മഞ്ഞനിറം മാത്രമേ ഉപയോഗിക്കൂ, താരമായ അലെപ്പോയിലെ 'മഞ്ഞമനുഷ്യൻ'
ഓരോരുത്തർക്കും പ്രിയപ്പെട്ട നിറങ്ങൾ ഉണ്ടാകും. ചിലർക്ക് അത് ആകാശത്തിന്റെ നീലയാണെങ്കിൽ, ചിലർക്ക് കാടിന്റെ പച്ചയാകും, ഇല്ലെങ്കിൽ രാത്രിയുടെ കറുപ്പാകും. എന്നിരുന്നാലും, അതിന്റെ പേരിൽ നമ്മൾ ബാക്കി നിറങ്ങളെ പാടെ മാറ്റി നിർത്താറില്ല. എന്നാൽ പക്ഷേ, അലെപ്പോയിലെ അബു സകൂർ അങ്ങനെയല്ല. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നിറം മഞ്ഞയാണ്. അതിനോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം, ബാക്കി നിറങ്ങളോടെല്ലാം അദ്ദേഹം ഗുഡ്ബൈ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി മഞ്ഞ മാത്രമാണ് അബു സകൂർ ധരിക്കുന്നത്. അബുവിന്റെ വിശേഷങ്ങൾ അറിയാം.
അബു വസ്ത്രങ്ങൾ മാത്രമാണ് മഞ്ഞനിറത്തിലുള്ളവ ധരിക്കുന്നത് എന്ന് കരുതരുത്. അബുവിന്റെ വസ്ത്രങ്ങൾ മാത്രമല്ല, വാച്ച്, തൊപ്പി, ഷൂസ്, കുട, കിടക്ക, കാർ, ക്ലോക്ക്… എല്ലാം മഞ്ഞയാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവം കൊണ്ട് തന്നെ അദ്ദേഹത്തെ എല്ലാവരും ‘മഞ്ഞ മനുഷ്യൻ’ എന്ന് വിളിക്കുന്നു.
74 -കാരനായ അബു സിറിയയിലെ അലെപ്പോയിലാണ് താമസിക്കുന്നത്. 1983 മുതലാണ് അദ്ദേഹം മഞ്ഞ ധരിക്കാൻ തുടങ്ങിയത്. ഒടുവിൽ അടിവസ്ത്രം പോലും മഞ്ഞയായി മാറിയെന്ന് ചിരിച്ചുകൊണ്ട് അബു പറയുന്നു.
മഞ്ഞ മാത്രം ധരിയ്ക്കുന്ന അദ്ദേഹം ഇപ്പോൾ അലെപ്പോയുടെ താരമാണ്. എവിടെ പോയാലും ആളുകൾ സെൽഫികൾ എടുക്കാൻ അദ്ദേഹത്തിന് ചുറ്റും കൂടുന്നു. എല്ലാവരോടും തമാശ പറഞ്ഞ്, കുശലം ചോദിച്ച് അദ്ദേഹം സെൽഫിയ്ക്ക് പോസ് ചെയ്യും.
അതിനാൽ ഒരു കിലോമീറ്റർ നടക്കാൻ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും എടുക്കുമെന്നാണ് അബുവിന്റെ കണക്കുകൂട്ടൽ. ‘അലപ്പോയിലെ ഡൊണാൾഡ് ട്രംപ്’ എന്നും അദ്ദേഹം അറിയപ്പെടുന്നു. ട്രംപിന്റെ മുടിയുടെ നിറമാണ് ഇതിന് കാരണം.
എന്നാൽ, മഞ്ഞ ധരിക്കുന്നത് കൊണ്ട് അപകടവുമുണ്ട് എന്നദ്ദേഹം പറയുന്നു. 2012 -ൽ വിമതർ നഗരം പിടിച്ചെടുത്തപ്പോൾ അബുവിനെ അവർ തടഞ്ഞു വച്ചു. ഇനി മഞ്ഞ ധരിക്കരുതെന്ന് അവർ അബുവിന് താക്കീത് നൽകി. എന്നാൽ, അതിൽ നിന്ന് അദ്ദേഹത്തെ തടയാൻ ആർക്കുമായില്ല.
ദൈവാനുഗ്രഹത്താൽ താൻ ഇപ്പോഴും മഞ്ഞ ധരിക്കുന്നു എന്നദ്ദേഹം പറഞ്ഞു. മഞ്ഞ സന്തോഷത്തിന്റെ നിറമാണ്. രാജ്യത്ത് നടക്കുന്ന യുദ്ധങ്ങൾക്കും കലാപങ്ങൾക്കും ഇടയിലും അദ്ദേഹം സന്തുഷ്ടനാണ്. ആ സന്തോഷം ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയിൽ ആരാധന മൂത്ത് നഗരത്തിലെ ഒരു റെസ്റ്റോറന്റ് ഉടമ തന്റെ സ്ഥാപനത്തിനുള്ളിൽ അബുവിന്റെ ഒരു ചെറിയ പ്രതിമ സ്ഥാപിച്ചു. “അബു സക്കൂർ അലപ്പോയുടെ പൈതൃകത്തിന്റെ ഭാഗമാണ്. അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ പ്രതിമ നഗരത്തിന്റെ മധ്യത്തിൽ സ്ഥാപിച്ചു” റെസ്റ്റോറന്റ് ഉടമ മാജിദ് ഷർഷക്ജി പറയുന്നു.
അബു റെസ്റ്റോറന്റിൽ പ്രവേശിച്ചാൽ ഉടനെ ആളുകൾ അദ്ദേഹത്തിന് ചുറ്റും തടിച്ചുകൂടുന്നു. ആളുകൾ ഫോട്ടോകൾ എടുത്തോട്ടെ എന്ന് ചോദിക്കുമ്പോൾ, അഭിമാനത്തോടെ പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രതിമയുടെ മുന്നിൽ നിന്നു കൊടുക്കുന്നു.
ഭാര്യ നഷ്ടപ്പെട്ട, മൂന്ന് കുട്ടികളുടെ അച്ഛനായ അബു നഗരത്തിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഫ്ലാറ്റിനകവും മഞ്ഞയാണ്. കസേരകൾ, കട്ടിൽ, അലമാര എല്ലാം മഞ്ഞയാണ്.
“ഇതെല്ലാം ശേഖരിക്കാൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടു. ഞാൻ ചെയ്‌തത് ആർക്കും ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നില്ല” അദ്ദേഹം പറയുന്നു.
എന്നാൽ, നിറത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യത്തിന്റെ പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം ഇപ്പോഴും തയ്യാറല്ല. അതിന്റെ രഹസ്യം തന്റെ വിൽപത്രത്തിലൂടെ മാത്രം അറിഞ്ഞാൽ മതിയെന്നാണ് അബു പറയുന്നത്.