ഐഫോണ്‍ 16 പ്രോ മാക്‌സ് പ്രതീക്ഷ കാത്തോ? ആദ്യ പ്രതികരണം- വീഡിയോ
ഇന്ത്യയിലെ ആദ്യ ഐഫോണ്‍ 16 പ്രോ മാക്സ് ഉപഭോക്താക്കളിലൊരാള്‍ പ്രതികരിക്കുന്നു
മുംബൈ: ഇന്ത്യയിലും ആപ്പിള്‍ കമ്പനി ഐഫോണ്‍ 16 സിരീസിന്‍റെ വില്‍പനയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. നാല് മോഡലുകളുള്ള ഏറ്റവും പുതിയ ഐഫോണ്‍ സിരീസിനായി വന്‍ ജനക്കൂട്ടമാണ് ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാണുന്നത്. വില്‍പനയുടെ ആദ്യ ദിനം തന്നെ ഫോണ്‍ വാങ്ങിയവര്‍ ഏറെ പ്രതീക്ഷകളാണ് ഐഫോണ്‍ 16 സിരീസിനെ കുറിച്ച് പങ്കുവെക്കുന്നത്.
ഐഫോണ്‍ 16 സിരീസിലെ ഏറ്റവും മുന്തിയ മോഡലായ ഐഫോണ്‍ 16 പ്രോ മാക്സ് വാങ്ങാനായി സൂറത്തില്‍ നിന്ന് എത്തിയതാണ് അക്ഷയ്. 16 പ്രോ മാക്‌സിനെ കുറിച്ചുള്ള അക്ഷയ്‌യുടെ ആദ്യ വിലയിരുത്തല്‍ ഇങ്ങനെ... 'ഞാന്‍ ഐഫോണ്‍ 16 പ്രോ മാക്‌സാണ് വാങ്ങിയത്. ഐഒഎസ് 18 ഓപ്പറേറ്റിംഗ് സിസ്റ്റം എനിക്ക് ഇഷ്ടമായി. ക്യാമറ സൂം ഇപ്പോള്‍ കൂടുതല്‍ മികച്ചതായി' എന്നും അക്ഷയ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്സിലുള്ള ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ 16 സിരീസിനായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മുംബൈ ബികെസിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചുവടെ.
2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ കമ്പനി ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ സ്റ്റോറില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് ഐഫോണ്‍ 16 സിരീസ് ഫോണുകള്‍ക്ക് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്.
എഐ അടിസ്ഥാനമാക്കിയുള്ള ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരാന്‍ വൈകുന്നതാണ് ഐഫോണ്‍ 16 സിരീസിനുള്ള പ്രീ-ഓര്‍ഡര്‍ കുറയാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. ഒക്ടോബറിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകള്‍ എത്തുക. കാതലായ പരിഷ്കാരങ്ങള്‍ പുത്തന്‍ ഫോണുകളിലില്ല എന്ന വിമര്‍ശനവും ശക്തം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം