എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീം; ഭോഗ്‌ലെയുടെ ഇലവനില്‍ നിലവിലെ രണ്ട് താരങ്ങള്‍ മാത്രം!
മുംബൈ: ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ. നിലവിലെ ടീമിലെ രണ്ട് താരങ്ങള്‍ മാത്രമാണ് ഭോഗ്‌ലെയുടെ ഇലവനില്‍ ഇടംപിടിച്ചത് എന്നതാണ് ശ്രദ്ധേയം. നായകന്‍ വിരാട് കോലിയും സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും മാത്രമാണ് ഭോഗ്‌ലെയുടെ ടീമിലുള്ള സജീവ താരങ്ങള്‍. എന്നാല്‍ മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ടെസ്റ്റ് ജീനിയസ് വിവിഎസ് ലക്ഷ്‌മണ്‍, സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നവര്‍ക്ക് ഇലവനില്‍ ഇടംപിടിക്കാനായില്ല. ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കറിനൊപ്പം വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഭോഗ്‌ലെയുടെ ടീമിന്‍റെ ഇന്നിംഗ്‌സ് തുടങ്ങുക.
125 ടെസ്റ്റുകളില്‍ നിന്ന് 10122 റണ്‍സ് സുനില്‍ ഗാവസ്‌കറിന് സ്വന്തമായുണ്ട്. 34 സെഞ്ചുറികളും നാല് ഇരട്ട ശതകങ്ങളും ഉള്‍പ്പടെയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി പതിനായിരം ക്ലബിലെത്തിയ ബാറ്റ്സ്‌മാന്‍ കൂടിയാണ് അദേഹം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണിംഗ് ശൈലി പൊളിച്ചെഴുതിയ ബാറ്റ്സ്‌മാനാണ് വീരു എന്നറിയപ്പെടുന്ന സെവാഗ്. 104 മത്സരങ്ങളില്‍ 23 സെഞ്ചുറിയും ആറ് ഇരട്ട സെഞ്ചുറിയും സഹിതം 8586 റണ്‍സാണ് വീരുവിനുള്ളത്. 82.23 എന്ന സ്‌ട്രൈക്ക് റേറ്റ് വീരുവിന്‍റെ ബാറ്റിംഗ് പവര്‍ കാട്ടുന്നു.
ക്രീസില്‍ നിലയുറപ്പിക്കാനുള്ള അപൂര്‍വ്വ കഴിവ് കൊണ്ട് വന്‍മതില്‍ എന്ന വിശേഷണം കേട്ട രാഹുല്‍ ദ്രാവിഡാണ് മൂന്നാം നമ്പറില്‍. 164 മത്സരങ്ങളില്‍ 36 ശതകവും അഞ്ച് ഇരട്ട ശതകങ്ങളും ഉള്‍പ്പടെ 13288 റണ്‍സുണ്ട് ഈ ജീനിയസ് ബാറ്റ്സ്‌മാന്.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നാലാം നമ്പറില്‍. ടെസ്റ്റില്‍ 200 മത്സരങ്ങള്‍ കളിച്ച ഏക താരമായ സച്ചിന്‍ 51 സെഞ്ചുറികളും ആറ് ഇരട്ട ശതകങ്ങളും സഹിതം 15921 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 54.79 ശരാശരിയും സച്ചിന് സ്വന്തം. ടെസ്റ്റ് റണ്‍വേട്ടയില്‍ സച്ചിനെ വെല്ലാനാരുമില്ല.
നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് അഞ്ചാം നമ്പറില്‍. 92 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള കോലി 27 ശതകങ്ങളും ഏഴ് ഇരട്ട ശതകങ്ങളും ഇതിനകം അടിച്ചുകൂട്ടിക്കഴിഞ്ഞു. 56.86 ശരാശരിയില്‍ 7547 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം എസ് ധോണിയാണ് ആറാം നമ്പറില്‍. ടീമിന്‍റെ വിക്കറ്റ് കീപ്പറും ഇതിഹാസ താരം തന്നെ. 90 ടെസ്റ്റുകളില്‍ ആറ് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും സഹിതം 4876 റണ്‍സാണ് ധോണിക്കുള്ളത്.
കപില്‍ ദേവും രവിചന്ദ്ര അശ്വിനുമാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. 131 മത്സരങ്ങളില്‍ ടീം കുപ്പായമണിഞ്ഞ കപില്‍ 5248 റണ്‍സും 434 വിക്കറ്റും നേടിയിട്ടുണ്ട്. എട്ട് സെഞ്ചുറിയും 23 അഞ്ച് വിക്കറ്റ് നേട്ടവും കപിലിന്‍റെ കരുത്ത് കാട്ടുന്നു.
നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ രവിചന്ദ്ര അശ്വിനാണ് എട്ടാം നമ്പറില്‍. 79 ടെസ്റ്റില്‍ 413 വിക്കറ്റും അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പടെ 2685 റണ്‍സും അശ്വിന് മുതല്‍ക്കൂട്ടായുണ്ട്.
ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്തുള്ള ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് ടീമിലെ മറ്റൊരു സ്‌പിന്നര്‍. 132 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കുംബ്ലെ 619 വിക്കറ്റ് പേരിലാക്കി. ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടവും സ്വന്തം. ഇതിനൊപ്പം 2506 റണ്‍സും പേരില്‍.
കപിലിനെ കൂടാതെ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനുമാണ് ടീമിലെ പേസര്‍മാര്‍. ഇന്ത്യയുടെ മികച്ച പേസര്‍മാരില്‍ ഒരാളായ ശ്രീനാഥ് 67 മത്സരങ്ങളില്‍ 236 വിക്കറ്റാണ് സ്വന്തമാക്കിയത്.
ഇടംകൈയന്‍ പേസറായ സഹീര്‍ ഖാനാവട്ടെ 92 ടെസ്റ്റില്‍ 311 വിക്കറ്റ് നേടി. 87 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയതാണ് ഇന്നിംഗ്‌സിലെ മികച്ച പ്രകടനം.