Asianet News MalayalamAsianet News Malayalam

ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ഒരു യുദ്ധത്തിനുള്ള ആള്‍ക്കൂട്ടം; ഐഫോണ്‍ 16 വില്‍പന ഇന്ത്യയില്‍ തുടങ്ങി

രാത്രി മുതല്‍ ആളുകള്‍ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തമ്പടിച്ചു, രാവിലെ ആയപ്പോഴേക്ക് നീണ്ട ക്യൂ, സ്റ്റോറിന്‍റെ വാതില്‍ തുറന്നപ്പോഴേക്ക് തള്ളിക്കയറ്റം

Watch huge crowd gathered outside Apple stores in Mumbai and Delhi as iPhone 16 series sale started in India
Author
First Published Sep 20, 2024, 10:25 AM IST | Last Updated Sep 20, 2024, 10:33 AM IST

മുംബൈ: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സിരീസായ ഐഫോണ്‍ 16ന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ തന്നെ നൂറുകണക്കിന് പേരാണ് ക്യൂവില്‍ പ്രത്യക്ഷപ്പെട്ടത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സമാനമായ വേറെയും വീഡിയോകള്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്. 

ദില്ലിയിലെ സെലക്ട് സിറ്റിവോക്ക് മാളിലും ആപ്പിള്‍ 16നായി നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ എട്ട് മണിക്കാണ് ഇന്ത്യയില്‍ ഐഫോണ്‍ 16ന്‍റെ വില്‍പന ആരംഭിച്ചത്. എന്നാല്‍ രാത്രി മുതല്‍ ഇന്ത്യയിലെ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ക്യൂ കാണാനായി. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. 

2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ ഐഫോണ്‍ 15 സിരീസിനെ അപേക്ഷിച്ച് പ്രീ-ഓര്‍ഡര്‍ കുറവാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ കുറഞ്ഞത്. ഐഫോണ്‍ 16 പ്രോയ്ക്ക് 27 ശതമാനവും ഐഫോണ്‍ 16 പ്രോ മാക്‌സിന് 16 ശതമാനവും 15 പ്രോ മോഡലുകളെ അപേക്ഷിച്ച് ആദ്യ വാരം പ്രീ-ഓര്‍ഡര്‍ കുറഞ്ഞു.

അതേസമയം സ്റ്റാന്‍ഡേര്‍ഡ് മോഡലുകളായ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയേക്കാള്‍ പ്രീ-ഓര്‍ഡര്‍ ഐഫോണ്‍ 16നും ഐഫോണ്‍ 16 പ്ലസിനുമുണ്ട്. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരാന്‍ വൈകുന്നതാണ് പ്രീ-ഓര്‍ഡര്‍ കുറയാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. ഒക്ടോബറിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകള്‍ എത്തുക. ഏറെ അപ്‌ഡേഷനുകളുള്ള ഐഒഎസ് 18 ഒഎസ് ഐഫോണ്‍ 16 സിരീസിനെ കൂടുതല്‍ ശ്രദ്ധേയമാക്കാനിടയുണ്ട്. 

Read more: 'ഐഫോണ്‍ 16 ഏശിയില്ല, ബുക്കിംഗില്‍ കനത്ത ഇടിവ്, പ്രോ മോഡലുകള്‍ക്ക് തീരെ ഡിമാന്‍ഡില്ല'- കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios