മരക്കമ്പനി പ്യൂണില്നിന്നും കോടീശ്വരനിലേക്ക്; ഇന്ത്യയുടെ ഫെവിക്കോള്‍ മാന്‍!
ബല്‍വന്ത് പരേഖ് എന്ന് കേട്ടിട്ടുണ്ടോ? ആ പേര് കേള്‍ക്കാത്തവരും പക്ഷേ, അദ്ദേഹം സ്വന്തം ബ്രാന്റിനിട്ട ഒരു പേര് ഓര്‍ക്കാതിരിക്കില്ല-ഫെവിക്കോള്‍!
അതെ, നമ്മുടെ ജീവിതത്തില്‍ അതിസാധാരണമായ ആ ബ്രാന്റിനു പിന്നിലുള്ള വ്യവസായിയാണ്, ബല്‍വന്ത് പരേഖ്. ഇന്ത്യാ-ചരിത്രത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഒരു നാമം. ഫെവിക്കോള്‍ മാന്‍ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്.
ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയിലെ മഹുവ എന്ന ചെറുപട്ടണത്തിലാണ് ബല്‍വന്ത് ജനിച്ചത്. മാതാപിതാക്കള്‍ അദ്ദേഹത്തെ അഭിഭാഷകനായി കാണാന്‍ ആഗ്രഹിച്ചു. കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ബല്‍വന്ത് മുംബൈയിലെ സര്‍ക്കാര്‍ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു.
സ്വാതന്ത്ര സമരം കൊടുമ്പിരി കൊണ്ട സമയമായിരുന്നു അത്. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ രാജ്യത്തെ യുവതലമുറയെ കീഴടക്കിയ സമയം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ബല്വന്തും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മുംബൈയിലേക്ക് തിരിച്ചുപോയി.
നിയമബിരുദം പൂര്‍ത്തിയാക്കിയെങ്കിലും, അദ്ദേഹം പ്രാക്ടീസ് ചെയ്തില്ല. 'നുണ പറയാന്‍ തോന്നിയില്ല' എന്നാണ് അതിനദ്ദേഹം പറഞ്ഞ കാരണം. മുംബൈ നഗരത്തില്‍ ജോലിയില്ലാതെ അദ്ദേഹം കഷ്ടപ്പെട്ടു. പിന്നീട് പ്രിന്റിങ് പ്രസ്സിലെ സഹായി മുതല്‍ ഒരു മരകമ്പനിയില്‍ പ്യൂണ്‍ വരെയുള്ള വിവിധ ജോലികള്‍ അദ്ദേഹം ചെയ്തു.
ആരും സഹായിക്കാനില്ലാതെ, കൈയില്‍ അഞ്ചുപൈസയില്ലാതെ ബുദ്ധിമുട്ടിയ കാലമായിരുന്നു അത്. ആ ദിവസങ്ങളില്‍ ബല്‍വന്ത് ഭാര്യയോടൊപ്പം ഒരു സുഹൃത്തിന്റെ വെയര്‍ഹൗസിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പതുക്കെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി.
balvant
ആരും സഹായിക്കാനില്ലാതെ, കൈയില്‍ അഞ്ചുപൈസയില്ലാതെ ബുദ്ധിമുട്ടിയ കാലമായിരുന്നു അത്. ആ ദിവസങ്ങളില്‍ ബല്‍വന്ത് ഭാര്യയോടൊപ്പം ഒരു സുഹൃത്തിന്റെ വെയര്‍ഹൗസിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പതുക്കെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി.
തിരികെ എത്തിയ അദ്ദേഹം ഒരു നിക്ഷേപകനെ കണ്ടെത്തുകയും, 1954 ല്‍ മുംബൈയിലെ ജേക്കബ്സ് സര്‍ക്കിളില്‍ പരേഖ് ഡൈചെം ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ ഒരു ചെറിയ കമ്പനി തുടങ്ങുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഇളയ സഹോദരന് സുശീല്‍ പരേഖുമുണ്ടായിരുന്നു. അവിടെ ബല്‍വന്ത് ടെക്സ്റ്റൈല്‍ പ്രിന്റിംഗിനായി ഉപയോഗിക്കുന്ന നിറക്കൂട്ടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.
പിന്നീട് 1959 -ലാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് അദ്ദേഹം ആരംഭിക്കുന്നത്. പരേഖിന്റെ പങ്കാളിത്വത്തിലുള്ള ഒരു ജര്‍മന്‍ കമ്പനി ഫെഡ്കോ മോവിക്കോള്‍ എന്ന പേരില്‍ ഒരു വെളുത്ത പശ നിര്‍മ്മിച്ചിരുന്നു. എന്തുകൊണ്ട് ഇന്ത്യയില്‍ അത്തരമൊരു ഉത്പന്നം നിര്‍മ്മിച്ചുകൂടാ എന്നദ്ദേഹത്തിന് തോന്നി.
സിന്തറ്റിക് റസിന്, വെള്ളപ്പശ എന്നിവയുടെ അനന്തസാധ്യതകളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ കോള്‍ എന്ന ജര്‍മ്മന്‍ വാക്കും, ജര്‍മ്മന്‍ കമ്പനിയുടെ പേരും ചേര്‍ത്ത് ഫെവിക്കോള്‍ എന്ന പേരില്‍ അദ്ദേഹം വെളുത്ത പശ വിപണിയില്‍ ഇറക്കി.
ആ സമയം ബല്‍വന്തിന്റെ ഇളയ സഹോദരന് നരേന്ദ്ര പരേഖും അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അദ്ദേഹത്തോടൊപ്പം ബിസിനസ്സില്‍ പങ്കാളിയായി. ആളുകള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ പ്രചാരം നേടിയ അത് താമസിയാതെ ഇന്ത്യന്‍ വിപണി കീഴടക്കി.
1963 ല്‍ മുംബൈയിലെ കോന്റിവിറ്റയിലാണ് ആദ്യത്തെ നിര്‍മാണ പ്ലാന്റ് ആരംഭിക്കുന്നത്. ഫെവിക്കോളില്‍ തുടങ്ങി ഇപ്പോള്‍ കമ്പനി എം-സീല്‍, ഫെവിക്വിക്, ഫെവിസ്റ്റിക്, ഡോ. ഫിക്സിറ്റ് തുടങ്ങി ഇരുനൂറിലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. 1973 ല്‍ വയലറ്റ് പിഗ്മെന്റ് ഉത്പാദനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനിയും പിഡിലൈറ്റാണ്.
ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, തായ്ലന്ഡ്, ദുബായ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ഫാക്ടറികളുണ്ട്. സിംഗപ്പൂരില്‍ ഒരു ഗവേഷണ കേന്ദ്രവുമുണ്ട്.
ബല്‍വന്ത് ഒരു സംരംഭകന് മാത്രമായിരുന്നില്ല, മികച്ച ഒരു സാമൂഹ്യസേവകനുമായിരുന്നു. അദ്ദേഹത്തിന് നിരവധി ബഹുമതികളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
2011 ഒക്ടോബര്‍ 28 ന് ടെക്സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറല്‍ സെമാന്റിക്സ് അദ്ദേഹത്തെ ജെ ജെ ടാല്‍ബോട്ട് വിന്‍ചെല്‍ അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി. ഈ ബഹുമതി ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനാണ് അദ്ദേഹം.
2013 ല്‍ 88- ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.