റെഡ്മി നോട്ട് 7 എസിന് തീപിടിച്ചത് ഇങ്ങനെ, വിശദീകരണവുമായി ഷവോമി
മുംബൈ സ്വദേശിയായ ഈശ്വര്‍ ചവാന്‍റെ ഫോണാണ് തീ പിടിച്ചത്. ഫോണിന്‍റെ നിര്‍മ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്ന് ഉടമയും, എന്നാല്‍ ഫോണ്‍ ഉടമ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഷവോമിയും വാദിച്ചത് നേരത്തെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
മുംബൈ: റെഡ്മി നോട്ട് 7എസിന് തീപിടിച്ച സംഭവത്തില്‍ വിശദീകരണവുമായി ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. മുംബൈ സ്വദേശിയുടെ ഫോണിന് തീ പിടിച്ചതില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഷവോമി നല്‍കുന്ന വിശദീകരണം. അതിനാല്‍ ഫോണിന് സംഭവിച്ച തകരാറ് ഉപയോക്താവിന്‍റെ അറിവോടെയുള്ളതാണെന്നും ഷവോമിയുടെ വക്താവ് വിശദമാക്കി.
മുംബൈ സ്വദേശിയായ ഈശ്വര്‍ ചവാന്‍റെ ഫോണാണ് തീ പിടിച്ചത്. ഫോണിന്‍റെ നിര്‍മ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്ന് ഉടമയും, എന്നാല്‍ ഫോണ്‍ ഉടമ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഷവോമിയും വാദിച്ചത് നേരത്തെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഒക്ടോബറിലാണ് ചവാന്‍ റെഡ്മി നോട്ട് 7എസ് വാങ്ങിയത്.
നവംബര്‍ രണ്ട് വരെ ഫോണിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാല്‍ അന്നേ ദിവസം ഫോണില്‍ നിന്നും കത്തുന്നതു പോലുള്ള മണം വന്നപ്പോള്‍ ഫോണ്‍ വേഗം മേശപ്പുറത്തേക്ക് വെക്കുകയായിരുന്നുവെന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോഴല്ല ഇത് സംഭവിച്ചതെന്നുമായിരുന്നു ചവാന്‍ അവകാശപ്പെട്ടത്.
വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഷവോമിയുടെ വിശദീകരണം. നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളില്‍ ആവശ്യമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് ഓരോ ഫോണും പുറത്തിറക്കുന്നതെന്നും ഷവോമി വക്താവ് വിശദമാക്കി.