ഇത് നമുക്ക് പരിചയമില്ലാ കാഴ്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കുട്ടികളുടെ ജീവിതം ഇങ്ങനെ കൂടിയാണ്!
ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറായ മാസിമോ ബിയറ്റി ലോകമെമ്പാടും സഞ്ചരിച്ച് ആരുടെയും ഹൃദയം കവരുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്നയാളാണ്. ഛായാചിത്രങ്ങളാണ് അതില്‍ പ്രധാനം. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പല മനുഷ്യരുടേയും ചിത്രങ്ങള്‍ ബിയറ്റി പകര്‍ത്തി. അവര്‍ക്കോരോരുത്തര്‍ക്കും അവരുടേതായ കഥകളും പറയാനുണ്ടായിരുന്നു. ബിയറ്റിയുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ പ്രധാനമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പകര്‍ത്തിയ കുട്ടികളുടെ ചിത്രങ്ങള്‍.
റഷ്യ, നോര്‍വേ, ഇന്ത്യ തുടങ്ങി പാപുവ ന്യൂഗിനിയ, എത്തിയോപ്പിയ, മലേഷ്യ, വനവാടു വരെ വിവിധയിടങ്ങളില്‍ നിന്നുമാണ് കുട്ടികളുടെ വ്യത്യസ്തമായ ഈ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടുള്ളത്.
നാമെല്ലാവരും കുട്ടിക്കാലത്തിലൂടെ കടന്നുവന്നവരാണ്. എന്നാല്‍, ഈ ചിത്രങ്ങള്‍ ഒരു സാധാരണ ബാല്യത്തിന്‍റെ നേര്‍ക്കാഴ്ചയല്ല. നമ്മില്‍ പലര്‍ക്കും പരിചയമില്ലാത്ത തരം ജീവിതം ജീവിക്കുന്ന കുട്ടികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുണ്ട്. അവയെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ബിയറ്റി പകർത്തിയിരിക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും, ദാരിദ്ര്യം, ആരോഗ്യ പ്രശ്നങ്ങൾ, വിദ്യാഭ്യാസത്തിന്റെ അഭാവം, ബാലവേല, നേരത്തെയുള്ള വിവാഹം, അല്ലെങ്കിൽ അക്രമം എന്നിവയെല്ലാം കുട്ടികളില്‍ നിന്നും അവരുടെ കുട്ടിക്കാലം കവർന്നെടുക്കാറുണ്ട്.
പല രാജ്യങ്ങളും കുട്ടികളുടെ ക്ഷേമവും അവരുടെ ശോഭനമായ ഭാവിയും പരിഗണിക്കുന്നുണ്ട് എങ്കിലും അതെത്രത്തോളം കുട്ടികളെ തുണയ്ക്കുന്നുവെന്നത് ചോദ്യമാണ്. ഒരു അധികൃതരുടേയും ശ്രദ്ധയെത്താത്ത തരത്തിൽ ശരിയായ ഭക്ഷണമോ, വിദ്യാഭ്യാസമോ കിട്ടാത്ത കുട്ടികൾ ലോകത്ത് പലയിടങ്ങളിലുമുണ്ട്.
പലപ്പോഴും പല കുട്ടികള്‍ക്കും നിര്‍ബന്ധിതവിദ്യാഭ്യാസമുള്ള രാജ്യങ്ങളില്‍ പോലും വിദ്യാഭ്യാസത്തിനുള്ള സാഹചര്യമുണ്ടാകാറില്ല. അതുപോലെ തന്നെയാണ് ബാലവേലയും ബാലവിവാഹവുമെല്ലാം. ഇവയെല്ലാം കുട്ടികളുടെ ജീവിതം ദുരിതപൂർണമാക്കുന്നു.
വാർഷിക ഗ്ലോബൽ ചൈൽഡ്ഹുഡ് റിപ്പോർട്ട് 2019 അനുസരിച്ച്, ഇന്നത്തെ കുട്ടികൾക്ക് "ചരിത്രത്തിലെ മറ്റേത് സമയത്തേക്കാളും ആരോഗ്യമുള്ളവരും വിദ്യാസമ്പന്നരും സംരക്ഷിതരുമായി വളരുന്നതിനും അവരുടെ മുഴുവൻ കഴിവിലും എത്തിച്ചേരാനുമുള്ള അവസരമുണ്ട്."
കുട്ടികളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ച പല രാജ്യങ്ങളുടെയും വിജയഗാഥകളാൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 970 ദശലക്ഷത്തിൽ നിന്ന് 690 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്.
കാരണം, 2000 -ത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 280 ദശലക്ഷം കുട്ടികൾ ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാൽ, ഇനിയും 280 ദശലക്ഷം കുട്ടികളില്‍ കൂടിയും മാറ്റങ്ങൾ വരുത്താനുണ്ട്.
വിവിധ രാജ്യങ്ങളിൽ അടിസ്ഥാന അവകാശങ്ങളായ ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങിയവ പോലും ലഭിക്കാത്ത അനേകങ്ങൾ ജീവിക്കുന്നുണ്ട്. അതിൽ കുട്ടികളും ഉൾപ്പെടുന്നു. കൂടാതെ ചൂഷണത്തിനിരയാകുന്ന കുട്ടികളും കുറവല്ല. അതുപോലെ പലപ്പോഴും കലാപങ്ങളും യുദ്ധങ്ങളുമെല്ലാം കുട്ടികളുടെ ജീവിതം ദുരിതപൂർണമാക്കാറുണ്ട്.
ഏതായാലും ബിയറ്റി പകർത്തിയ ചിത്രങ്ങൾ നമുക്ക് അത്രയൊന്നും പരിചയമില്ലാത്ത തരത്തിലുള്ള കുട്ടികളുടെ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാകുന്നുണ്ട് എന്നതിൽ സംശയമില്ല.