ജയിലിൽ നിന്നും ഇറങ്ങിയത് ഫോട്ടോഗ്രാഫറാകാൻ, ആ ക്യാമറ പകർത്തിയ ജീവിതത്തിന്റെ നേർക്കാഴ്ചകൾ!
ഫോട്ടോഗ്രഫി എന്ന സ്വപ്നം എപ്പോഴും ഉള്ളിൽ ചുമന്ന് നടന്നയാളായിരുന്നു ഡൊണാറ്റോ ഡി കാമിലോ. എന്നാൽ, അന്നൊന്നും ഒരു ക്യാമറ സ്വന്തമാക്കാനുള്ള കഴിവ് അയാൾക്കോ കുടുംബത്തിനോ ഇല്ലായിരുന്നു. എന്നാൽ, കുട്ടിക്കാലം തൊട്ടുള്ള ആ സ്വപ്നം ഒടുവിൽ അയാൾ നേടിയെടുക്കുക തന്നെ ചെയ്തു. എന്നാൽ അത് സംഭവിക്കുന്നത് അയാൾ ജയിലിൽ കിടന്നപ്പോഴാണ്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹം മികച്ച, ശ്രദ്ധിക്കപ്പെട്ട ഫോട്ടോഗ്രാഫറായി മാറി. അതും സ്വയം പഠിച്ച്. ഡൊണാറ്റോയുടെ കഥയറിയാം. അദ്ദേഹം പകർത്തിയ ചിത്രങ്ങൾ കാണാം.
ഡൊണാറ്റോ ഡി കാമിലോവിന് കുട്ടിയായിരുന്നപ്പോൾ മുതൽ ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമായിരുന്നു. എന്നാൽ, ആ കുടുംബത്തിന് മകന് ഒരു ക്യാമറ വാങ്ങി കൊടുക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. പകരം, ഒരു ഹോട്ട്‌ഷോട്ട് ഫോട്ടോഗ്രാഫറാണെന്ന ഭാവത്തിൽ അവൻ ഫിലിമില്ലാത്ത ഒരു സാധാരണ ക്യാമറയുമായി വീടിനു ചുറ്റും ഓടി നടക്കും.
തന്റെ അച്ഛൻ ശേഖരിച്ച് കൊണ്ടുവന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ നാഷണൽ ജിയോഗ്രാഫിക് മാസികൾ അവൻ താല്പര്യത്തോടെ മറിച്ച് നോക്കും. അതിൽ കാണുന്ന ഫോട്ടോഗ്രാഫേഴ്സിനെ അനുകരിക്കാൻ അവൻ ശ്രമിച്ചു. എന്നാൽ പിന്നീട് അവൻ വളർന്നു, അവന്റെ സ്വപ്നവും അവനൊപ്പം വളർന്നു.
വർഷങ്ങൾക്കുശേഷം, ഡൊണാറ്റോ ജയിലിൽ കിടന്ന സമയത്ത് ഫോട്ടോഗ്രഫി അയാളുടെ ഉള്ളിൽ അതിശക്തമായ മോഹമായി. ജയിലിൽ മാസികകൾ നിറഞ്ഞ ഒരു ലൈബ്രറി അയാൾ കണ്ടെത്തി. മറ്റ് തടവുകാർ ജോലിചെയ്യുമ്പോൾ അയാൾ നാഷണൽ ജിയോഗ്രാഫിക്, ലൈഫ്, ടൈം തുടങ്ങിയ മാസികയുടെ പഴയ പതിപ്പുകൾ മറിച്ച് നോക്കുമായിരുന്നു. അപ്പോഴാണ് ഫോട്ടോഗ്രാഫി എത്രത്തോളം ശക്തമായ ഒരു മാധ്യമമാണെന്ന് അയാൾക്ക് മനസ്സിലാക്കിയത്. പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും അതിനെ കുറിച്ച് അയാൾ കൂടുതൽ വായിച്ചു.
പേജുകൾക്കുള്ളിൽ ഒളിഞ്ഞിരുന്ന ഫോട്ടോഗ്രാഫിയുടെ മാന്ത്രികത അയാളെ അദ്ഭുതപ്പെടുത്തി. തുടർന്ന് ശിക്ഷ കഴിഞ്ഞ്, 2011 -ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ, എന്താണ് ചെയ്യേണ്ടതെന്ന് ഡൊണാറ്റോയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇറ്റാലിയൻ മാതാപിതാക്കളുടെ മകനായ അദ്ദേഹം 1970 -കളുടെ അവസാനത്തിൽ ബ്രൂക്ലിന്റെ ലിറ്റിൽ ഇറ്റലിയുടെ ഹൃദയഭാഗത്താണ് വളർന്നത്.
“കുട്ടിക്കാലത്ത് ഞാൻ ഒരുപാട് ദുഃഖകരമായ കാര്യങ്ങൾക്ക് സാക്ഷിയായി. എന്റെ ആദ്യത്തെ സുഹൃത്ത് ഒൻപതാം വയസ്സിൽ എന്റെ കാൽക്കൽ തന്നെ കിടന്ന് മരിക്കുന്നത് ഞാൻ കണ്ടു” ഫീച്ചർ ഷൂട്ടിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് മൂന്ന് സഹോദരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
കുട്ടിക്കാലത്ത് ഡൊണാറ്റോയ്ക്ക് പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമായിരുന്നു. അത് പലപ്പോഴും കലഹത്തിലും, അക്രമത്തിലും കലാശിച്ചിരുന്നു. അക്രമത്തിന്റെ പേരിൽ പതിനാറാമത്തെ വയസ്സിൽ സ്കൂളിൽ നിന്ന് പോലും അയാൾ പുറത്താക്കപ്പെട്ടു. തുടർന്ന് നല്ല പെരുമാറ്റ ചട്ടം പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലും, ജയിലുകളിലും ജീവിതം ചിലവഴിച്ചു. എന്നാൽ ജീവിതത്തിലെ ഒരു അപ്രതീക്ഷിത വഴിത്തിരിവായി ഫോട്ടോഗ്രാഫിയോടുള്ള കമ്പം. ഡൊണാറ്റോയുടെ ചിത്രങ്ങൾ പച്ചയായ ജീവിത കാഴ്ചകളുടെ സമാഹരണമായിരുന്നു.
ജയിൽ മോചിതനായതിനുശേഷം, വീട്ടുതടങ്കലിൽ ആയിരിക്കുമ്പോൾ ക്യാമറ ഉപയോഗിക്കാൻ ഡൊണാറ്റോ സ്വയം പഠിച്ചു. ആദ്യം അദ്ദേഹം തന്റെ വീടിന്റെ ചുമരുകൾക്കുള്ളിൽ നിന്ന് കൊണ്ട് പ്രാണികളുടെയും, ജീവികളുടെയും, സസ്യങ്ങളുടെയും ചിത്രങ്ങൾ പകർത്തി.
ബ്രൂസ് ഗിൽഡൻ, വില്യം ക്ലീൻ എന്നിവരുടെ ചിത്രങ്ങൾ അയാളെ സ്വാധീനിച്ചു. അവരാണ് “സ്ട്രീറ്റ് ഫോട്ടോഗ്രാഫി” തെരഞ്ഞെടുക്കാൻ അയാളെ പ്രേരിപ്പിച്ചത്. അയാൾക്ക് അറിയാവുന്ന അതേ തെരുവുകൾ മറ്റൊരു ലെൻസിലൂടെ അയാൾ കാണാൻ ശ്രമിച്ചു.
അയാൾ തന്റെ പുതിയ ജീവിതത്തിൽ പൂർണമായും അഭിമാനിക്കുന്നു. തന്റെ ഫോട്ടോ വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന പ്രക്രിയയെക്കുറിച്ച് ഡി കാമിലോ വിശദീകരിക്കുന്നു: “ആളുകളിലെ അതിശയകരമായ വ്യത്യാസങ്ങൾ എത്ര മനോഹരമാണ്. ആളുകൾ എന്നെ ആശ്ചര്യപ്പെടുത്തുന്നു. അവർ പലപ്പോഴും എന്റെ സ്വന്തം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു,” അയാൾ പറഞ്ഞു.
പലപ്പോഴും വീടില്ലാത്തവരോ, മാനസികരോഗികളോ, കൗതുകമുണർത്തുന്ന കഥാപാത്രങ്ങളോ ആണ് അയാളുടെ വിഷയങ്ങൾ. സമൂഹത്തിന്റെ താഴെ തട്ടിൽ കഴിയുന്ന അവർ പലപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ, മനഃപൂർവ്വം അവഗണിക്കപ്പെട്ടു കഴിയുന്നവരാണ്. മുഖമില്ലാത്ത അവർക്ക് ഒരു മുഖം നൽകാൻ അയാൾ ആഗ്രഹിക്കുന്നു. "മനുഷ്യരെല്ലാം ഒരേപോലെയാണ്, അത് ഇനി തെരുവിൽ കഴിയുന്നവരാകട്ടെ, കോടീശ്വരനാകട്ടെ, പരസ്പരം ബദ്ധപ്പെട്ട് കിടക്കുന്നു," അയാൾ പറഞ്ഞു.
(ചിത്രങ്ങൾ എല്ലാം ഡൊണാറ്റോ പകർത്തിയത്, കടപ്പാട്: Donato Di Camillo/facebook)