ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം ടെസ്റ്റ് ഇന്ന്; താക്കൂറും അശ്വിനും വരുമോ? സാധ്യത ഇലവന്‍ അറിയാം
ഇംഗ്ലണ്ട്- ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇന്ന് ലീഡ്‌സില്‍ തുടക്കം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ലോര്‍ഡ്‌സിലെ ഐതിഹാസിക വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുള്ളതില്‍ സംശയമില്ല. ഇംഗ്ലണ്ടിനാവട്ടെ പ്രധാന ബൗളര്‍മാരുടെ പരിക്ക് വില്ലനാണ്. ഇന്ത്യയെ അലട്ടുന്നത് വിരാട് കോലി- ചേതേശ്വര്‍ പൂജാര- അജിന്‍ക്യ രഹാനെ എന്നിവരുടെ ഫോമാണ്. സ്ഥിരതയില്ലായ്മയാണ് മൂവരും അനുഭവിക്കുന്ന പ്രശ്‌നം. മൂന്നാം ടെസ്റ്റ് ഇന്ന് വൈകീട്ട് ലീഡ്‌സില്‍ ആരംഭിക്കാനിരിക്കെ ഇന്ത്യ പ്ലയിംഗ് ഇലവനിലെ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കെ എല്‍ രാഹുല്‍
ആദ്യ ടെസ്റ്റിലെ പ്രകടനം കൊണ്ടുതന്നെ ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് രാഹുല്‍. മായങ്ക് അഗര്‍വാളിന് പരിക്കേറ്റപ്പോഴാണ് രാഹുല്‍ ടീമിലെത്തിയത്. ആദ്യ ടെസ്റ്റില്‍ 84 റണ്‍സും രണ്ടാം ടെസ്റ്റില്‍ 129 റണ്‍സും നേടാന്‍ രാഹുലിനായി.
രോഹിത് ശര്‍മ
ഉറപ്പായ സ്ഥാനമാണിത്. മോശം ഷോട്ടുകള്‍ കളിച്ചാണ് രോഹിത് ഇതുവരെ പുറത്തായത്. ലോര്‍ഡ്‌സില്‍ 83 റണ്‍സ് നേടിയ രോഹിത്തിനെ മാറ്റാന്‍ ടീം മാനേജ്‌മെന്റ് താല്‍പര്യപ്പെടില്ല.
ചേതേശ്വര്‍ പൂജാര
വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് പൂജാര. പരമ്പരയില്‍ ഒട്ടും ഫോമിലല്ലാത്ത താരം. എന്നാല്‍ ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച പ്രതിരോധം തീര്‍ത്ത് അവസരത്തിനൊത്ത് ഉയര്‍ന്നു. ഇതോടെ മറ്റൊരു അവസരം കൂടി നല്‍കാമെന്നാണ് ടീം മാനേജ്‌മെന്റിന്.
വിരാട് കോലി
രണ്ട് വര്‍ഷത്തോടടുക്കുന്നു കോലി അവസാനമായി ഒരു അന്താരാഷ്ട്ര് സെഞ്ചുറി നേടിയിട്ട്. ടീമിന്റെ ഫലത്തില്‍ സ്വാധീനം ചെലുത്താനാവുന്ന ഇന്നിംഗ്‌സൊന്നും കോലി ഈ പരമ്പരയില്‍ പുറത്തെടുത്തിട്ടില്ല. 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
അജിന്‍ക്യ രഹാനെ
രഹാനെയ്ക്കിപ്പോഴും സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് പുറത്തെടുക്കാനായില്ല. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി സെഞ്ചുറി നേടിയത്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. ലോര്‍ഡ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ രഹാനെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
റിഷഭ് പന്ത്
ബാറ്റിംഗില്‍ വലിയ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ റിഷബ് പന്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. മൂന്ന് ഇന്നിംഗ്‌സാണ് പന്ത് കളിച്ചത്. 37 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ വിക്കറ്റ് കീപ്പിംഗില്‍ മികച്ച പ്രകടനം തുടരുന്ന പന്തിന് പകരക്കാരനെ നോക്കേണ്ടതില്ല.
ആര്‍ അശ്വിന്‍
രവീന്ദ്ര ജഡേജയ്ക്ക് പകരം നാളെ അശ്വിനെ പരീക്ഷിച്ചേക്കും. കഴിഞ്ഞ നാല് ഇന്നിംഗ്‌സിലും ജഡേജ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. ബാറ്റുകൊണ്ട് വാലറ്റരത്ത് നിര്‍ണായക സംഭവാന നല്‍കാന്‍ കഴിയുന്നുണ്ട്. എന്നിരുന്നാലും അശ്വിന് അവസരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. താരത്തിന് ബാറ്റിംഗും വഴങ്ങുമെന്നുള്ളത് പ്രധാനമാണ്.
മുഹമ്മദ് ഷമി
രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഏഴ് വിക്കറ്റാണ് ഷമി ഇതുവരെ വീഴ്ത്തിയത്. ടീമിന് ആവശ്യമുള്ളപ്പോഴും അവസരത്തിനൊത്ത് ഉയരുന്നുവെന്നുള്ളതാണ് ഷമിയുടെ പ്രത്യേക. ലോര്‍ഡ്‌സില്‍ പുറത്താവാതെ 56 റണ്‍സ് നേടിയ ഷമി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഇശാന്ത് ശര്‍മ
ആദ്യ ടെസ്റ്റ് കൡക്കാതിരുന്ന ഇശാന്ത് രണ്ടാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ തിരിച്ചുവരവ് നടത്തി. ആദ്യ ഇന്നിംഗ്‌സില്‍ മൂന്നും രണ്ടാം വരവില്‍ രണ്ടും വിക്കറ്റാണ് താരം വീഴ്ത്തിയത്. ഷാര്‍ദുല്‍ താക്കൂര്‍ പരിക്ക് മാറിയെങ്കിലും പുറത്തിരിക്കാനാണ് സാധ്യത.
ജസ്പ്രീത് ബുമ്ര
ബുമ്ര ഇതുവരെ വീഴ്ത്തിയത് 12 വിക്കറ്റുകള്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങി പുറത്താവാതെ 34 റണ്‍സ് നേടുകയും ചെയ്തു. ബുമ്രയുടെ കാര്യത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
മുഹമ്മദ് സിറാജ്
സിറാജില്ലായിരുന്നെങ്കില്‍ ലോര്‍ഡ്‌സ് ടെസ്റ്റിലെ ഫലം ഇന്ത്യക്ക് അനുകൂലമായേക്കില്ല. രണ്ട് ഇന്നിംഗ്‌സിലുമായി എട്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ഇംഗ്ലണ്ട് സമനില നേടുമെന്ന ഘട്ടത്തില്‍ നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കിയത് സിറാജായിരുന്നു.