മനീഷ് പാണ്ഡെയ്ക്ക് പകരം സഞ്ജു വരുമോ..? രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ ഇന്ന്. ആദ്യ മത്സരത്തില്‍ ആധികാരികമായി വിജയിച്ച ആത്മവിശ്വാസത്തിലാണ് ടീം. രണ്ടാം മത്സരവും ജയിച്ച് എത്രയും നേരത്തെ പരമ്പര സ്വന്തമാക്കാനാവും ടീം ഇന്ത്യയുടെ ശ്രമം. പരമ്പര നേട്ടമാണ് ലക്ഷ്യമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. മാറ്റം വരുത്താന്‍ മാത്രം ആരും ആദ്യ ഏകദിനത്തില്‍ മോശം പ്രകടനമല്ല പുറത്തെടുത്തത്. ഭുവനേശ്വര്‍ കുമാര്‍ റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ സീനിയര്‍ താരമെന്ന പരിഗണന ലഭിക്കും. എടുത്ത് പറയേണ്ടത് മനീഷ് പാണ്ഡെയുടെ പ്രകടനമാണ്. താരം റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുവെങ്കിലും ഇനിയും അവസരം നല്‍കിയേക്കും. മലയാളി താരം സഞ്ജു സാംസണ്‍ അല്‍പം കൂടി കാത്തിരിക്കേണ്ടിവരും. രണ്ടാം ഏകദിനത്തിലുള്ള സാധ്യത ഇലവന്‍ ഇങ്ങനെ.
ശിഖര്‍ ധവാന്‍
ആദ്യ ഏകദിത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് ധവാനായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത ധവാന്‍ 86 റണ്‍സുമായി പുറത്താവാതെ നിന്നു. യുവതാരങ്ങളെ ആക്രമിക്കാന്‍ വിട്ട് ധവാന്‍ ശ്രദ്ധയോടെ കളിക്കുകയായിരുന്നു.
പൃഥ്വി ഷാ
ആദ്യ ഏകദിനത്തിലെ മാന്‍ ഓഫ് ദ മാച്ച് പൃഥ്വി ആയിരുന്നു. ഇന്ത്യക്ക് മോഹിപ്പിക്കുന്ന തുടക്കം നല്‍കിയ ഡല്‍ഹി കാപിറ്റല്‍സ് താരം 24 പന്തില്‍ 43 റണ്‍ സാണ് നേടിയത്.
ഇഷാന്‍ കിഷന്‍
ആദ്യ ഏകദിനം കിഷന്റെ അരങ്ങേറ്റമായിരുന്നു. പരിഭ്രമമൊന്നും ഇല്ലാതെ കളിച്ച താരം 59 റണ്‍സാണ് നേടിയത്. നേരിട്ടതാവട്ടെ വെറും 42 പന്ത് മാത്രം. വിക്കറ്റ് കീപ്പറുടെ ഗ്ലൗസും കിഷനില്‍ ഭദ്രം.
മനീഷ് പാണ്ഡെ
ഇന്ത്യന്‍ ടീമില്‍ അകത്തും പുറത്തുമായി കഴിയുന്ന താരമാണ് മനീഷിന് ആദ്യ ഏകദിനം നിരാശയാണ് സമ്മാനിച്ചത്. നാലാമനായി ക്രീസിലെത്തിയ താരം 40 പന്തില്‍ 26 റണ്‍സാണ് നേടിയത്. താരത്തിന് പകരം സഞ്ജു വരണമെന്ന് വാദിക്കുന്നുവരുണ്ട്. എന്നാല്‍ ഒരവസരം കൂടി തെളിഞ്ഞേക്കും.
സൂര്യകുമാര്‍ യാദവ്
ആദ്യ ഏകദിനത്തിലെ ഫിനിഷിംഗ് ജോലി സൂര്യകുമാറിന്റേതായിരുന്നു. 20 പന്തുകളില്‍ 31 റണ്‍സ് നേടിയ സൂര്യകുമാര്‍ പുറത്താവാതെ നിന്നു.
ഹാര്‍ദിക് പാണ്ഡ്യ
ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിന് അവസരം ലഭിച്ചിരുന്നില്ല. ദീര്‍ഘനാളുകള്‍ക്ക് ശേഷം അഞ്ച് ഓവര്‍ പന്തെറിഞ്ഞ പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തി.
ക്രുനാല്‍ പാണ്ഡ്യ
ഓള്‍റൗണ്ടറായ ക്രുനാലും ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്്തിരുന്നില്ല. പന്തെറിഞ്ഞപ്പോള്‍ ഒരു നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി. 10 ഓവറില്‍ 26 റണ്‍സ് മാത്രമാണ് ക്രുനാല്‍ വിട്ടുകൊടുത്തത്.
ദീപക് ചാഹര്‍
ഒന്നാം ഏകദിനത്തില്‍ ആദ്യ സ്‌പെല്ലില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് കരുത്ത് കാണിച്ചു. മധ്യനിരയില്‍ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയ ദീപക് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് നിയന്ത്രണം വരുത്തി.
ഭൂവനേശ്വര്‍ കുമാര്‍
ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തത് ഭുവിയായിരുന്നു. ഒമ്പത് ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല 63 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഈ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
യൂസ്വേന്ദ്ര ചാഹല്‍
ചാഹലിനും സ്ഥാനചലനം ഉണ്ടാവാനിടയില്ല. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ ചാഹല്‍ വീഴ്ത്തി കരുത്ത് കാണിച്ചു.
കുല്‍ദീപ് യാദവ്
കുല്‍ദീപിന് ആത്മവിശ്വാസം പകരുന്നതായിരുന്നു ആദ്യ ഏകദിനത്തിലെ പ്രകടനം. രണ്ട് വിക്കറ്റുകളാണ് സ്പിന്നര്‍ വീഴ്ത്തിയത്. ഒമ്പത് ഓവറില്‍ 48 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.