ആശുപത്രി വാര്‍ഡ് കതിര്‍മണ്ഡപമായി; ശരത്തും അഭിരാമിയും താലി ചാര്‍ത്തി
ഈ കാലവും കടന്ന് പോകും... മഹാമാരിക്കിടെയില്‍ മനുഷ്യന്‍റെ സമയക്രമങ്ങളാണ് ഇല്ലാതായത്. അതുവരെയുണ്ടാക്കിയിരുന്ന സമയക്രമങ്ങളെല്ലാം ഇപ്പോള്‍ കൊവിഡ് മഹമാരിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. നിശ്ചയിച്ച വിവാഹം മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെ നീണ്ടുപോയപ്പോള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്നലെ ഒരു അപൂര്‍വ്വ സംഗമത്തിന് സാക്ഷിയായി. ആശുപത്രിയിലെ കൊവിഡ് വാര്‍ഡായ നാലാം വാര്‍ഡ് ഇന്നലെ അല്‍പ നേരത്തേക്ക് കതിര്‍ മണ്ഡപമായി മാറി. സര്‍വ്വാഭരണ ഭൂഷിതയായി എത്തേണ്ട വധു പിപിഇ കിറ്റ് ധരിച്ചെത്തി. ആശുപത്രി വാര്‍ഡ് കതിര്‍മണ്ഡപമായി. വരവും വധുവും നിശ്ചയിച്ചുറപ്പിച്ച സമയത്ത് താലി ചാര്‍ത്തി. പ്രോട്ടോക്കോള്‍ പാലിച്ച് ഏതാനും പേര്‍ സാക്ഷികളുമായി.
കതിർമണ്ഡപവും വായ്ക്കുരവയുമില്ലെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ കൈനകരി സ്വദേശി ശരത്ത്, തെക്കനാര്യാട് സ്വദേശിനി അഭിരാമിയെ താലി ചാര്‍ത്തി.
ശരത്തിന് ജോലി വിദേശത്താണ്. കൊവിഡിനെ തുടര്‍ന്ന് വിവാഹം നീണ്ടുപോയി. അതിനിടെയാണ് ഇളവുകള്‍ വന്നത് തുടര്‍ന്ന് വിദേശത്ത് നിന്ന് ലീവെടുത്ത് നാട്ടിലെത്തി.
മഹാമാരിയായതിനാല്‍ ഏറെ സൂക്ഷിച്ചാണ് നടന്നിരുന്ന്.... പക്ഷേ, അതിനിടെയിലെപ്പോഴോ അസ്വസ്ഥതകള്‍ തോന്നി. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 'പോസറ്റീവ്'.
തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി. ലീവ് കഴിഞ്ഞ്, വീമാന സര്‍വ്വീസ് ആരംഭിച്ചാലുടന്‍ തിരിച്ച് പോകണം. പക്ഷേ, വിവാഹ തിയതി നീണ്ടുപോയാല്‍ കാര്യങ്ങള്‍ വീണ്ടും കുഴയും.
അങ്ങനെ, ആശുപത്രിക്കാരോട് സമ്മതം ചോദിച്ചു. വിവാഹ ചടങ്ങ് നടത്താന്‍ പറ്റോമോയെന്ന്. നിശ്ചയിച്ച ദിവസം വിവാഹം നടത്താനുള്ള കുടുംബങ്ങളുടെ തീരുമാനം ആശുപത്രി അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതോടെ വണ്ടാനം മെഡിക്കല്‍ കോളേജിലെ നാലാം വാര്‍ഡ് അല്പ നേരത്തേക്ക് കതിര്‍മണ്ഡപമായി മാറി.
ഉച്ചയ്ക്ക് 12 ന് മുമ്പ് വധുവും അടുത്ത ബന്ധുവും മാത്രം ആശുപത്രിയിലെത്തി. ഇരുവരും പിപിഇ കിറ്റ് ധരിച്ച് നാലാം വാര്‍ഡിലേക്ക് കടന്നു. വിവാഹത്തിനുള്ള തുളസിമാലയും താലിയുമെല്ലാം ബന്ധുക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി.
അവിടെ, വരനും വരനൊപ്പം കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ച അമ്മ ജിജിയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ് ഉണ്ടായിരുന്നത്.
കൊട്ടും കുരവയുമില്ലാതെ നിശ്ചയിച്ച സമയത്ത് 12 നും 12.15 നും ഇടയിലെ ശുഭ മുഹൂര്‍ത്തത്തില്‍ ആശുപത്രി ജീവനക്കാരൊരുക്കിയ സ്ഥലത്ത് തെക്കനാര്യനാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്‍റെയും മകള്‍ അഭിരാമിയും കൈനകരി ഓണംപള്ളിയിലല്‍ ശശിധരന്‍റെയും ജിജി മോളുടെയും മകന്‍ ശരത്തും താലി ചാര്‍ത്തി.
കുറഞ്ഞ സമയത്തിനുള്ളിൽ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും ആശുപത്രിക്ക് പുറത്തേക്ക്. തുടര്‍ന്ന് വധു സ്വന്തം വീട്ടിലേക്ക്. ഇനി, ശരത്തിന് കൊവിഡ് നെഗറ്റീവാകാനുള്ള കാത്തിരിപ്പാണ്. അതിനിടെ തിരിച്ച് ഗള്‍ഫിലേക്ക് പോകാനുള്ള ദിവസങ്ങളും അടുക്കുന്നു.