വധശിക്ഷ; ഒരാഴ്ചയ്ക്കിടെ ഇറാനില്‍ തൂക്കിലേറ്റിയത് 32 പേരെ
പ്രാകൃതമായ ശിക്ഷാ വിധികള്‍ നടപ്പാക്കുന്ന മതകോടതികള്‍ക്ക് പേരുകേട്ടതാണ് പല പശ്ചിമേഷ്യന്‍ രാജ്യങ്ങളും, അതില്‍ നിന്നും വിഭിന്നമല്ല ഇറാന്‍. കഴിഞ്ഞ ദിവസം ഇറാനില്‍ മൂന്ന് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയമാക്കി. ഭര്‍ത്താക്കന്മാരെ കൊന്നു എന്നതായിരുന്നു കാരണം. അതില്‍ ഇപ്പോള്‍ 25 വയസുള്ള സൊഹീല അബാദി എന്ന സ്ത്രീയും ഉള്‍പ്പെടുന്നു. സൊഹീല അബാദിയുടെ വധശിക്ഷ റദ്ദാക്കാന്‍ നിരവധി പ്രക്ഷോഭങ്ങളുണ്ടായെങ്കിലും മത കോടതികള്‍ അത്തരം ആവശ്യങ്ങളൊന്നും കണക്കിലെടുത്തില്ല. ഒരാഴ്ചയ്ക്കിടെ മാത്രം രാജ്യത്ത് 32 പേരെയാണ് തൂക്കിലേറ്റിയത്.
സൊഹീല അബാദിയുടെ വിവാഹം 15-ാം വയസിലായിരുന്നു. ഭര്‍ത്താവിന്‍റെ നിരന്തര പീഡനത്തിനൊടുവില്‍ സഹികെട്ടാണ് സൊഹീല തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. എന്നാല്‍, മത കോടതിക്ക് മുന്നില്‍ സൊഹീല ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീ മാത്രമാണ്. മറിച്ച് അവള്‍ക്കേറ്റ ഗാര്‍ഹീക പീഢനം മതകോടതികള്‍ക്ക് സ്വീകാര്യമായിരുന്നില്ല.
ഒടുവില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം ഇറാനില്‍ സൊഹീല അബാദിയെയും തൂക്കിലേറ്റി. സൊഹീലയ്ക്ക് നീതി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നെങ്കിലും അത്തരം വിഷയങ്ങളൊന്നും മതകോടതിയുടെ പരിഗണനയ്ക്ക് പോലും വന്നില്ല.
ഇന്നും വധശിക്ഷ നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പ്രധാനമായും മത നിന്ദ, ഭര്‍ത്താക്കന്മാരെ കൊല്ലല്‍, മയക്ക് മരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് പ്രധാനമായും ഇറാനില്‍ വധ ശിക്ഷ നടപ്പാക്കുന്നത്. ഈ വര്‍ഷം ഇതുവരെയായി 251 പേരെ തൂക്കിലേറ്റിയതായി ഹ്യൂമന്‍ റൈറ്റ് വാച്ച് അറിക്കുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നടപ്പാക്കിയ വധശിക്ഷയുടെ ഇരട്ടിയിലേറെയാണിത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ പലർക്കും നീതിയുക്തമായ വിചാരണ നടന്നിട്ടില്ലായെന്നും ഇറാൻ 'ഭീകരമായ' വധശിക്ഷ നടപ്പാക്കുകയാണെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് ആരോപിച്ചു.
ഈ വര്‍ഷം ഇതുവരെയായി വധശിക്ഷയ്ക്ക് വിധേയരായ 251 പേരിൽ 146 വധശിക്ഷയും കൊലപാതകത്തിനും 86 എണ്ണം അന്താരാഷ്ട്ര നിയമപ്രകാരം വധശിക്ഷ നൽകാത്ത മയക്കുമരുന്ന് കുറ്റങ്ങൾക്കും ആയിരുന്നു. 'ജീവിക്കാനുള്ള മനുഷ്യന്‍റെ അവകാശത്തിന്മേലുള്ള നിന്ദ്യമായ ആക്രമണത്തിൽ ഭരണകൂട സംവിധാനം രാജ്യത്തുടനീളം വൻതോതിൽ കൊലപാതകങ്ങൾ നടത്തുകയാണെന്ന് ആംനസ്റ്റി ഇന്‍റർനാഷണലിലെ മിഡിൽ ഈസ്റ്റ് ആന്‍റ് നോർത്ത് ആഫ്രിക്കയുടെ ഡെപ്യൂട്ടി റീജിയണൽ ഡയറക്ടർ ഡയാന എൽതഹാവി പറയുന്നു.
രാജ്യത്തെ വധശിക്ഷകളുടെ യഥാർത്ഥ എണ്ണം വളരെ കൂടുതലാണ്. തൂക്കിക്കൊല്ലലുകൾ പലപ്പോഴും രഹസ്യമായും റിപ്പോർട്ട് ചെയ്യപ്പെടാത്തവയുമാണ്. വർഷാരംഭം മുതൽ, ഏറ്റവും കൂടുതൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലുകളിൽ ഒന്നായ രാജായി ഷഹർ ജയിലിലെ അധികാരികൾ ആഴ്ചയിൽ 10 പേരെ വരെ തൂക്കിലേറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജയിലിലെ തിരക്ക് കുറയ്ക്കേണ്ടതിന്‍റെയും നിയമപരമായ ബാക്ക്‌ലോഗുകൾ തുടച്ചുനീക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ചുള്ള അധികാരികളുടെ പരസ്യ പ്രസ്താവനകളുമായി വധശിക്ഷകളുടെ എണ്ണം ഒത്തുപോകുന്നതായി ഇറാനിലെ അബ്ദുറഹ്മാൻ ബോറൂമാൻഡ് സെന്‍റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് കണ്ടെത്തിയിരുന്നു.
ഇത് ജയില്‍ തടവുകാരുടെ എണ്ണം കുറയ്ക്കാനുള്ള സംഘടിത ശ്രമമാണ് വധശിക്ഷ നടപ്പാക്കുന്നതില്‍ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ചിലരുടെ വാദത്തിന് അടിവരയിടുന്നു. ഈ വർഷം വധിക്കപ്പെട്ടവരിൽ കുറഞ്ഞത് 26 ശതമാനമെങ്കിലും ഇറാനിയൻ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമുള്ള ദരിദ്രരായ ബലൂചി വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണ്.
'ഇറാനിലെ ബലൂചി ന്യൂനപക്ഷത്തിനെതിരായ വധശിക്ഷയുടെ ആനുപാതികമല്ലാത്ത പ്രയോഗം, പതിറ്റാണ്ടുകളായി അവർ നേരിടുന്ന വിവേചനത്തെയും അടിച്ചമർത്തലിനെയും പ്രതിനിധീകരിക്കുന്നു. മാത്രമല്ല ഏറ്റവും ദുർബലരായവരെ ലക്ഷ്യം വച്ചുള്ള വധശിക്ഷയുടെ അന്തർലീനമായ ക്രൂരതയെ ഇത് കൂടുതൽ ഉയർത്തിക്കാട്ടുന്നുവെന്ന് സെന്‍റർ എക്സിക്യൂട്ടീവ് ഡയറക്ടർ റോയ ബൊറൂമണ്ട് ചൂണ്ടിക്കാട്ടുന്നു.
ഇറാനിയൻ നിയമപ്രകാരം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ബലാത്സംഗം, സായുധ കൊള്ള എന്നിവയ്ക്ക് ശിക്ഷിക്കപ്പെടുന്ന കുറ്റവാളിക്ക് വധശിക്ഷ നൽകാം. അത് പോലെതന്ന സ്വവർഗരതി, വിവാഹേതര ലൈംഗിക ബന്ധങ്ങൾ, പ്രവാചകനെ നിന്ദിക്കുന്നതായി കരുതുന്ന സംസാരം, കൂടാതെ 'ദൈവത്തിനെതിരായ ശത്രുത', 'ഭൂമിയിൽ അഴിമതി പ്രചരിപ്പിക്കൽ' എന്നിങ്ങനെയുള്ള അവ്യക്തമായ പദപ്രയോഗങ്ങൾ പോലെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പരിരക്ഷിക്കുന്ന മറ്റ് പ്രവർത്തനങ്ങളും മരണശിക്ഷ അർഹിക്കുന്നുവെന്നാണ് ഇറാന്‍ നിയമം പറയുന്നത്.