'നിങ്ങളെ കാണാന്‍ നിങ്ങളുടെ പൂച്ചയെപ്പോലുണ്ടോ?' വ്യത്യസ്‍തമായ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം
ചില മനുഷ്യർക്ക് മൃഗത്തിന്റെ ഛായയുണ്ടെന്ന് നമ്മൾ തമാശയായി പറയാറുണ്ട്. എന്നാൽ, അനിമൽ ഫോട്ടോഗ്രാഫറായ ജെറാർഡ് ഗെത്തിംഗ്സ് തന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ അത് സത്യമാണ് എന്ന് തെളിയിക്കുകയാണ്. 'Do You Look Like Your Cat?' എന്ന പേരുള്ള ആ പ്രൊജക്ടിൽ കുറച്ച് ആളുകളെയും, അവരെപ്പോലെ ഇരിക്കുന്ന പൂച്ചകളെയും കാണാം.
അതിൽ പൂച്ചയുടെ രൂപങ്ങളുമായി യോജിക്കുന്ന രീതിയിലാണ് ആളുകൾക്കു വസ്ത്രങ്ങളും, മുഖഭാവങ്ങളും നൽകിയിരിക്കുന്നത്. സാമ്യമുള്ളതും എന്നാല്‍ വിചിത്രമായതുമാണ് ആ ചിത്രങ്ങൾ.
അതിൽ കാണുന്ന ആളുകൾ പൂച്ചകളുടെ ഉടമകളാണോ എന്ന് നമുക്ക് സംശയം തോന്നാമെങ്കിലും, അങ്ങനെയല്ല. ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട മോഡലുകളാണ്. പക്ഷേ, ഫലങ്ങൾ തീർച്ചയായും അത്ഭുതമുളവാക്കുന്നവയാണ്.
ഇത്തരത്തിൽ സാമ്യമുള്ള ആളുകൾ വളരെയൊന്നുമില്ലെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫർ ഗെത്തിംഗ്സ് പറഞ്ഞു. അതിനാൽ ഈ പ്രൊജക്റ്റ് ഒരു യഥാർത്ഥ വെല്ലുവിളിയായിരുന്നുവെന്നും, ആളുകൾ ഒരിക്കലും കാണാത്ത ഒരു കാര്യം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പരമ്പരയെ രസകരമാക്കാൻ സാധിക്കുന്ന തരത്തിലുള്ള പൂച്ചകളെ കണ്ടെത്തുന്നത് പോലും ബുദ്ധിമുട്ടായിരുന്നു. അവയെ കണ്ടെത്താൻ ഞാൻ ഇംഗ്ലണ്ടിലെ മിക്ക സ്ഥലങ്ങളും സന്ദർശിച്ചു. പലപ്പോഴും ഞാൻ മണിക്കൂറുകളോളം വാഹനമോടിച്ചു. കൂടാതെ പലപ്പോഴും അവ സഹകരിക്കാൻ വിസ്സമ്മതിച്ചപ്പോൾ എല്ലാം പായ്ക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുണ്ട്" അദ്ദേഹം പറഞ്ഞു. ഒരുപാട് ക്ഷമയും പരിശ്രമവും വേണ്ടുന്ന ഒരു കാര്യമായിരുന്നു അത്.
ഒരു ചിത്രകാരനായി ജീവിതം ആരംഭിച്ച അദ്ദേഹം, അതിനായി ആദ്യം ലണ്ടനിൽ ഒരു സ്റ്റുഡിയോ തുടങ്ങുകയുണ്ടായി. എന്നിരുന്നാലും, വിധി മറ്റൊന്നായിരുന്നു. സെലിബ്രിറ്റി പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർ ടെറി ഓ നീലിനുവേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
"ഞാൻ അദ്ദേഹത്തിനായി 10 വർഷം ജോലി ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന്റെ സ്റ്റുഡിയോ ടെക്നിക്കുകൾ പഠിച്ച ഞാൻ അനിമൽ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. അവിടെ നിന്ന് ഞാൻ പെയിന്റിംഗിൽ നിന്നും ഫോട്ടോഗ്രാഫിയിലേക്ക് നടന്നടുത്തു. ഒരു പെയിന്റിംഗ് പൂർത്തിയാക്കാൻ എനിക്ക് മാസങ്ങളെടുക്കുമായിരുന്നു. എന്നാൽ, ഫോട്ടോഗ്രാഫുകൾ ഒരു ദിവസത്തിനുള്ളിൽ പൂർത്തിയായി. ആ യാത്ര ആവേശകരമായിരുന്നു" അദ്ദേഹം പറഞ്ഞു.
മൃഗങ്ങളുടെ ഫോട്ടോ എടുക്കാൻ അങ്ങേയറ്റം ക്ഷമ വേണമെന്ന് അദ്ദേഹം പറയുന്നു. ലൈറ്റിംഗ് വളരെ പ്രധാനമാണെന്നും അവ ഉപയോഗിക്കാൻ ഫോട്ടോഗ്രാഫർമാർ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹം പൂച്ചയെ മാത്രമല്ല, നായ്ക്കളെയും, പ്രാവുകളെയും എല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. സെലിബ്രിറ്റികളുടെ പെറ്റുകളുടെ ചിത്രങ്ങളും അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.
ഏതായാലും അദ്ദേഹത്തിന്‍റെ ഈ പുതിയ ഫോട്ടോഷൂട്ട് നിരവധിപ്പേരുടെ പ്രശംസ പിടിച്ചുപറ്റി.