Josephine Baker : ആദ്യമായി പാന്തിയോണിൽ ഒരു കറുത്ത വർഗക്കാരിക്കിടം, ജോസഫൈൻ ബേക്കറെന്ന പകരക്കാരില്ലാത്ത പോരാളി!
മിസോറിയിൽ ജനിച്ച നർത്തകിയും, അഭിനേതാവും, ഗായികയും, ഫ്രഞ്ച് പ്രതിരോധം അംഗ(French Resistance member)വുമായിരുന്ന ജോസഫൈൻ ബേക്കർക്ക്(Josephine Baker) പാരീസിലെ പാന്തിയോണിൽ(Pantheon in Paris) ശവകുടീരം. അങ്ങനെ, പാന്തിയോണില്‍ ശവകുടീരം ലഭിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായി, ഒരിക്കൽക്കൂടി അവർ ചരിത്രത്തിന്റെ ഭാഗമായി. വെള്ളക്കാർ മാത്രം വിശ്രമിച്ചിരുന്ന പാന്തിയോൺ, വെറും അഞ്ച് സ്ത്രീകൾ മാത്രം വിശ്രമിക്കുന്ന പാന്തിയോൺ അതിലേക്കാണ് ബേക്കർ കടന്നു ചെല്ലുന്നത്. കറുത്തവർഗക്കാരെ ക്രൂരമായി അടിച്ചമർത്തിയിരുന്ന, സകല ഇടങ്ങളും നിഷേധിച്ചിരുന്ന ഒരു കാലത്ത് നിന്നാണ്, ലോകയുദ്ധങ്ങളുടെയും കോളനിവാഴ്ചകളുടെയും മുറിവുകളിൽ നിന്നാണ് ജോസഫൈൻ ബേക്കറെന്ന കലാകാരി ഉയിർപ്പ് കൊണ്ടത് എന്നത് കൂടി ഈ അവസരത്തിൽ ഓർക്കതെ വയ്യ.
1975 -ൽ അന്തരിച്ച ബേക്കറിന് ഫ്രാൻസിന്റെ ഈ പരമോന്നത ബഹുമതികളിലൊന്ന് ലഭിച്ചത് ചൊവ്വാഴ്ച. അവിടെ അവരുടെ ശവപ്പെട്ടി സ്മാരകത്തിലേക്ക് കൊണ്ടുപോയി. മറ്റ് 80 പ്രമുഖ ഫ്രഞ്ച് വ്യക്തിത്വങ്ങൾക്കൊപ്പം ഇനിയവൾക്കും പാന്തിയോണിൽ ഒരിടം. ശാസ്ത്രജ്ഞയായ മേരി ക്യൂറിയും ഹോളോകോസ്റ്റിനെ അതിജീവിച്ച സൈമൺ വെയിലും ഉൾപ്പെടെ അഞ്ച് സ്ത്രീകൾ മാത്രമാണ് അവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
ബേക്കറിന്റെ ഒമ്പത് മക്കളുള്‍പ്പടെ 2,000 അതിഥികൾ പങ്കെടുത്ത ചടങ്ങാണ് പാരീസിൽ നടന്നത്. പാന്തിയോണിന് പുറത്ത് പാരീസ് തെരുവുകളിൽ അവളുടെ പഴയ റെക്കോർഡിംഗുകൾ, ഒരു ഓർക്കസ്ട്ര, കുട്ടികളുടെ ഗായകസംഘം എന്നിവയെല്ലാമുണ്ടായിരുന്നു. അവളുടെ ക്ലാസിക് ഗാനങ്ങളിലൊന്ന് കുട്ടികളുടെ സംഘം ആലപിച്ചു.
അവളുടെ ശവപ്പെട്ടി അലങ്കരിച്ചിരുന്നു, ത്രിവര്‍ണപതാകയില്‍ പൊതിഞ്ഞിരുന്നു, യുഎസ്, മൊണാക്കോ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മണ്ണ് നിറച്ചിരുന്നു. ഫ്രഞ്ച് വ്യോമസേനയിലെ അംഗങ്ങൾ ചേര്‍ന്നാണ് അത് സ്മാരകത്തിലേക്ക് കൊണ്ടുപോയത്. ബേക്കറിനെ മൊണാക്കോയിലാണ് അടക്കം ചെയ്തത് എങ്കിലും, അവരുടെ ജീവിതത്തിലെ പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള മണ്ണ് നിറയ്ക്കുകയായിരുന്നു അതിൽ.
രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രതിരോധ മെഡലും 'നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണറും' ഉൾപ്പെടുന്ന അവളുടെ പുരസ്കാരങ്ങള്‍ മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ വഹിച്ചു. എന്നിരുന്നാലും, ബേക്കറിന്റെ കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം അവളുടെ മൃതദേഹം മൊണാക്കോയിൽ അടക്കം ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു 'ഒരു പോരാളി, നർത്തകി, ഗായിക, കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടി ശബ്ദിച്ച കറുത്ത വര്‍ഗക്കാരി. എന്നാൽ, അതിലെല്ലാം ഒന്നാമതായി, മനുഷ്യരാശിയെ സംരക്ഷിക്കുന്ന ഒരു സ്ത്രീയായും അവര്‍ നിലകൊണ്ടു. ലാഘവത്തോടെയും സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും ജോസഫിൻ ബേക്കർ നിരവധി പോരാട്ടങ്ങൾ നടത്തി' എന്ന് മാക്രോണ്‍ പറഞ്ഞു. 'ജോസഫിൻ ബേക്കർ, നിങ്ങൾ പാന്തിയോണിലേക്ക് പ്രവേശിക്കുന്നു, കാരണം (അമേരിക്കയിൽ ജനിച്ചിട്ടും) നിങ്ങളെക്കാൾ വലിയ ഫ്രഞ്ച് (സ്ത്രീ) ഇല്ല' എന്നും മാക്രോൺ പറഞ്ഞു.
ലോകപ്രശസ്തമായ കലാജീവിതം മാത്രമല്ല, രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രഞ്ച് ചെറുത്തുനിൽപ്പിലെ സജീവമായ പങ്കും, ഒരു പൗരാവകാശ പ്രവർത്തകയെന്ന നിലയിലുള്ള അവളുടെ പ്രവർത്തനങ്ങളും, തന്റെ 12 മക്കളെ ദത്തെടുത്തതിലൂടെ അവർ പ്രകടിപ്പിച്ച മാനവിക മൂല്യങ്ങളും ബേക്കറിനെ ലോകം പ്രശംസിക്കാൻ കാരണമായിത്തീർന്നു. 2000 അതിഥികൾക്കിടയിൽ 12 -ൽ ഒമ്പത് മക്കളും ചൊവ്വാഴ്ചത്തെ ചടങ്ങിൽ പങ്കെടുത്തു.
'അമ്മ വളരെ സന്തോഷവതിയായിരുന്നിരിക്കും' എന്ന് ചടങ്ങിന് ശേഷം ബേക്കറിന്റെ മകൻ അക്കിയോ ബൗയിലൺ പറഞ്ഞു. 'ചരിത്രത്തിലെ മറന്നുപോയ എല്ലാ മനുഷ്യരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രതീകമല്ലെങ്കിൽ പാന്തിയോണിൽ പ്രവേശിക്കാൻ അമ്മ സമ്മതിക്കില്ലായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു. 'ചടങ്ങ് നടക്കവെ പുറത്ത് തെരുവില്‍ നിരന്നിരിക്കുന്ന മനുഷ്യരെ നോക്കൂ. അത് പൊതുജനമാണ്. അവര്‍ അമ്മയെ അത്രയേറെ സ്നേഹിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബേക്കറിന്റെ Me revoilà Paris (പാരീസ്, ഐ ആം ബാക്ക്) എന്ന ഗാനത്തോടെയാണ് ആദരാഞ്ജലി ചടങ്ങ് ആരംഭിച്ചത്. ഫ്രഞ്ച് ആർമി ഗായകസംഘം ഫ്രഞ്ച് റെസിസ്റ്റൻസ് ഗാനം ആലപിച്ചു. ഗാനം കേട്ടതും പൊതുജനം ശക്തമായ കരഘോഷം മുഴക്കി.
അവളുടെ സിഗ്നേച്ചർ ഗാനമായ 'ജെയ് ഡ്യൂക്സ് അമൂർസ്' (ടു ലവ്സ്) പിന്നീട് പാന്തിയോൺ പ്ലാസയിൽ ബേക്കറിന്റെ ശബ്ദത്തിനൊപ്പം ഒരു ഓർക്കസ്ട്ര പ്ലേ ചെയ്തു. സ്മാരകത്തിൽ പ്രദർശിപ്പിച്ച ഒരു ലൈറ്റ് ഷോയ്ക്കിടെ, ബേക്കർ പറയുന്നത് കേൾക്കാം 'ഞാൻ ഫ്രാൻസ് ദത്തെടുത്ത ആളാണെന്ന് ഞാൻ കരുതുന്നു. അത് പ്രത്യേകിച്ചും എന്റെ മാനവിക മൂല്യങ്ങൾ വികസിപ്പിച്ചെടുത്തു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.'
മാർട്ടിൻ ലൂഥർ കിങ്ങിന്റെ പ്രശസ്തമായ 'എനിക്കൊരു സ്വപ്നമുണ്ട്' എന്ന പ്രസംഗവും ആദരാഞ്ജലിയിൽ ഉൾപ്പെടുന്നു. 1963 മാർച്ചിൽ വാഷിംഗ്ടണിൽ വെച്ച് അദ്ദേഹത്തിന് മുമ്പാകെ സംസാരിച്ച ഏക സ്ത്രീ ബേക്കർ ആയിരുന്നു. അവിടെ അദ്ദേഹം ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തിയിരുന്നു.
മിസോറിയിലെ സെന്റ് ലൂയിസിൽ ജനിച്ച ബേക്കർ 1930 -കളിലാണ് ഒരു മെഗാസ്റ്റാറായത്. പ്രത്യേകിച്ച് ഫ്രാൻസിൽ. 1925 -ൽ അമേരിക്കയിലെ വംശീയതയിൽ നിന്നും വേർതിരിവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിന്‍റെ ഭാഗമായി അവിടെനിന്നും അവർ താമസം മാറി.
'ഒരു കറുത്തവർഗ്ഗക്കാരി പാന്തിയോണിൽ പ്രവേശിക്കുന്നത് ചരിത്രപരമാണ്' എന്ന് യുഎസ് ന്യൂനപക്ഷ അവകാശ പ്രസ്ഥാനങ്ങളിൽ വിദഗ്ധനായ കറുത്ത വര്‍ഗക്കാരനും ഫ്രഞ്ച് പണ്ഡിതനുമായ പാപ്പ് എൻഡിയായെ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
പ്രശസ്ത എഴുത്തുകാരനും ബുദ്ധിജീവിയുമായ ജെയിംസ് ബാൾഡ്‌വിൻ ഉൾപ്പെടെ, രണ്ട് ലോക മഹായുദ്ധങ്ങൾക്ക് ശേഷം ഫ്രാൻസിൽ അഭയം കണ്ടെത്തിയ നിരവധി പ്രമുഖ കറുത്ത വർഗക്കാരായ അമേരിക്കക്കാരിൽ, പ്രത്യേകിച്ച് കലാകാരന്മാരുടെയും എഴുത്തുകാരുടെയും കൂട്ടത്തില്‍ ബേക്കറും ഉൾപ്പെടുന്നു.
കറുത്ത വര്‍ഗക്കാരിയും അടിമത്തത്തിനെതിരെ പ്രതികരിക്കുന്നവളുമെന്ന രീതിയില്‍ ബേക്കറിന് നേരെയുണ്ടായ എതിര്‍പ്പുകള്‍ ചില്ലറയായിരുന്നില്ല. ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ 'കറുത്തവൾ' എന്ന് ആക്ഷേപിച്ചു കൊണ്ട് നിരവധി ഹോട്ടലുകള്‍ അവര്‍ക്കും ഭര്‍ത്താവിനും അനുവാദം നിഷേധിച്ചു. അമേരിക്കയിലെ അന്നത്തെ വംശീയതയെ കുറിച്ച് ഭയമൊന്നും കൂടാതെ തന്നെ ബേക്കര്‍ ഒരുപാട് ലേഖനങ്ങളാണ് എഴുതിയത്. തീര്‍ന്നില്ല, നിരവധി സര്‍വകലാശാലകളില്‍ പ്രസംഗിച്ചു, കറുത്തവരെ വേര്‍തിരിച്ചു കണ്ടിരുന്ന സദസുകളില്‍ താന്‍ പരിപാടി അവതരിപ്പിക്കില്ലെന്ന ഉറച്ച നിലപാടുകളെടുത്തു.
വെറും പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ച, എട്ടുവയസുള്ളപ്പോൾ തന്നെ വെള്ളക്കാരുടെ വീട്ടിൽ പണിക്ക് പോവാനാരംഭിച്ച പെൺകുട്ടി. ഒരുവീട്ടിൽ വച്ച് സോപ്പ് അധികമുപയോഗിച്ചു എന്ന് പറഞ്ഞ് ഉടമയായ വെള്ളക്കാരി ബേക്കറുടെ കൈപൊള്ളിച്ചിരുന്നു. എന്നിട്ടും അവൾ വെന്തുപോവുന്നതിന് പകരം ആളിക്കത്തി. ഗായികയും നർത്തകിയുമായി.
തന്റെ വർഗത്തിനുവേണ്ടിയും അടിമത്തത്തിനെതിരെയും ബദലില്ലാത്ത പോരാട്ടം തന്നെ നടത്തി. ഇന്ന് പാന്തിയോണിലെ ആദ്യ കറുത്ത വർഗക്കാരിയായിക്കൂടി ബേക്കർ മാറുമ്പോൾ ചരിത്രത്തിലവർക്ക് ചെയ്യാനുണ്ടായിരുന്നത് നീതിയോടെ നിർവഹിച്ച സ്ത്രീയെന്ന് ലോകം ഒരിക്കൽ കൂടി അവരെയോർക്കുമെന്നതിൽ സംശയങ്ങളില്ല.