കൊവിഡ്; ഗുജറാത്തില്‍ ആശുപത്രിക്ക് തീ പിടിച്ചും ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെയും മരണം 31
രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. അതിനിടെ അധികൃതരുടെ അശ്രദ്ധമൂലം മരിക്കുന്ന രോഗികളുടെ എണ്ണവും ഏറുകയാണ്. ഇന്നലെ മാത്രം ഗുജറാത്തില്‍ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന പട്ടേൽ വെൽഫെയർ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നേഴ്സുമാരടക്കം 19 രോഗികളാണ് വെന്ത് മരിച്ചത്. ആഴ്ചകളായി ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന ദില്ലിയില്‍ സർ ഗംഗാ റാം ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്നലെ മാത്രം ഒരു ഡോക്ടറടക്കം 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വകഭേദം വന്ന രോഗാണുക്കളുടെ രോഗവ്യാപനവും അതോടൊപ്പം ആശുപത്രികളിലെ കിടക്കകളുടെയും ഓക്സിജന്‍റെയും ക്ഷാമം ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. (ചിത്രങ്ങള്‍ ദില്ലിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന്, ഗെറ്റി )
ഗുജറാത്തിലെ ഭരൂച് ജില്ലയിലെ പട്ടേൽ വെൽഫെയർ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ 17 കോവിഡ് രോഗികൾ ഉൾപ്പെടെ 19 പേരാണ് മരിച്ചത്. സംഭവത്തിൽ രണ്ട് നഴ്‌സുമാരും കൊല്ലപ്പെട്ടു.
പട്ടേൽ വെൽഫെയർ ഹോസ്പിറ്റലിലെ ഐസിയുവിൽ 27 രോഗികൾ ചികിത്സയിലുണ്ടായിരുന്നു. അർദ്ധരാത്രിയിൽ തീപിടിത്തമുണ്ടായി ഒരു മണിക്കൂറിനുള്ളില്‍ 60 ഓളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഭരുച്ച്-ജംബുസാർ ഹൈവേയ്ക്ക് സമീപത്താണ് പട്ടേൽ വെൽഫെയർ ആശുപത്രി. ആശുപത്രിയിലുണ്ടായ തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഓക്സിജൻ സിലിണ്ടറിൽ ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന വകുപ്പ് അധികൃതർ സംശയിക്കുന്നു.
ഒരു മണിക്കൂറിനുള്ളിൽ 60 ഓളം രോഗികളെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അഗ്നി സുരക്ഷയ്ക്കായി അനുവദിക്കുന്ന ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് അഗ്നിശമന വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുജറാത്തിലെ ആശുപത്രികളുടെ സുരക്ഷാകാര്യങ്ങളിലെ വലിയ പാളിച്ചകളിലേക്കാണ് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറിനും ആശുപത്രി ബെഡ്ഡുകള്‍ക്കുമായി സംസ്ഥാനത്ത് ജനങ്ങള്‍ പരക്കം പായുമ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണമടയുന്നത്.
മഹാമാരിയുടെ ഈക്കാലത്ത് പോലും ആശുപത്രികള്‍ രോഗികളുടെ സുരക്ഷയില്‍ കാണിക്കുന്ന അലംഭാവം ഏറെ ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്.
പട്ടേൽ വെൽഫെയർ ആശുപത്രിക്ക് രണ്ട് കെട്ടിടങ്ങളുണ്ട്. എന്നാല്‍, സംഭവം നടന്ന കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നില്ല. തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിന് അനുമതി രേഖയുണ്ടെന്നും ഭരുച്ച് റീജിയണൽ ഫയർ ഓഫീസർ ദീപക് മഖിജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീ പിടിച്ച് കരിഞ്ഞുപോയ മനുഷ്യരെയാണ് ആശുപത്രിക്കുള്ളിൽ കാണാനായതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നു. ചിലർ സ്ട്രെച്ചറുകളിലാണെങ്കിൽ മറ്റ് ചിലർ കിടക്കകളില്‍ തന്നെ മരിച്ചു കിടക്കുകയായിരുന്നു.
ആശുപത്രി വാര്‍ഡില്‍ ശവശരീര ഭാഗങ്ങൾ ചിതറിയ കാഴ്ചയായിരുന്നു എങ്ങും. രൂക്ഷമായ തീയിൽ ഐ.സി.യു വാർഡ് പൂർണമായി കത്തിക്കഴിഞ്ഞു. വെൻറിലേറ്ററുകളും മരുന്നുകളും കിടക്കകളും എല്ലാം ചാരമായി മാറിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പൂർണമായി കത്തിക്കരിഞ്ഞവരെ തിരിച്ചറിയാൻ ബന്ധുക്കൾ ഏറെ കഷ്ടപ്പെടുന്ന കാഴ്ച ഭീകരമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. തീപിടുത്തം നടന്നയുടനെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങാൻ കഴിഞ്ഞത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്ന് പൊലീസ് പറഞ്ഞു.
ജീവൻ തിരിച്ച് കിട്ടിയ കോവിഡ് രോഗികളിൽ പലരും തനിക്കൊപ്പമുണ്ടായിരുന്നവരെ തിരയുന്നത് കാണാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഗുജറാത്തില്‍ മരണം കുത്തനെ കൂടിയതിനെ തുടർന്ന് ശ്‌മശാനങ്ങളിൽ ഒഴിവില്ലാത്ത സാഹചര്യമാണ്. കോവിഡിനെ കൈകാര്യം ചെയ്യാനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികളില്‍ ഗുജറാത്ത് ഹൈകോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയില്ലെന്നും ചികിത്സ ലഭിക്കാതെ രോഗികള്‍ ആശുപത്രിക്ക് പുറത്ത് മരിച്ചുവീഴുന്നത് ദു:ഖമുണ്ടാക്കുന്നുവെന്നുമായിരുന്നു കോടതി നിരീക്ഷിച്ചിരുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് അനുശോചനം അറിയിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മാർച്ച് 26 ന് സൂറത്തിലെ ആശുപത്രിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നാല് രോഗികൾ മരിച്ചിരുന്നു. രോഗവ്യാപനം അതിശക്തമായി തുടരുമ്പോഴും ദില്ലിയിലെ ആശുപത്രികളിലേക്ക് ഇപ്പോഴും ആവശ്യത്തിന് ഓക്സിജന്‍ എത്തിചേരുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഓക്സിജന്‍ ലഭിക്കാതെ ഒരു ഡോക്ടറുള്‍പ്പട്ടെ പന്ത്രണ്ട് രോഗികളാണ് മരിച്ചത്. ദക്ഷിണ ഡൽഹിയിലെ ബാത്ര ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രിയ്ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിച്ചിരുന്നില്ലെന്ന് ബാത്ര ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുധാൻഷു ബങ്കാറ്റ പറഞ്ഞു. അതേ, ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവിയായ ഹിംതാനിയാണ് മരിച്ച ഡോക്ടര്‍.
ഓക്സിജന്‍ കുറവ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ആവശ്യത്തിന് ഓക്സിജനെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ദില്ലിയിലെ കൊവിഡ് ആശുപ്രത്രികള്‍ക്ക് ആവശ്യമായ അളവില്‍ ഓക്സിജന്‍ എത്തിക്കാന്‍ രോഗവ്യാപനം ഇത്രയേറെ രൂക്ഷമായിട്ടും കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
നേരത്തെ ജയ്പൂർ ഗോൾഡൻ ഹോസ്പിറ്റലിൽ 20 കോവിഡ് -19 രോഗികളും ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ 25 പേരും ഓക്സിജൻ ലഭിക്കാതെ മരിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം.
ഇന്നലെ ദില്ലി നഗരത്തിലെ നിരവധി ആശുപത്രികളാണ് ഓക്സിജൻ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തത്. പലരും സ്വന്തമായി വാങ്ങി സൂക്ഷിച്ചിരുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രികളിലെത്തിച്ചു. ദില്ലിയില്‍ ഓക്സിജനും ആശുപത്രി കിടക്കകളും അന്വേഷിച്ചുള്ള സന്ദേശങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയെ.
ആഴ്ചകളായി കൊവിഡ് രോഗാണുവിന്‍റെ അതിവ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് ആവശ്യമായ ഓക്സിജനോ വാക്സിനോ ഉറപ്പ് വരുത്താന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓക്സിജന്‍ സഹായം പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അവ ആശുപത്രികളിലെത്തി ചേരാന്‍ ഇനിയും സമയമെടുക്കും.
ഇന്നലെ വൈകുന്നേരത്തോടെ സർ ഗംഗാ റാം ആശുപത്രിയിൽ ഓക്സിജൻ എത്തിയിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ ട്വിറ്ററിലൂടെ അറിയിച്ചു. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് ഒരു ഓക്സിജൻ ടാങ്കർ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.