കൊവിഡ് 19 രണ്ടാം തരംഗവും മറികടന്ന് കേരളം, നാളെ നിയന്ത്രിതമായി തുറക്കും; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍,
1,04,120 പരിശോധനകൾ ഇന്നലെ സംസ്ഥാനത്തുടനീളം നടത്തിയതില്‍ 12,246 പേര്‍ക്ക് കൊവിഡ് രോഗാണുബാധ സ്ഥിരീകരിച്ചു. 166 പേര് കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞതായി സ്ഥിരീകരിച്ചെന്നും ആകെ ചികിത്സയിലുള്ളത് 1,12,361 പേരാണെന്നും മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് മെയ് 8 ന് ആരംഭിച്ച ലോക്ക്ഡൌണ്‍ നാളെ (ജൂണ്‍ 17) മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തില്‍ സംസ്ഥാനത്ത് വളരെ ശക്തമായി. ജൂണ്‍ ആദ്യത്തോടെ കുറഞ്ഞ് തുടങ്ങി, എങ്കിലും ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ പര്യാപ്തമായ തോതിലെത്തിയിരുന്നില്ല, ഇപ്പോള്‍ ആശ്വാസകരമായ സ്ഥിതി കൈവരിച്ചത് കൊണ്ടാണ് ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായിട്ടല്ലെങ്കിലും കൂടുതല്‍ ഇളവുകളനുവദിച്ച് ലഘൂകരിക്കാന്‍ തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതൊക്കെ ഇളവുകളാണ് നാളെ മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുന്നതെന്നറിയാം.
മെയ് ആറിന് 42464 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു ഘട്ടത്തില്‍ മെയ് 15 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.8% ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് പുതിയ കേസുകളുടെ എണ്ണം ഘട്ടം ഘട്ടമായി കുറഞ്ഞ് വന്നു. രണ്ടാം തരംഗത്തില്‍ ഐസിയു കിടക്കകളുടെ 63 ശതമാനം മാത്രമാണ് ഉപയോഗിക്കേണ്ടിവന്നത്. വെന്റിലേറ്ററുകളില്‍ 32 ശതമാനം മാത്രമാണ് ഉപയോഗിച്ചത്. മൂന്നാം തരംഗത്തെ കുറിച്ച് ചില അബദ്ധധാരണകള്‍ പരക്കുന്നുവെന്നും മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ഭീതിവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇളവുകൾ ഇങ്ങനെ: വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തനം അനുവദിക്കും.
ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്മെന്റ് കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയില്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവര്‍ത്തനം അനുവദിക്കും. ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ നിലവില്‍ ഉള്ളത് പോലെ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കര്‍ പ്രവര്‍ത്തിക്കണം.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്താകെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും.ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം തുടരുന്നതാണ്.വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.
എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന് ട്രയല്‍സ് ഉള്‍പ്പെടെ).റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ)എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങള്‍ പരസ്യപ്പെടുത്തും. കോവിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യവകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പരിശോധനയ്ക്ക് ടാര്‍ജറ്റ് നല്‍കും.ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എല്‍ടിസി- ഡിസിസിയില്‍ ക്വാറന്റീന് ചെയ്യേണ്ടതാണ്. വീടുകളില്‍ വേണ്ടത്ര സൗകര്യമുള്ളവര്‍ (ഉപകരണങ്ങള്‍ ഉള്‍പ്പെടെ) മാത്രമേ വീടുകളില്‍ കഴിയാന്‍ അനുവദിക്കൂ.
ബെവ്കോ തുറക്കുന്നത് സംബന്ധിട്ട ആശങ്കകള്‍ക്ക് വിരാമം. നാളെ മുതല്‍ സാമൂഹിക അകലം പാലിച്ച് ബെവ്കോ ഔട്ട്ലെറ്റുകല്‍ തുറക്കും. അതോടൊപ്പം കഴിഞ്ഞ ലോക്ഡൌണ്‍കാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ബെവ്ക്യു ആപ്പ് ഒഴിവാക്കി. നേരത്തെ ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ മദ്യം നല്‍കുയെന്ന അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആ ഉത്തരവ് പിന്‍വലിച്ചു.
തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ 7 ദിവസത്തെ ശരാശരി ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ ആണെങ്കില്‍ 'കുറഞ്ഞ വ്യാപനമുള്ളത്' എന്നാണ് കണക്കാക്കുക. 8 മുതല്‍ ഇരുപതുവരെ ശതമാനമാണെങ്കില്‍ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കില്‍ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതല്‍ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)
ജൂണ്‍ 17 മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.ടിപിആർ കൂടുതലുള്ള പ്രദേശത്തെ നിയന്ത്രണംടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള അതിവ്യാപന പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും.
കോവിഡ് വാക്സീന് ലഭ്യമാകുന്ന മുറക്ക് കോവിഡ് വാക്സീനേഷന് ത്വരിത ഗതിയിലാക്കാനും സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ് ഇതിനകം 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സീന് നല്കി കഴിഞ്ഞു. 9 % പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. 40 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം ജൂലൈ 15 ഓടെ ആദ്യ ഡോഡ് വാക്സീന് നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ടാം തരംഗം ഉയരാനായി തുടങ്ങിയ സന്ദര്‍ഭത്തില്‍ തന്നെ ലോക്ഡൗണിലേയ്ക്ക് പോയ അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു കേരളം. അതുകൊണ്ട് രോഗവ്യാപനം നിയന്ത്രണാതീതമാകാതെ നോക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തില്‍ രോഗികളുടെ എണ്ണം പിടിച്ചു നിര്‍ത്താനും സാധിച്ചു. എങ്കിലും രോഗവ്യാപനത്തിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona