മട്ടാഞ്ചേരിയിലെ 'മരണക്കിടക്ക'യില്‍ നിന്ന് ലോകസഞ്ചാരത്തിന്‍റെ റെക്കോര്‍ഡിലേക്ക് ഒരു നായയുടെ സഞ്ചാരം
'എന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുടെ രാത്രിയായിരുന്നു അത്. മണിക്കൂറുകള്‍ക്ക് മുമ്പ് വരെ പേരില്ലാത്തവന്‍. എപ്പോഴാണ് എന്‍റെ കുടുംബത്തെ എനിക്ക് നഷ്ടമായതെന്ന് എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, ഈ ദിവസം കൊച്ചിയിലെ തെരുവുകളില്‍ ഞാന്‍ ഏകനാണ്. ഒരു മീറ്ററോളം ഉയരമുള്ള തട്ടില്‍ മരണം കാത്തിരിക്കുന്നു. എനിക്ക് വിശന്നലഞ്ഞു. വല്ലാത്ത ചൂടുണ്ടായിരുന്നു. ശരീരത്തില്‍ നിന്ന് ജലാംശമെല്ലാം നഷ്ടമായിരിക്കുന്നു. ഞാന്‍ ഭയപ്പെട്ടു, എനിക്ക് എന്‍റെ കാലുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞില്ല. സഹായത്തിനായി ഞാന്‍ കരഞ്ഞു.
🐾 ഒന്നാം ദിവസം 🐾'
'എന്‍റെ കരച്ചിൽ കേട്ട് പരിഭ്രാന്തരായ രണ്ട് വിനോദ സഞ്ചാരികൾക്ക് കടന്നുപോകാൻ കഴിഞ്ഞില്ല. അവർ എന്നെയും കൂടെ കൂട്ടി. വെള്ളവും ഭക്ഷണവും നൽകി. എന്തുകൊണ്ടാണെന്ന് അറിയില്ല, അവർ എന്നെ വെറുപ്പുളവാക്കുന്ന തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചു. എങ്കിലും അതിന് ശേഷം എനിക്ക് സുഖം തോന്നുന്നു.
🐾 ഒന്നാം ദിവസം 🐾'
ഞാൻ അവന്‍റെ കാലുകളില്‍ കിടന്നുറങ്ങുന്നത് വളരെ നല്ല നിമിഷങ്ങളായിരുന്നു. പക്ഷേ രാത്രികാലം ഭീകരമായിരുന്നു. ആയിരക്കണക്കിന് ഈച്ചകൾ... അവ എന്നെ സ്ഥിരമായി കടിക്കും. അവർ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു !
🐾 രണ്ടാം ദിവസം.
മൂന്നാം നാള്‍, നാലാം നാള്‍... അവള്‍ മട്ടാഞ്ചേരി മൃഗാശുപത്രിയില്‍ പോയതും കൊച്ചി മൃഗാശുപത്രിയില്‍ നിന്ന് കുത്തിവയ്പ്പെടുത്തതും അങ്ങനെ അങ്ങനെ 2017 ഫെബ്രുവരി 10 -ാം തിയതി മുതല്‍ അവളുടെ കുറിപ്പുകളായിരുന്നു ആ ഇന്‍സ്റ്റാഗ്രം പേജ് നിറയേ. ഏറ്റവും ഒടുവില്‍ ലോകത്ത് 'ഏറ്റവുമധികം യാത്ര ചെയ്ത നായ' എന്ന അവര്‍ഡും അവന് ലഭിച്ചു. ഒരു രാജ്യത്തിന്‍റെത് മാത്രമല്ല രണ്ട് രാജ്യങ്ങളുടെ. ഉക്രെയ്നിലെ നാഷണൽ രജിസ്റ്റർ ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും.
അതെ, അനാഥയായി മട്ടാഞ്ചേരിയിലെ ഒരു മരപ്പലകയില്‍ മരണം കാത്ത് കിടന്ന ആ ഫെബ്രുവരിയില്‍ നിന്ന് അവളിന്ന് ലോകം മുഴുവനും സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ, ഇന്ത്യയിലെ നാടാന്‍ പട്ടികളില്‍ ഏറ്റവും സൌഭാഗ്യം ലഭിച്ച നായയും അവളായിരിക്കണം. ഏഷ്യയിലെയും യൂറോപ്പിലെയും 30 രാജ്യങ്ങളിലൂടെ 55,000 കിലോമീറ്റർ സഞ്ചരിച്ച് 116 നഗരങ്ങൾ അവള്‍ ഇതിനകം കണ്ടു കഴിഞ്ഞു. 14 ദ്വീപുകളും 11 കടലുകളും അവള്‍ താണ്ടിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ 16 വ്യത്യസ്ത ഗതാഗതമാര്‍ഗ്ഗങ്ങളും അവള്‍ ഉപയോഗിച്ചു കഴിഞ്ഞു. അതെ... മലയാളി കെട്ടിയിട്ടും കെട്ടിവലിച്ചും തല്ലിയും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന അതേ നാടന്‍ നായയാണ് അവളും ചപതി.
ചപതിയെന്ന ഇന്ത്യന്‍ നാടന്‍ നായയുടെ യാത്ര...
ഉക്രയിനില്‍ നിന്ന് കൊച്ചികാണാനായെത്തിയ ദമ്പതികളായ ക്രിസ്റ്റീന മസലോവയും യൂജിന്‍ പെദ്രോസുമാണ് അവളെ എടുത്ത് വളര്‍ത്തിയത്. അവര്‍ സഞ്ചരിച്ച ദൂരമെല്ലാം അവളെയും ഒപ്പം കൂട്ടി. എല്ലാ പ്രൌഢിയോടും കൂടി ചപതിയും ലോകം കണ്ടു. ഇന്ത്യയിലെ നാടന്‍ നായയുടെ ശൌര്യം ലോകവും കണ്ടു.
( കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അവളുടെ യാത്ര തുടങ്ങുന്നു. അതിന് മുമ്പ് ക്രിസ്റ്റീനയുടെ മടിയില്‍ അല്‍പ്പം വിശ്രമം. )
തങ്ങള്‍ കൂടെ കൂട്ടിയ നായകുട്ടിക്ക് അവര്‍ ഒരു പേരിട്ടു. ചപതി. യഥാര്‍ത്ഥത്തില്‍ പേര് ചപ്പാത്തിയെന്നാണ്. കാരണം അവളെ കൂടെ കൂട്ടിയ ക്രിസ്റ്റീന മസലോവയ്ക്കും യൂജിന്‍ പെദ്രോസിനും മട്ടാഞ്ചേരിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ചപ്പാത്തിയായിരുന്നു. ആ പേര് അവര്‍ അവള്‍ക്ക് നല്‍കി. ( ചത്രപതി ശിവാജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ചപതി. )
എന്നാല്‍ ഉക്രൈന്‍കാരുടെ മലയാളം ഉച്ചാരണത്തില്‍ ചപ്പാത്തി, ചപതിയായി പരിണമിക്കപ്പെട്ടു. ട്രാവലിംഗ് വ്ലോഗേഴ്സാണ് ക്രിസ്റ്റീന മസലോവയും യൂജിന്‍ പെദ്രോസും. ഇരുവരും 2017 ഫെബ്രുവരിയില്‍ ഒപ്പം കൂട്ടിയ ചപതിക്കായി തുറന്ന ഇന്‍സ്റ്റാഗ്രാം പേജാണ് ട്രാവലിങ്ങ് ചപതി. (പഞ്ചാബിലെ അമൃത്സറില്‍ നിന്ന്)
മട്ടാഞ്ചേരിയില്‍ മരണം കാത്ത് കിടന്ന ആ തണുത്ത ഫെബ്രുവരിയില്‍ നിന്ന് അവളൊരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. നൂറും ആയിരവും കിലോമീറ്ററുകളല്ല. 55,000 കിലോമീറ്റര്‍ ദൂരമാണ് അവള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സഞ്ചരിച്ചത്. ( ഹിമാചല്‍ പ്രദേശിലെ മക്ലിയോഡ് ഗഞ്ചില്‍ നിന്ന്. )
അങ്ങനെ അവള്‍ ട്രാവലിങ്ങ് ചപതിയെന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലോകം മൊത്തം ആയിരക്കണക്കിന് ആരാധകരുള്ള നായയായി മാറി. അതിനിടെ അവള്‍ പതിനൊന്ന് കടലുകളും താണ്ടി നടന്ന് കയറിയത് പതിനാല് ദ്വീപുകളിലേക്ക്... മനുഷ്യരുപയോഗിക്കുന്ന പതിനാറ് തരം ഗതാഗത മാര്‍ഗങ്ങള്‍ അവളും ഉപയോഗിച്ചു. ( മട്ടാഞ്ചേരിയില്‍ നിന്ന് യാത്ര തുടങ്ങി 41-ാം ദിവസം മണാലിയില്‍. )
ഒടുവില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച നായയെന്ന നേട്ടം തന്നെ തേടിവരുമ്പോളും ഇന്ത്യയിലെ നാടന്‍ നായകളുടെ പ്രശസ്തി തന്നിലൂടെ ലോകമറിയുമല്ലോയെന്ന സന്തോഷമാണ് അവള്‍ക്കുള്ളതെന്ന് ക്രിസ്റ്റീനയും യൂജിനും ഒരുപോലെ പറയുന്നു. ( നേപ്പാളില്‍ ബുദ്ധഭിക്ഷുവിനോടൊപ്പം )
പതിനാറ് തരത്തിലുള്ള ഗതാഗത മാര്‍ഗങ്ങളിലൂടെയാണ് ചപ്പാത്തി ഇതുവരെ സഞ്ചരിച്ചത്. നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും ഇന്ത്യയിലെ തന്റെ കൂട്ടുകാരോടുള്ള സ്‌നേഹവും ചപ്പാത്തി വെളിപ്പെടുത്തുന്നുണ്ട്. ഈ റെക്കോഡ് ഇന്ത്യയിലെ നാടന്‍ പട്ടികളെ കൂടുതല്‍ പ്രശസ്തിയിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് ചപ്പാത്തിയുടെ പ്രതീക്ഷ. ( യാത്രപുറപ്പെട്ട് 75 -ാം ദിവസം കോങ് പാന്ങിലെ പൂര്‍ണ്ണ നിലാവത്തെ ഒരു പാര്‍ട്ടിയില്‍ നിന്ന് )
മനുഷ്യന്‍ അവന്‍റെ പരിണാമഗതിയില്‍ ആദ്യമായി കൂടെകൂട്ടിയ മൃഗമാണ് നായകളെന്നാണ് ഇതുവരെയുള്ള പഠനങ്ങളെല്ലാം പറയുന്നത്. അതായത് നായയും മനുഷ്യനും തമ്മില്‍ അനന്തമനാധിയോളം കാലത്തെ സൌഹൃദമുണ്ടെന്ന്. (തായ്ലന്‍റിലെ ചിയാങ് മായില്‍ നിന്ന് )
എന്നാല്‍ ഒരു സമൂഹമായി മനുഷ്യന്‍ വളരുകയും സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് മറ്റുള്ളവരെക്കാള്‍ മുകളിലാണെന്ന മിഥ്യാധാരണയില്‍ അഭിരമിക്കുകയും ചെയ്യുന്നതിനിടെ ' മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന' പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി നാടന്‍ പട്ടികളെ പലരും പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കി. പകരം 'നല്ലയിനം' വിദേശ നായ്കളെ തങ്ങളുടെ വീടിനുള്ളില്‍ വളര്‍ത്തി. ( ബാംഗോങ്ങില്‍ നിന്ന് )
ചിലര്‍ ഇന്നും വണ്ടികളില്‍ കെട്ടി വലിച്ചും മറ്റ് ചിലര്‍ വിഷം കൊടുത്തും വേറെ ചിലര്‍ ഭക്ഷണത്തില്‍ ആണിയും കുപ്പിച്ചില്ലുകളും നിറച്ച് വച്ച് കഴിക്കാന്‍ കൊടുത്തും നാടന്‍ നായ്ക്കളെ കൊല്ലാന്‍ ശ്രമിക്കുന്നെന്ന് കേരളത്തിലെ 'പെറ്റ്' സംഘടനകളുടെ ഫേസ്ബുക്ക് പേജില്‍ നിരന്തരം വരുന്ന വാര്‍ത്തകളാണ്. ( മിലനിലെ കത്തീഡ്രലായ ഡോമോ ഡി മിലാനോയ്ക്ക് മുന്നില്‍ നിന്ന്. യാത്രയുടെ 221 -ാം ദിവസം )
അത്തരമൊരുകാലത്താണ് ചപതി എന്ന മട്ടാഞ്ചേരിയില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് മരണം കാത്ത് കിടന്നൊരു തെരുവ് നായ കുട്ടി തന്‍റെ നാല് വര്‍ഷത്തെ ജീവിതത്തിനിടെയില്‍ ഇക്കണ്ട ലോകമെല്ലാം കയറിയിറങ്ങിയത്. അതെ മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടെന്ന് വിദേശികള്‍ പറഞ്ഞ് തരേണ്ട 'ഗതി'യിലേക്ക് മലയാളി മാറിയിരിക്കുന്നു. ( പിസാ ഗോപുരത്തിന് സമീപം ചപതി. )
പിസാ ഗോപുരത്തിന് സമീപം ചപതി.
ഇറ്റലിയിലെ ഫ്ലോറന്‍സില്‍ നിന്ന് യാത്രയുടെ 239 -ാം ദിവസം ക്രിസ്റ്റീന മസലോവയോടൊപ്പം.
യാത്രയുടെ 250 -ാം ദിവസം ക്രിസ്റ്റീന മസലോവയോടൊപ്പം പോളണ്ടിലെ ക്രാകോവ് നഗരപ്രാന്തത്തില്‍ നിന്ന്.
ഉക്രൈനിലെ കൈവ് പാലത്തിന് മുകളില്‍ നിന്ന്
കോറോന്‍ ദ്വീപില്‍ നിന്ന്.
കോപ്പന്‍ഹേഗില്‍ നിന്ന് ജലകന്യകയുടെ ശില്പത്തോടൊപ്പം.
ഇസ്താംബൂളില്‍ പ്രശസ്തമായ ഹാദിയ സോഫിയ പള്ളിക്ക് സമീപം.
ഗ്രീസ് തികച്ചും സൗഹൃദപരമായിരുന്നുവെങ്കിലും, മെറ്റിയോറയിലെ ഈ പഴയ ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയില്‍ മൃഗങ്ങളെ പ്രത്യേകിച്ച് നായ്ക്കളെ അകത്തേക്ക് അനുവദിക്കില്ല. എന്നാൽ ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. പുറത്തെ കാഴ്ച തന്നെ അതിശയകരമാണ്. എന്‍റെ അനുഭവത്തിൽ, മിക്ക ക്ഷേത്രങ്ങള്‍ക്കും അകത്ത് എന്നെ അനുവദിച്ച ഒരേയൊരു മതം ബുദ്ധമതമാണ് ( എന്‍റെ സന്ദർശന സമയത്ത് നായകള്‍ തീർത്തും സൗഹൃദപരമല്ലെന്നാണ് തോന്നിയ തായ്‌ലൻഡിൽ പോലും..).
തുര്‍ക്കിയിലെ നീല പള്ളിക്ക് മുന്നില്‍ നിന്ന്.
ബുദാപെസ്റ്റ് നിന്നും
ഉക്രൈനില്‍ നിന്ന്.
ഇത് ഒരു ഗൂഢാലോചനയ്ക്കുള്ള സമയമാണ്, എന്‍റെ ചങ്ങാതിമാർ ഈ ശനിയാഴ്ച എന്‍റെ ചില പ്രത്യേക വാർത്തകള്‍ വെളിപ്പെടുത്തും. നിങ്ങൾ കൈവിലാണ് താമസിക്കുന്നതെങ്കിൽ, എന്‍റെ ആഘോഷത്തിൽ ചേരാൻ നിങ്ങൾക്ക് സ്വാഗതം, അവിടെ വളർത്തുമൃഗങ്ങളുമൊത്ത് യാത്ര ചെയ്യുന്നതിനെക്കുറിച്ചും ഞങ്ങൾ ഒരു പ്രഭാഷണം നടത്തും. ക്രിസ്റ്റീന മസലോവയ്ക്കും യൂജിന്‍ പെദ്രോസിനും ഒപ്പം ചപതി.
ചപതിയുടെ റക്കോര്‍ഡ് നേട്ടവുമായി ഉക്രൈന് ദമ്പതിമാരായ ക്രിസ്റ്റീന മസലോവയും യൂജിന്‍ പെദ്രോസും പിന്നെ ചപതിയും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona