കൊവിഡ് 19 അതിവ്യാപനം; ഒമ്പത് ദിവസത്തേക്ക് കേരളത്തില്‍ ലോക്ഡൌണ്‍
2020 മാര്‍ച്ച് 23 നാണ് കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് സംസ്ഥാനത്ത് 91 രോഗികളാണെന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. രോഗികളുടെ എണ്ണത്തിലും മരണനിരക്കും കുറഞ്ഞ് വന്നതോടെ രാജ്യം പതുക്കെ പതുക്കെ തുറന്ന് കൊടുത്തു. എന്നാല്‍ അപ്പോഴേക്കും തെക്കനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപിലും കൊവിഡിന്‍റെ രണ്ടാം തരംഗത്തിലായിരുന്നു. രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ഇന്ത്യ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ദേശീയ നേതാക്കളെത്തി പ്രചാരണം കൊഴുപ്പിച്ചതോടെ കുറഞ്ഞ് വന്നിരുന്ന രോഗവ്യാപനം ശക്തമായി. ഇതിനിടെ രാജ്യാന്തര തലത്തില്‍ വ്യാപിച്ചിരുന്ന കൊവിഡ് 19 രോഗാണുവിന്‍റെ വകഭേദങ്ങളും ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് 19 രോഗാണുവിന്‍റെ അതിവ്യാപനം നടന്ന് കഴിഞ്ഞിരുന്നു. ( ചിത്രങ്ങള്‍ : കെ ജി ബാലു. കഴിഞ്ഞ സമ്പൂര്‍ണ്ണ ലോക്ഡൌണിന്‍റെ കാലത്ത് തിരുവന്തപുരം നഗരത്തില്‍ നിന്ന് പകര്‍ത്തിയത്. )
ഒരു വര്‍ഷത്തിനിപ്പുറം 2021 മെയ് 8 മുതല്‍ സംസ്ഥാനം വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൌണിലേക്ക് നീങ്ങുകയാണ്. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്ക് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ഭരണം നേടി, അധികാരം ഏറ്റെടുക്കും മുമ്പ്, സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപനമെത്തി. രോഗവ്യാപനം നിയന്ത്രിക്കുകമാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ള പോം വഴി.
സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജനും വെന്‍റിലേഷനും കരുതുന്നതിനുള്ള സമയവും സര്‍ക്കാറിന് ആവശ്യമാണ്. കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. പാൽ വിതരണം, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും.
പ്രവർത്തന സമയവും മറ്റ് നിർദ്ദേശങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകീട്ടോടെ സർക്കാർ പുറത്തിറക്കും. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു. അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
രോഗ്യവ്യാപനം ശക്തമായതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ നിന്ന് ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചില ജില്ലകളിൽ ഐസിയും കിടക്കകളും വെന്‍റിലേറ്റർ കിടക്കകളും ലഭ്യമല്ലായയെന്ന് വാര്‍ത്തകള്‍ വന്നുതുടങ്ങിയ സാഹചര്യത്തിലേക്ക് നിങ്ങുന്നതിനിടെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.
സംസ്ഥാനത്ത് കിടത്തി ചികിത്സാ സൗകര്യവും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും കുറയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യമെത്തിയത്. കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ് മിക്കയിടത്തും ഉള്ളത്. രോഗ വ്യാപനം കൂടുന്നതോടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 2,857 ഐസിയു കിടക്കകൾ സര്‍ക്കാര്‍ മേഖലയില്‍ ഉണ്ട്. ഇതില്‍ 996 ലും കൊവിഡ് രോഗികളാണ്. ബാക്കി ഉള്ളവയില്‍ കൊവിഡിതര രോഗികള്‍ ആണ്. സ്വകാര്യ മേഖലയില്‍ 7,085 ഐസിയു കിടക്കകള്‍ ഉണ്ട്. അതില്‍ 1,037 ലും കൊവിഡ് രോഗികൾ ആണ്. സര്‍ക്കാര്‍ മേഖലയിലെ 2,293 വെന്‍റിലേറ്ററുകളില്‍ 441ഉം കൊവിഡ് രോഗികള്‍. സ്വകാര്യ മേഖലയിലാകട്ടെ 377ലും കൊവിഡ് രോഗികള്‍.
എന്നാൽ ഈ കണക്കുകളൊന്നും ശരിയല്ലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കയിടത്തും ഐസിയു വെന്‍റിലേറ്റര്‍ കിടക്കകള്‍ ഒഴിവില്ലെന്നുമാണ് വിവരം. സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ കോളജ് ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഒഴിവില്ല. വെന്‍റിലേറ്റര്‍ ഒഴിവുള്ളത് 4 എണ്ണം. ഒരാഴ്ചക്കുള്ളില്‍ പരമാവധി 40 ഐസിയുവരെ പുതിയതായി സജ്ജമാക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.
എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലായി 364 ഐസിയു കിടക്കകളിൽ രോഗികൾ ഉണ്ട്. കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലും സ്ഥതി സങ്കീര്‍ണമാണെന്നാണ് റിപ്പോര്‍ട്ട്.
40,000 ന് മുകളലില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇനിയും കുതിച്ചാൽ രോഗം തീവ്രമാകുന്നവരുടെ എണ്ണവും മരണവും കൂടും. മരണ നിരക്ക് കുറയ്ക്കാൻ തീവ്രപരിചരണം വേണമെങ്കിലും അത് കയ്യിലൊതുങ്ങാത്ത സ്ഥിതിയില്‍ സിഎഫ്എല്‍ടിസികളിലടക്കം കൂടുതല്‍ ഓക്സിജൻ കിടക്കകള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാരിപ്പോൾ ചെയ്യുന്നത്.
ഒന്നാം തരംഗത്തിന് ശേഷം കിട്ടിയ സമയത്ത് തീവ്രമായ രണ്ടാം തരംഗത്തെ പ്രതീക്ഷിക്കാത്തതും ആരോഗ്യ സംവിങ്ങങ്ങള്‍ സജ്ജമാക്കാത്തതും ഇത്തവണ തിരിച്ചടിയായെന്ന വിലയിരുത്തലുമുണ്ട്.
ശ്മശാനങ്ങളിൽ സംസ്കാരത്തിന് വേണ്ടി സമയം കാത്തിരിക്കണമെന്ന റിപ്പോര്‍ട്ടുകളാണ് തുടര്‍ന്ന് വന്നുകൊണ്ടിരുന്നത്.
തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്താൻ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലെ ശ്മശാനത്തിലും സമാന സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ട്.
പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർധനയുണ്ട്. വൈദ്യുതി ശ്മശാനത്തിൽ പ്രതിദിനം ശരാശരി പത്ത് മൃതദേഹങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങൾ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്‍റിലേറ്ററർ കിടക്കകൾ കിട്ടാനില്ല. രോഗിക്കെന്ന പേരിൽ ഞങ്ങൾ ബന്ധപ്പെട്ട കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളും ഒരൊറ്റ ഐസിയു കിടക്ക പോലും ലഭ്യമാക്കാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ ആവശ്യത്തിന് ഐസിയു കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും നേരിട്ട് ആശുപത്രികളെ സമീപിക്കുന്ന രീതി ഒഴിവാക്കി സർക്കാർ സംവിധാനങ്ങൾ വഴി ബന്ധപ്പെടണമെന്നുമാണ് ജില്ല ഭരണകൂടത്തിന്‍റെ വിശദീകരണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വകാര്യ മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ ഉള്ള കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട പത്ത് ആശുപത്രികളില്‍ നിന്നും ഐസിയു കിടക്ക ഒഴിവില്ലെന്ന വിവരമാണ് ലഭിക്കുന്നത്. വെന്‍റിലേറ്ററും ബാക്കിയില്ലെന്നാണ്. എറണാകുളം ജില്ലയിൽ വെന്‍റിലേറ്ററിനായി രോഗികൾക്ക് ദിവസങ്ങൾ കാത്തിരുന്ന് ഒടുവിൽ തൃശൂർ, കോട്ടയം ജില്ലകളിലേക്ക് മാറേണ്ട അവസ്ഥയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്ടായി.
രണ്ട് ദിവസമായി ഈ സാഹചര്യം അതിസങ്കീർണമാകുന്നു. എന്നാൽ ഐസിയു കിടക്കകളിൽ പകുതി ഇനിയും ലഭ്യമെന്നാണ് ജില്ല ഭരണകൂടം പറയുന്നത്. ഐസിയു, വെന്‍റിലേറ്റർ സൗകര്യം വേണ്ടാത്ത രോഗികൾക്കായി പോലും പലയിടത്തും ഇത് മാറ്റി വയ്ക്കുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനാണ് കേന്ദ്രീകൃത സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. അടിന്തര ചികിത്സ ആവശ്യമുള്ളവർ ആശ പ്രവർത്തകർ, കൗൺസിലർമാർ, ഹെൽത്ത് ഓഫീസർമാർ വഴി മാത്രം ബന്ധപ്പെടണം.
വരും ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ നിശ്ചിത ശതമാനം ചികിത്സ സൗകര്യങ്ങൾ സർക്കാർ നേരിട്ട് ഏറ്റെടുക്കുമെന്നാണ് വിവരം. കൊച്ചി നഗരത്തിലെ ഉൾപ്പടെ വലിയ ഹോട്ടലുകളും, കെട്ടിടങ്ങളും ആശുപത്രികളാക്കി മാറ്റാനുള്ള ശ്രമങ്ങൾ ജില്ല ഭരണകൂടവും തുടങ്ങി. ശക്തമായ നിയന്ത്രണം മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള ഏക പ്രതിവിധി. രാജ്യത്തിന് ആവശ്യമായ ഓക്സിജനും വെന്‍റിലേഷനുകളും വാക്സിനും അമേരിക്ക, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിത്തുടങ്ങിയെന്ന് ശുഭകരമായ മറ്റൊരു വാര്‍ത്തയും ഒപ്പമുണ്ട്. അവശ്യമായ ഓക്സിജനും വെന്‍റിലേഷനുകളും സംസ്ഥാനത്തേക്ക് എത്തി ചേര്‍ന്നാലും വായുവിലൂടെ പരക്കുന്ന രോഗാണുവിനെ ചെറുക്കാന്‍ സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും നമ്മള്‍ ശീലമാക്കേണ്ടതുണ്ട്.
" കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും." #BreakTheChain #ANCares #IndiaFightsCorona