടുത്ത ചൂട് കാരണം, പാലും രക്തവും വേഗം തന്നെ കട്ടപിടിക്കും. അതിന് മുൻപ് വേഗത്തിൽ അത് മുഴുവൻ കുടിക്കുക എന്നത് തീർത്തും ശ്രമകരമായ ജോലിയാണ്. ചിലർക്ക് വേഗത്തിൽ കുടിച്ച് തീർക്കാൻ സാധിക്കുമെങ്കിലും, ചിലർ അത് കുടിച്ച് ഛർദ്ദിക്കുന്നു. ദിവസം മുഴുവൻ ഇത് തന്നെയാണ് അവരുടെ ജോലി.
ഒടുവിൽ കുടം പോലുള്ള വയറുമായി ഒന്ന് അനങ്ങാൻ പോലുമാകാത്ത പരുവത്തിലാകും അവർ. മിക്കവർക്കും മത്സരം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകാൻ പോലും സാധിക്കാത്ത അവസ്ഥയാകും.
എന്നാൽ, അതൊരു തുടക്കം മാത്രമാണ്. കാരണം ചടങ്ങ് തുടങ്ങുമ്പോഴാണ് ശരിക്കുള്ള പണി വരുന്നത്. ചടങ്ങിൽ ഒരു പുണ്യവൃക്ഷത്തിന് ചുറ്റും മണിക്കൂറുകളോളം അവർക്ക് വലംവയ്ക്കണം. ഒരടി പോലും നടക്കാൻ വയ്യാത്ത മത്സരാർത്ഥികൾ ഏന്തിയും വലിഞ്ഞും മരത്തിന് ചുറ്റും നടക്കുന്നു. മറ്റ് പുരുഷന്മാർ അതിന് ചുറ്റും കൂടി നിന്ന് അവരെ നിരീക്ഷിക്കുന്നു.
ഏറ്റവും വണ്ണമുള്ള ആളെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നെ പശുവിനെ ബലി കൊടുക്കുന്ന ചടങ്ങാണ്. തുടർന്ന് പശുവിന്റെ വയർ പരിശോധിച്ച് വിജയിയുടെ ഭാവി ശോഭനമാണോ എന്ന് മൂപ്പന്മാർ തീരുമാനിക്കുന്നു.
ചടങ്ങിനുശേഷം, പുരുഷന്മാരുടെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ഏതാനും ആഴ്ചകളുടെ മിതമായ ആഹാരത്തിന് ശേഷം മിക്കവർക്കും വയർ കുറയുകയും ചെയ്യുന്നു.
എന്നാലും ചടങ്ങിൽ വിജയിച്ച ആളെ ജീവിതകാലം മുഴുവൻ ഒരു ഹീറോ ആയി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ തടിച്ച മനുഷ്യനാകുക എന്നത് അവിടെയുള്ള ഓരോ കുട്ടിയുടെയും സ്വപ്നമാണ്.