സാൻഡീസ് ക്രാഫ്റ്റ് വേൾഡ് ഓഫ് സന്ധ്യ; ചിത്രത്തുന്നലിൽ ഇഷ്ടങ്ങൾക്ക് ചിറക് തുന്നുന്ന പെൺകുട്ടി...
രണ്ട് റെക്കോർഡ് കൂടി സ്വന്തം പേരിൽ തുന്നിച്ചേർത്തിട്ടുണ്ട് സന്ധ്യ രാധാകൃഷ്ണൻ. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും.
ലോക്ക് ഡൗൺ കാലത്ത് എല്ലാവരും അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോൾ തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി പറക്കാൻ അനുവദിച്ച പെൺകുട്ടിയാണ് കൊടുങ്ങല്ലൂർ സ്വദേശിനിയായ സന്ധ്യ രാധാകൃഷ്ണൻ. 'ചിത്രംവരയോ തുന്നലോ പഠിച്ച ആളല്ല ഞാൻ, ഇഷ്ടം കൊണ്ട് ചെയ്യുന്ന വർക്കുകളാണിതെല്ലാം.' സന്ധ്യ പറയുന്നത് കേട്ടതിന് ശേഷം ഈ മിടുക്കിയുടെ ഫേസ്ബുക്ക് വാളിലൊന്ന് കയറി നോക്കണം. ക്രാഫ്റ്റിനോടുള്ള ഇഷ്ടം കൊണ്ട് ഒരാൾക്ക് ഇത്ര മനോഹരമായി വരയ്ക്കാനും, പെയിന്റ് ചെയ്യാനും തുന്നൽ സൂചി കൊണ്ട് വിസ്മയങ്ങൾ തീർക്കാനും സാധിക്കുമോ എന്നൊരു ചോദ്യമായിരിക്കും കാഴ്ചക്കാരുടെ മനസ്സിലുണ്ടാകുക. ഇത് മാത്രമല്ല, രണ്ട് റെക്കോർഡ് കൂടി സ്വന്തം പേരിൽ തുന്നിച്ചേർത്തിട്ടുണ്ട് സന്ധ്യ രാധാകൃഷ്ണൻ. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും.
ഫാഷൻ ഡിസൈനിംഗ് പഠിച്ച് ആ മേഖലയിൽ കരിയർ തെരഞ്ഞെടുക്കാനായിരുന്നു സന്ധ്യയുടെ ആഗ്രഹം. എന്നാൽ എംബിഎ പഠിച്ച് എച്ച്ആർ ജോലിയിലേക്കാണ് സന്ധ്യ പോയത്. എട്ടുവർഷം അതായിരുന്നു പ്രൊഫഷൻ. പിന്നീട് വിവാഹിതയായി കുഞ്ഞിയുടെ അമ്മയായതിന് ശേഷമാണ് പഴയ ആഗ്രഹത്തെ സന്ധ്യ പൊടിതട്ടിയെടുത്തത്. അതും ലോകം മുഴുവൻ അടച്ചിരിക്കാൻ തീരുമാനിച്ച ലോക്ക് ഡൗൺ സമയത്ത്. സന്ധ്യയെ സംബന്ധിച്ച് തന്റെ ഉള്ളിലുള്ള കഴിവിനെ പുറത്തിറക്കാനുള്ള അവസരമായിരുന്നു ലോക്ക്ഡൗൺ കാലം.
'ബോട്ടിൽ ആർട്ട് ചെയ്യുന്ന സമയത്ത് ക്ലേ മിക്സ് ചെയ്യേണ്ടതെങ്ങനെയെന്ന് പോലും എനിക്കറിയില്ലായിരുന്നു. പിന്നീട് യൂട്യൂബ് നോക്കിയും മറ്റ് വർക്കുകള്‍ കണ്ടുമാണ് പഠിച്ചത്.' സന്ധ്യ പറയുന്നു. ബോട്ടിൽ ആർട്ടിൽ എല്ലാവരും പരീക്ഷണം നടത്തുന്ന സമയം ആയതുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ എല്ലാവരും ബോട്ടിലിൽ പടം വരച്ചപ്പോൾ സന്ധ്യ കയ്യിലെടുത്ത ബോട്ടിലിൽ ക്ലേ കൊണ്ട് നിർമ്മിച്ച മയിലും ബുദ്ധനും കൃഷ്ണനും ഒക്കെ ഇടം പിടിച്ചു. വ്യത്യസ്തമായ സന്ധ്യയുടെ ബോട്ടിൽ വർക്കുകൾ ഫേസ്ബുക്കിൽ ഹിറ്റായത് വളരെ പെട്ടെന്നായിരുന്നു.
അങ്ങനെയൊരു ബോട്ടിൽ ആർട്ട് കാലത്താണ് എംബ്രോയിഡറി ചെയ്ത് നോക്കാം എന്ന ആശയം തോന്നുന്നത്. പ്ലസ്ടൂ അവധിക്കാലത്ത് തയ്യൽ പഠിച്ചിട്ടുണ്ട് എന്നതല്ലാതെ കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു എന്ന് സന്ധ്യ പറയുന്നു. ആദ്യം ലൈൻ ആർട്ട് ആണ് ചെയ്തത്. ഒരു സുഹൃത്തിന് സമ്മാനിക്കാൻ വേണ്ടി ശ്രീഹരി എന്ന വിദ്യാർത്ഥിയായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ആ വർക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അത്തരം വർക്കുകൾ മറ്റുള്ളവരും ആവശ്യപ്പെട്ടു തുടങ്ങി. അങ്ങനെയൊരു മൂന്ന് വർക്ക് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് ഇപ്പോഴത്തേത് പോലെ ചിത്രത്തുന്നൽ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.
സുഹൃത്തുക്കളുടെ വർക്ക് കണ്ടും യൂട്യൂബ് നോക്കിയുമാണ് ചിത്രത്തുന്നൽ പരിശീലിച്ചതെന്നും സന്ധ്യ കൂട്ടിച്ചേർക്കുന്നു. ചിത്രത്തുന്നലിലൂടെ ആളുകളുടെ പിക്ച്ചർ പോർട്രെയ്റ്റ് തയ്യാറാക്കുകയാണ് ചെയ്തത്. അവർ നൽകുന്ന ഫോട്ടോ അതേപടി ചിത്രത്തുന്നലിൽ തയ്യാറാക്കി നൽകിയപ്പോൾ കൂടുതൽ പേർ ആവശ്യക്കാരായെത്തി. ഇന്നിപ്പോൾ നിരവധി പേരാണ് തങ്ങളുടെ ഫോട്ടോ ചിത്രത്തുന്നലില്‍ തയ്യാറാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് സന്ധ്യയെ സമീപിക്കുന്നത്. 'മറ്റൊന്നും ചെയ്യാതെ തുന്നാൻ വേണ്ടി മാത്രം ചെലവഴിക്കുകയാണെങ്കിൽ ഒരു ദിവസം കൊണ്ട് ഒരു വർക്ക് തീരും. ഞാൻ ഒരു വർക്ക് മൂന്നു ദിവസം കൊണ്ടാണ് തീർത്തെടുക്കുന്നത്.' കുടുംബത്തിനൊപ്പം ചെലവഴിക്കാനും സമയം വേണ്ടേ എന്നും സന്ധ്യ ചോദിക്കുന്നു. സാൻഡിസ് ക്രാഫ്റ്റ് വേൾഡ് എന്നാണ് തന്റെ വർക്കുകൾക്ക് സന്ധ്യ നൽകിയിരിക്കുന്ന പേര്.
ക്രാഫ്റ്റ് വർക്ക് ചെയ്യുന്നവരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നാണ് റെക്കോർഡ് എന്ന ലക്ഷ്യത്തെക്കുറിച്ച് സന്ധ്യ ചിന്തിക്കുന്നത്. 'ഗിന്നസ് റെക്കോർഡ് നേടുകയെന്നാൽ മറ്റൊരു റെക്കോർഡ് ബ്രേക്ക് ചെയ്യേണ്ടി വരും. പക്ഷേ ഇവയിൽ അങ്ങനെയില്ല. പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.' സന്ധ്യ പറയുന്നു. മറ്റൊരിടത്ത് ജോലി ചെയ്യുന്നതിന്റെ സമ്മർദ്ദമോ ടെൻഷനോ തനിക്കില്ലെന്ന് സന്ധ്യ ആത്മവിശ്വാസത്തോടെ പറയുന്നു. 'ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണ് ചെയ്യുന്നത്. നമ്മുടെ ഇഷ്ടത്തിനും സമയത്തിനും അനുസരിച്ച് ജോലി ചെയ്യാം. സ്വന്തം സ്പേസുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം.' സന്ധ്യയുടെ വാക്കുകൾ.
തുടങ്ങിയത് ബോട്ടിൽ ആർട്ടിൽ നിന്നാണെങ്കിലും വാൾ പെയിന്റിംഗ് വരെ എത്തിനിൽക്കുകയാണ് സന്ധ്യയുടെ വരകൾ. ഒരു സുഹൃത്തിന്റെ ഫ്ളാറ്റിലെ വാൾ പെയിന്റിംഗ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഫാബ്രിക് പെയിന്റിംഗ് വർക്കുകളുമുണ്ട്. എംബ്രോയിഡറിയെക്കുറിച്ച് കൂടുതല്‍ പഠിച്ച് ചിത്രത്തുന്നലിനെ പ്രൊഫഷണലായി സമീപിക്കാനാണ് തന്റെ തീരുമാനമെന്നും സന്ധ്യ കൂട്ടിച്ചേർക്കുന്നു.
തയ്യാറാക്കിയത് സുമം തോമസ്