കൊവിഡ് 19 രണ്ടാം തരംഗം; മുന്നറിയിപ്പുകള്‍ അവഗണിച്ചു, അതിവേഗം കുതിച്ച് കൊവിഡ്
രാജ്യത്തെ പ്രതിദിന കൊവിഡ് വർദ്ധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. 2,812 പേരുടെ മരണവും രേഖപ്പെടുത്തി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം രോഗമുക്തി നിരക്ക് വീണ്ടും താഴ്ന്നത് ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ 83.05 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടാം തരംഗത്തിന് തൊട്ട് മുമ്പ് ഇത് 96 ശതമാനമായിരുന്നു. ഇതിനിടെ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ടെക് ഭീമൻമാരായ ഗൂഗിളും മൈക്രോസോഫ്റ്റും രംഗത്തെത്തി. ഗൂഗിളും, ഗൂഗിൾ ജീവനക്കാരും ചേർന്ന് 135 കോടി രൂപയാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്. ഇന്ത്യയിലെ പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നാണ് ഗൂഗിള്‍ സി ഇ ഒ സുന്ദർ പിച്ചൈ പറഞ്ഞത്. ഗിവ് ഇന്ത്യ, യൂണിസെഫ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവ വഴിയാകും ഫണ്ട് കൈമാറുക. ഇന്ത്യയുടെ അവസ്‌ഥ ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദെല്ലയും ട്വീറ്റ് ചെയ്തു. പ്രതിസന്ധി നേരിടുന്നതിൽ മൈക്രോസോഫ്റ്റ് അതിന്‍റെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും നദെല്ല അറിയിച്ചു. അതിനിടെ അമേരിക്ക, യുകെ, സൌദി അറേബ്യ, ജര്‍മ്മനി, സിംഗപൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മെഡിക്കല്‍ ഓക്സിജനില്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കാമെന്ന് അറിയിച്ചു. ദില്ലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.
അതിനിടെ കൊവിഡ് വ്യാപിച്ച് നൂറ് കണക്കിനാളുകൾ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ഉത്തരേന്ത്യയെയും, രാജ്യത്തെ ആകെയും നടുക്കുന്ന റിപ്പോർട്ട് പുറത്ത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഓക്സിജൻ ദൗർലഭ്യം സംബന്ധിച്ച മുന്നറിയിപ്പ് അവഗണിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ.
ഇപ്പോഴത്തെ കൊവിഡ് വ്യാപന തീവ്രത സംബന്ധിച്ച് രണ്ടാഴ്ച മുമ്പ് തന്നെ നീതി ആയോഗ് നിർദ്ദേശം നൽകിയിരുന്നു. വികെ പോൾ അധ്യക്ഷനായ എംമ്പവേർഡ് കമ്മിറ്റി ഓക്സിജൻ ലഭ്യത കൂട്ടാനും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാല്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം അവഗണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ പകുതിയോടെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കാമെന്നും, മെയ് പകുതിയോടെ ആറ് ലക്ഷമാകാമെന്നും മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരാഴ്ചക്കിടെ രാജ്യത്തെ പുതിയ കൊവിഡ് കേസുകൾ 22.49 ലക്ഷമാണ്. ഒരാഴ്ചയിലെ മരണസംഖ്യ 16,250 ലേക്ക് ഉയർന്നു. മരണസംഖ്യ കഴിഞ്ഞ ആഴ്ചയെക്കാൾ ഇരട്ടിയായി. അമേരിക്കയിൽ ഉണ്ടായ 16 ലക്ഷം കേസുകളാണ് ഒരാഴ്ചക്കിടെ ഒരു രാജ്യത്ത് ഇതുവരെയുണ്ടായ കൊവിഡ് കേസുകളിലെ ഏറ്റവും ഉയർന്ന കണക്ക്.
അതിനിടെ, കൊവിഡ് വ്യാപനത്തില്‍ കേന്ദ്രത്തിന് ഏറ്റ പരാജയം ചൂണ്ടിക്കാണിക്കുന്ന സാമൂഹ്യമാധ്യമ അക്കൌണ്ടുകള്‍ പൂട്ടാനും നീക്കം ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്‍റെ ലംഘനമാണെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്.
സര്‍ക്കാറിന്‍റെ ആവശ്യത്തിന് പിന്നാലെ പാര്‍ലമെന്‍റ് അംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, സിനിമാ താരങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരുടെ അക്കൌണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി. എന്നാല്‍ ഈ അക്കൌണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിട്ടില്ലെന്നാണ് വിവരം.
കൊവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്രസര്‍ക്കാറിനേറ്റ പരാജയത്തെ ചൂണ്ടിക്കാണിക്കുന്ന അക്കൌണ്ടുകളാണ് പൂട്ടിയത്. എന്നാല്‍, അക്കൌണ്ട് പൂട്ടിയത് സംമ്പന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഇത് സംമ്പന്ധിച്ച് തങ്ങളുടെ ഉപൿതാക്കള്‍ക്ക് ട്വിറ്റര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ലോക്‌സഭാ അംഗം രേവ്‌നാഥ് റെഡ്ഡി, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകളാണ് നീക്കം ചെയ്തത്.
നീക്കം ചെയ്ത ട്വീറ്റുകളില്‍ ഭൂരിപക്ഷംഓക്‌സിജന്‍ ലഭ്യതകുറവും മരുന്നുകളുടെ ദൗര്‍ലഭ്യവും സംബന്ധിച്ച വിമര്‍ശനങ്ങളാണ്. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇത് രണ്ടാം തവണയാണ് നീക്കം ചെയ്യുന്നത്. നേരത്തെ കര്‍ഷ സമരത്തെ പിന്തുണച്ച ട്വീറ്റുകളും സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു.
അതിനിടെ, ഇന്ത്യയിലെ അതിതീവ്ര കൊവിഡ‍് വ്യാപനവും ഓക്സിജന്‍ കിട്ടാതെ ആളുകള്‍ പിടഞ്ഞ് മരിക്കുന്നതും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവമാണ് വ്യാപനം രൂക്ഷമാക്കിയെന്ന് വിദേശമാധ്യങ്ങള്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമിത ആത്മവിശ്വാസത്തെയും വിദേശമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. കൊവിഡിന്‍റെ രണ്ടാംതരഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യയാണ് കഴിഞ്ഞ കുറച്ച് ദിവസമായി വിദേശ മാധ്യമങ്ങളിലെ തലക്കെട്ട്.
ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ അവധാനതയാണ് കൊവിഡ് വ്യാപനവും ഓക്സിജിൻ ക്ഷാമവും തീവ്രമാക്കിയതെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
ഗാര്‍ഡിയന്‍ പ്രധാനമന്ത്രി മോദിയുടെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തി എഡിറ്റോറിയല്‍ എഴുതി. കൊവിഡ് വ്യാപനത്തിനിടെ മോദി ബംഗാളിലും മറ്റും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതിനെയും വിദേശമാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിച്ചു.
കേന്ദ്രത്തിന്‍റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പ്പിക്കുകയാണെന്നും ഗാര്‍ഡിയന്‍ ആരോപിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ട ചിതയൊരുക്കി കത്തിക്കുന്ന ചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറങ്ങിയത്. കൊവിഡ് വ്യാപനത്തില്‍ രാജ്യം നേരിടുന്ന ദുരന്ത ചിത്രങ്ങള്‍ നിരവധി വിദേശ മാധ്യമങ്ങള്‍ പ്രസിന്ധീകരിച്ചു.
വാഷിങ്ടണ്‍ പോസ്റ്റും ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് എഡിറ്റോറിയില്‍ പ്രസിദ്ധീകരിച്ചു. സ്കൈ ന്യൂസ്, ബിബിസി, അല്‍ജസീറ തുടങ്ങിയ വിദേശചാനലുകളിലും ഇന്ത്യയിലെ കൊവിഡ് മരണങ്ങളും ഓക്സിജൻ തേടിയുള്ള രോഗികളുടെ അലച്ചിലും തന്നെയാണ് വാര്‍ത്തയായത്.
സർക്കാര്‍ സംവിധാനത്തിന്‍റെ തകര്‍ച്ചയാണിതെന്ന കുറ്റപ്പെടുത്തലിനൊപ്പം ഒന്നാം തരംഗത്തേക്കാൾ മാരകമായ വൈറസിനെയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് എബിസി ഓസ്ട്രേലിയ പറയുന്നു. ടൈം മാഗസിനും കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപനത്തില്‍ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.