ട്രിപ്പിള്‍ ലോക്ഡൌണ്‍ : രോഗവ്യാപനത്തില്‍ കുറവില്ലാതെ മലപ്പുറം
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ച പിന്നിടുമ്പോഴും മലപ്പുറത്ത് കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്നത് ആശങ്കയാകുന്നു. അതേസമയം മലപ്പുറത്തോടൊപ്പം ട്രിപ്പിള്‍ ലോക്ക് പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയിരുന്നു. ഇന്നലെ മാത്രം മലപ്പുറം ജില്ലയില്‍ 4074 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി ഇന്നലെയും മുപ്പത് കടന്നു. 31.53 ശതമാനമാണ് മലപ്പുറത്തെ ഇന്നലത്തെ ടിപിആര്‍ നിരക്ക്. രോഗം സ്ഥിരീകരിച്ചവരെക്കാള്‍ ഏറെയാളുകള്‍ രോഗമുക്തരായി എന്നത് മാത്രമാണ് ജില്ലക്ക് ചെറിയൊരാശ്വാസമുള്ളത്. അതേസമയം, കേരളത്തിലെ മറ്റ് ജില്ലകളില്‍ കൊവിഡ് കേസുകളും ടിപിആറും കുറയുന്നത് ആശ്വാസമാണ്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ ക്യാമ്പ് ചെയ്ത് പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ കണ്ടെത്താനായി ഇന്നും നാളെയും ജില്ലയില്‍ 75000 പരിശോധനകള്‍ നടത്താനാണ് നീക്കം.
ഇന്നലെ 5,502 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച തുടങ്ങിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നും മലപ്പുറത്ത് കര്‍ശനമായി തുടരും. അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ, പത്രം, പാൽ, പെട്രോൾ പമ്പുകൾ, ചരക്ക് വാഹനങ്ങൾ എന്നിവക്ക് മാത്രമേ ഇന്ന് പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളൂവെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്മൻ അറിയിച്ചു.
ഹോട്ടലുകൾക്ക് ഹോം ഡെലിവറിയും നടത്താം. തിരുവനന്തപുരം, എറണാംകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൻ പിൻവലിച്ചെങ്കിലും മലപ്പുറത്ത് തുടരുകയാണ്. കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രൂക്ഷമായി തുടരുന്നതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക് ഡൗൺ നീട്ടിയത്.
പ്രധാന റോഡുകളിലെ പരിശോധനക്കൊപ്പം ഉള്‍പ്രദേശങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാൻ പൊലീസ് പ്രത്യേക നിരീക്ഷണം തുടങ്ങി. ഡ്രോണുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,943 പേര്‍ക്ക് രോഗം പകര്‍ന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്നത്. വീടുകളില്‍ ക്വാറന്‍റീനിലിരിക്കുന്ന രോഗികളുമായി വീട്ടിലെ മറ്റ് അംഗങ്ങള്‍ സംമ്പര്‍ക്കത്തിലാകുന്നതാണ് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണം.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത് 46,112 പേരാണ്. 66,020 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ 5,502 പേര്‍ രോഗവിമുക്തരായതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,15,505 ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗവ്യാപനം തടയാന്‍ പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം പരിശോധിച്ച് ഉറപ്പാക്കി നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.
ഇതിനിടയിലും രോഗബാധിതര്‍ ക്രമാതീതമായി ഉയരുന്നത് സാമൂഹ്യാരോഗ്യ സുരക്ഷക്ക് വെല്ലുവിളിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ശരാശരി 30 ശതമാനമായി തുടരുകയാണ്. ഇതിന്‍റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് രോഗബാധയേല്‍ക്കാനുള്ള സാധ്യതയില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുക മാത്രമാണ് നിലവില്‍ ചെയ്യേണ്ടത്. ഇത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി നിറവേറ്റണം. മുതിര്‍ന്ന പൗരന്മാരും ഗര്‍ഭിണികളും ഭിന്നശേഷി വിഭാഗത്തിലുള്ളവരും നിത്യ രോഗികളും കുട്ടികളും ഒരു കാരണവശാലും വീടുകള്‍ക്ക് പുറത്തിറങ്ങരുത്.
പ്രത്യേക പരിഗണന ആവശ്യമായ ഈ വിഭാഗത്തിലുള്ളവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് മറ്റുള്ളവര്‍ വിട്ടു നില്‍ക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്.
വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona