മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ മറ്റൊരു വീടിന്‍റെ മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫിനെ (56) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്‍റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയും ജോസഫുമായി മല്‍പ്പിടിത്തം നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രക്ഷപ്പെട്ട ഇയാളെ പുലര്‍ച്ചെയോടെയാണ് തൊട്ടടുത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കൃഷ്ണ പ്രസാദ്.
ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും ശബ്ദം കേട്ട് രാജേന്ദ്രനും കുടുംബവും ഉണര്‍ന്നപ്പോഴാണ് വീട്ടിനുള്ളില്‍ മോഷ്ടാക്കളെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് രാജേന്ദ്രനും ജോസഫും തമ്മില്‍ പിടിവലി നടന്നു.
തുടർന്ന് രാജേന്ദ്രനെ മുഖത്ത് കടിച്ച് പരുക്കേൽപ്പിച്ച ശേഷം ജോസഫ് വീടിന് പുറത്തേക്ക് ഓടി രക്ഷപെട്ടുകയായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ വിളിച്ചതനുസരിച്ച് സമീപത്തുള്ള വീട്ടുകാരെത്തി മോഷ്ടാക്കള്‍ക്കായി തിരിച്ചില്‍ നടത്തുന്നതിനിടെയാണ് ജോസഫിനെ സമീപത്തെ വീടിന് അടുത്തായി മരിച്ച നിലയിൽ കണ്ടെത്തിയത്.
മോഷണ ശ്രമം നടന്ന രാജേന്ദ്രന്‍റെ വീടിന് നൂറ്റമ്പത് മീറ്റര്‍ അകലെ മറ്റൊരു വീടിന്‍റെ മുറ്റത്താണ് ജോസഫിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനാലാണ് ജോസഫിന്‍റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. പരുക്കേറ്റ രാജേന്ദ്രൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. രാജേന്ദ്രന്‍റെ വീട്ടില്‍ നിന്നും ഫ്രീഡ്ജിൽ സൂക്ഷിച്ച ഇറച്ചിയും ഷർട്ടിനുള്ളിൽ നിന്ന് 6,000 രൂപയും ജോസഫ് മോഷ്ടിച്ചെന്ന് രാജേന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി.
മല്‍പ്പിടിത്തത്തിനിടെ പരിക്കേറ്റ് ജോസഫിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫ് ഒറ്റയ്ക്കായിരുന്നില്ലെന്നും മറ്റൊരാള്‍ കൂടി മോഷണത്തിന് സഹായിയായി ഉണ്ടായിരുന്നെന്നും വീട്ടികാര്‍ പൊലീസിനെ അറിയിച്ചു.
ജോസഫിനോടൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി വീട്ടിലെ സിസിടിവി ദൃശ്യത്തിലുണ്ടായിരുന്നു. മല്‍പ്പിടിത്തത്തിന് ശേഷം ഇയാളും ഓടി രക്ഷപ്പെട്ടു. ജോസഫിന്‍റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കിലോ ഇറച്ചി. ചെരുപ്പ്, വാക്കത്തിയെന്നിവ കണ്ടെത്തി.
എന്നാല്‍, നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്ന 6000 രൂപ കണ്ടെത്താനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദരടക്കമുള്ളവരെത്തി. സിസിടിവി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടെയുണ്ടായിരുന്ന സഹായിക്കായി നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.