സിനിമാറ്റിക് അനുഭവം തരുന്ന ക്യാമറ എന്ന് അവകാശവാദം; ഷവോമി 14 സിവിയുടെ വില ലീക്കായി
ഷവോമി 14 സിവിയുടെ നിറഭേദങ്ങളടക്കമുള്ള നിര്‍ണായക സൂചനകള്‍ കമ്പനി തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു
ദില്ലി: ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഷവോമിയുടെ 14 സിവി മോഡല്‍ ഇന്ത്യയിലെത്തുക 45,000ത്തില്‍ കുറഞ്ഞ വിലയിലോ? ഫോണിനെ കുറിച്ച് ലീക്കായ വിലവിവരങ്ങളാണ് ഈ സൂചന നല്‍കുന്നത്. 'ഷവോമി 14 സിവി' മോഡല്‍ ജൂണ്‍ 12ന് ലോഞ്ച് ചെയ്യാനിരിക്കേയാണ് ഫോണിന്‍റെ വില കമ്പനിയുടെ ഔദ്യോഗിക വഴികളിലൂടെയല്ലാതെ പുറത്തുവന്നിരിക്കുന്നത് എന്ന് ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തായ വിവരങ്ങളെ കുറിച്ച് ഷവോമി ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഷവോമി 14 സിവിയുടെ നിറഭേദങ്ങളടക്കമുള്ള നിര്‍ണായക സൂചനകള്‍ കമ്പനി തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാലിപ്പോള്‍ ഫോണിന്‍റെ വില വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ എക്‌സ് യൂസറായ അഭിഷേക് യാദവ് പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ ഈ വിവരങ്ങളില്‍ തനിക്ക് യാതൊരു ഉറപ്പുമില്ല എന്ന മുന്‍കൂര്‍ ജാമ്യമെടുത്താണ് അദേഹം ഫോണിന്‍റെ വില വ്യക്തമാക്കിയത്. ഷവോമി 14 സിവി 8 ജിബി+128 ജിബി വേരിയന്‍റിന് 43,000 രൂപ വിലയാണ് വരികയെന്നാണ് അഭിഷേക് അവകാശപ്പെടുന്നത്. 12 ജിബി+512 ജിബി വേരിയന്‍റും ഇതിനുണ്ടാകും എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ആധികാരികമായ വിവരങ്ങള്‍ പുറത്തുവരുന്നതിനായി കാത്തിരിക്കുകയാവും ഷവോമി പ്രേമികള്‍ക്ക് ഉചിതം.
ഏതാണ്ട് അമ്പതിനായിരം രൂപയോട് അടുത്തുള്ള വിലയ്ക്ക് ഷവോമി 14 സിവി പുറത്തിറക്കാനാണ് ആലോചിക്കുന്നതെന്ന് ഷവോമി ഇന്ത്യ സിഇഒ അനൂജ് ശര്‍മ്മ മുമ്പ് ഗാഡ്‌ജറ്റ് 360യോട് വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റ് 1.5 കെ AMOLED ഡിസ്പ്ലെയില്‍ വരുന്ന ഷവോമി 14 സി, സ്‌നാപ്‍ഡ്രാഗണ്‍ 8 എസ് ജനറേഷന്‍ ത്രീ പ്രൊസസറിലാണ് വരിക. ആന്‍ഡ്രോയ്‌ഡ് 14 ഹൈപ്പര്‍ ഒഎസാണ് ഫോണിനുണ്ടാവുക. ലെയ്‌കയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറയ്ക്കൊപ്പം 32 പിക്‌സല്‍ ഇരട്ട സെല്‍ഫി ക്യാമറകളും ഫോണിനുണ്ടാകും. 67 വാട്ട്‌സ് ചാര്‍ജിംഗ് കപ്പാസിറ്റിയില്‍ 4700 എംഎഎച്ച് ബാറ്ററിയും ഷവോമി 14 സിവിക്കുണ്ടാകും. മൂന്ന് കളര്‍ വേരിയന്‍റുകളിലാണ് ഫോണ്‍ ഇന്ത്യയിലേക്ക് വരുന്നത്.
Read more: ആപ്പിള്‍ എന്തൊക്കെ അവതരിപ്പിക്കും? സ്വന്തം എഐയില്‍ ഐഒഎസ് 18 ഉറപ്പായി; ലഭ്യമാവുക ഈ ഐഫോണുകളില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം