മാന്ത്രികതയുള്ള, കാമമുണര്‍ത്തുന്ന ദ്വീപുകള്‍? പ്രണയികളുടെ ഈ തീര്‍ത്ഥാടനകേന്ദ്രങ്ങളേതാണ്?
ഇറ്റലിയിലെ അയോലിയൻ ദ്വീപസമൂഹത്തിലെ അതിശയകരമായ രണ്ട് ദ്വീപുകളാണ് സ്ട്രോംബോളിയും ഫിലിക്കുഡിയും. കാഴ്ചയിൽ അവ പ്രാകൃതവും, വന്യവും, രസകരവുമാണ്. മനോഹരമായ ഈ അഗ്നിപർവ്വത പ്രദേശത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അവ മാന്ത്രികവും കാമമുണർത്തുന്നവയുമാണെന്നാണ് പൊതുവേ പറയാറുള്ളത്. നഷ്ടമായ ലൈംഗികതയെ വീണ്ടെടുക്കാനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്ന് കരുതുന്നവരേറെയാണ്.
ഈ 'ലൈംഗിക തീർത്ഥാടന' കേന്ദ്രത്തിലേക്ക് പ്രണയവും അഭിനിവേശവും തേടി ഒഴുകിയെത്തുന്ന സഞ്ചാരികൾ അനവധിയാണ്. കാമമുണർത്താൻ ഈ ദ്വീപുകൾക്ക് വല്ലാത്ത ശക്തിയുണ്ടെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു. ദ്വീപുകളിലെ ഊഷ്മളമായ ജലവും, അതിമനോഹരമായ ലാവാ പ്രവാഹവും, അതിശയിപ്പിക്കുന്ന ഗുഹകളും, നിഗൂഢമായ പുഷ്പങ്ങളും എല്ലാം ആനന്ദത്തിലേയ്ക്ക് ആളുകളെ കൊണ്ടെത്തിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരു കുഞ്ഞിക്കാല് കാണാൻ ആഗ്രഹിക്കുന്ന നവദമ്പതികൾ ലോകത്തിന്റെ പലഭാഗത്തുനിന്നും ഇവിടെയെത്തുന്നു. അവധിക്കാലം ആഘോഷിക്കാൻ വരുന്ന നിരവധി അവിവാഹിതരും ഇവിടെ വന്ന് പ്രണയത്തിലാവുന്നത് പതിവാണെന്ന് ബിസിനസ്സ് ഉടമ ലൂയിസ പാഡുവാനോ പറഞ്ഞു.
ദ്വീപുകളിലെ ഏറ്റവും കാമോദ്ദീപകമായ സ്ഥലമാണ് സ്ട്രോംബോളി. ഇത് ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണ്. ഓരോ 15 മിനിറ്റിലും പതിവായി ഇത് പൊട്ടിത്തെറിക്കുന്നു. മഞ്ഞയും, ചുവപ്പും, ഓറഞ്ചും, കറുപ്പും ഇടകലർന്ന മണലിൽ പിങ്ക് പൂക്കൾ പൊതിഞ്ഞു നിൽക്കുന്ന മനോഹരമായ അരികുകളാണ് അഗ്നിപർവ്വത്തിനുള്ളത്.
രാത്രിയിൽ അവിടേയ്ക്ക് ബോട്ട് ടൂറുകളുണ്ട്. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് കീഴിൽ ആളുകൾ പ്രണയബന്ധതരായി കൈകോർത്തു പിടിച്ച് നടക്കുന്നു. "ഇത് വളരെ മനോഹരമായ സ്ഥലമാണ്, തീയുടെയും, അഭിനിവേശത്തിന്റെയും ഒരു ദ്വീപ്" പ്രാദേശിക വൈൻ വ്യാപാരി മരിയ പുഗ്ലിസി പറയുന്നു. "ഓരോ തവണയും അഗ്നിപർവ്വതം പൊട്ടിപ്പുറപ്പെടുമ്പോൾ നിങ്ങളുടെ ഉള്ളിൽ നിരന്തരമായ സ്പന്ദനങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നാം. ഇത് ശക്തവും കാമമുണർത്തുന്നതുമാണ്" അവർ പറഞ്ഞു.
ആ എട്ട് മണിക്കൂർ ട്രെക്കിംഗിൽ പലരും നഗ്നരായി നടക്കാനാണ് ഇഷ്ടപ്പെടുന്നത്. വിറയ്ക്കുന്ന മണ്ണിൽ കിടക്കുമ്പോൾ പൊട്ടിത്തെറികളും സ്പന്ദനങ്ങളും അവരുടെ ശരീരത്തിലൂടെ ഒഴുകുന്നപോലെ തോന്നും. സ്ട്രോംബോളിയുടെ തനതായ രാത്രികാല സുഗന്ധവും ഉത്തേജകമായ വായുവും അതിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. അവിടെയുള്ള രാത്രിയിൽ മാത്രം വിടരുന്ന ലില്ലിയുടെ വർഗ്ഗത്തിൽ പെട്ട ഒരു പുഷ്പവും ഇതിനൊരു കാരണമായി പറയുന്നു.
രാത്രിയിൽ അത് മോഹിപ്പിക്കുന്ന സുഗന്ധം പുറന്തള്ളുന്നുവെന്നും, അത് ഒരുതരം ഉന്മാദം സൃഷ്ടിക്കുമെന്നും പറയപ്പെടുന്നു. അതിന്റെ ഗന്ധത്തിന് വല്ലാത്ത ഒരു നിർവൃതി പകരാൻ സാധിക്കുമെന്നും, അത് നമ്മെ കൂടുതൽ ഉത്സാഹമുള്ളവരാക്കുമെന്നും കരുതപ്പെടുന്നു. സ്ട്രോംബോളിയുടെ ഓരോ കോണിലും വിടർന്നു നിൽക്കുന്ന ആ പൂവിന്റെ സ്വഭാവത്തെ പ്രശംസിച്ചുകൊണ്ട് പണ്ടുകാലങ്ങളിൽ പ്രഭുക്കന്മാരും കവികളും കവിതകൾ രചിച്ചിട്ടുണ്ട്.
അടുത്തുള്ള ദ്വീപായ ഫിലിക്കുഡിയിലെ പ്രധാന ആകർഷണം കടൽകുടിലുകളും ആളൊഴിഞ്ഞ പ്രണയഗുഹകളുമാണ്. ദമ്പതികൾ കുട്ടികൾ ഉണ്ടാകാനായി പതിവായി ഇവിടം സന്ദർശിക്കുന്നു. 'ഫെർട്ടിലിറ്റി ഗുഹകൾ' എന്നറിയപ്പെടുന്ന അവിടെ ഇണചേരുന്ന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
പ്രായമായ ഗ്രാമീണസ്ത്രീകൾ വന്ധ്യത മാറാനുള്ള മരുന്ന് ഉണ്ടാക്കുന്നതായും കരുതപ്പെടുന്നു. പുരുഷലൈംഗിക അവയവത്തിന്റെ ആകൃതിയിലുള്ള അസാധാരണമായ പാറകളും അവിടെ കാണാം. അവിവാഹിതകളായ സ്ത്രീകൾ അതിൽ സ്പർശിച്ചാൽ, നല്ല പ്രണയിതാവിനെ കണ്ടെത്തുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
ഐ ഡെൽഫിനി ഡൈവിംഗ് സെന്ററിലെ നിനോ ടെറാനോ പറയുന്നത്, “ദ്വീപിൽ വിചിത്രമായ ആകൃതികളും നിറങ്ങളും ഉള്ള പാറകളുണ്ട്. പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയിലുള്ള അത്തരമൊരു പാറ ഭാഗ്യം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ഇതിൽ തൊടുന്ന പെൺകുട്ടികൾ ഒരാളെ കണ്ടെത്തുകയും എത്രയും വേഗം വിവാഹം കഴിക്കുകയും ധാരാളം കുട്ടികളുണ്ടാകുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു."
ഇന്ദ്രിയങ്ങളെയും ആനന്ദത്തെയും ഉണർത്തുന്ന എന്തോ ഒന്ന് ഫിലിക്കുഡിനുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഹോട്ടൽ ലാ കന്നയിലെ എൻസോ അനസ്തസി പറയുന്നു, “നിങ്ങൾ എങ്ങനെ, എവിടെ നോക്കിയാലും പ്രണയം കണ്ടെത്തുന്ന ദ്വീപാണിത്." ഏതായാലും വിശ്വാസവും മറ്റുമെല്ലാം മാറ്റിനിര്‍ത്തിപ്പറഞ്ഞാലും അതിമനോഹരമായ ദ്വീപുകളാണിവ.
(വിവരങ്ങള്‍ക്ക് കടപ്പാട്: സിഎന്‍എന്‍)