ഇന്ത്യക്കെതിരെ ഫിഫ്റ്റി നേടുന്ന ആദ്യ നേപ്പാള്‍ ക്രിക്കറ്റര്‍; ആരാണ് ആസിഫ് ഷെയ്‌ഖ്? വലിയ നേട്ടങ്ങള്‍ക്കുടമ
പല്ലെക്കെലെ: ആസിഫ് ഷെയ്ഖ്, ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലൂടെ ഒരു നേപ്പാള്‍ ക്രിക്കറ്ററുടെ പേര് വലിയ ചര്‍ച്ചയാവുകയാണ്. ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തുറ്റ ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്കെതിരെ അര്‍ധസെഞ്ചുറി നേടാന്‍ ഇരുപത്തിരണ്ടുകാരനായ ഈ വിക്കറ്റ് കീപ്പര്‍ക്കായി. ഇന്ത്യയെ വിറപ്പിച്ച ഈ താരത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. അവര്‍ക്കായി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം. കുഞ്ഞന്‍ രാജ്യത്ത് നിന്നുള്ള താരമായതിനാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ ഓര്‍മ്മ കാണില്ലെങ്കിലും മുമ്പും രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ആസിഫ് ഷെയ്‌ഖ്.
ഇന്ത്യക്കെതിരെ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന ആദ്യ നേപ്പാള്‍ ക്രിക്കറ്ററാണ് ആസിഫ് ഷെയ്ഖ്. ഏഷ്യാ കപ്പില്‍ പല്ലെക്കെലെയിലെ ഗ്രൂപ്പ് മത്സരത്തിലാണ് ആസിഫിന്‍റെ നേട്ടം.
ഇന്ത്യക്കെതിരെ 97 പന്തില്‍ 8 ബൗണ്ടറികളോടെ 58 റണ്‍സ് ആസിഫ് ഷെയ്ഖ് നേടി. പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയായിരുന്നു പുറത്താകല്‍.
നേപ്പാളിനായി 2021ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച വലംകൈയനായ ആസിഫ് ഷെയ്ഖിന് 22 വയസ് മാത്രമാണ് ഇപ്പോള്‍ പ്രായം. ടീമിലെ ഓപ്പണറായ താരം വിക്കറ്റ് കീപ്പറുമാണ്.
ഇതിനകം ഒരുപിടി നേട്ടങ്ങള്‍ ആസിഫിന്‍റെ പേരിലുണ്ട്. 2001 ജനുവരിയില്‍ ജനിച്ച ആസിഫ് ഷെയ്ഖ് നേപ്പാള്‍ അണ്ടര്‍ 19 ടീമിനെ 2018ല്‍ നയിച്ചുകൊണ്ടാണ് ക്രിക്കറ്റ് തലത്തില്‍ പേരെടുത്തത്. നേപ്പാള്‍ അണ്ടര്‍ 19 ടീമിനെ 2018 എസിസി ഏഷ്യാ കപ്പിലും നയിച്ചു.
2016ലെ എവറസ്റ്റ് പ്രീമിയര്‍ ലീഗിന്‍റെ ഫൈനലില്‍ പുറത്താവാതെ 111 റണ്‍സുമായി തന്‍റെ ടീമിനെ കന്നി കിരീടത്തിലെത്തിച്ചിരുന്നു. ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന റണ്‍സ്കോററുമായി ആസിഫ് ശ്രദ്ധയാകര്‍ഷിച്ചു.
സ്പോര്‍ട്‌സ്‌മാന്‍ഷിപ്പിനും പേരുകേട്ട ആസിഫ് ഷെയ്ഖ് 2022ല്‍ ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് നേടിയതും ശ്രദ്ധേയമായി. ഈ പുരസ്‌കാരം നേടുന്ന ആദ്യ നേപ്പാള്‍ താരമാണ് ആസിഫ് ഷെയ്‌ഖ്.
ഒമാനില്‍ 2022 ഫെബ്രുവരി 14ന് നടന്ന അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഐറിഷ് താരം ആന്‍ഡി മക്‌ബ്രൈന്‍റെ ഓട്ടം തടസപ്പെട്ടതിനാല്‍ റണ്ണൗട്ടാക്കേണ്ടാ എന്ന് തീരുമാനിച്ചതിനാണ് ആസിഫ് ഷെയ്‌ഖ് പുരസ്‌കാരത്തിന് അര്‍ഹനായത്.
മക്‌ബ്രൈനെ സ്റ്റംപ് ചെയ്യാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും വേണ്ടെന്ന് വെക്കുകയായിരുന്നു ആസിഫ് ഷെയ്‌ഖ്. ഈ ദൃശ്യങ്ങള്‍ അന്ന് ഐസിസി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
ഏഷ്യാ കപ്പില്‍ കരുത്തരായ ഇന്ത്യക്കെതിരായ അര്‍ധസെഞ്ചുറി ആസിഫിനെ വീണ്ടും വാര്‍ത്തകളില്‍ നിറയ്‌ക്കുകയാണ്. നേപ്പാളിലെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് പ്രചോദനമാകും ആസിഫ് ഷെയ്‌ഖ് എന്ന കാര്യത്തില്‍ സംശയമില്ല.