പാസ്‍വേഡിൽ ജാഗ്രതൈ, ഈ 10 എണ്ണത്തിൽ ഏതെങ്കിലുമാണോ ? എങ്കിൽ പണി കിട്ടും! ക്രാക്ക് ചെയ്യാൻ സെക്കൻഡുകൾ മാത്രം
12345 എന്ന പാസ്‍വേഡ് 56,676 പേരാണ് ഉപയോഗിക്കുന്നത്. പൊതുവായി ഉപയോഗിക്കപ്പെടുന്നതാണ് 'Password' എന്നതും. ഇത് ക്രാക്ക് ചെയ്യാനും ഒരു സെക്കൻഡ് പോലും വേണ്ട. 52,334 പേരാണ് ഈ പാസ് വേഡ് ഉപയോഗിക്കുന്നത്.
ദില്ലി: ഇന്ത്യക്കാർ സാധാരണയായി ഉപയോഗിക്കുന്ന പാസ്‍വേഡുകൾ ഷെയർ ചെയ്ത് മുന്നറിയിപ്പുമായി പ്രമുഖ വിപിഎൻ ആപ്പായ നോർഡ് വിപിഎൻ. സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‍വേഡുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡുകളിൽ ഒന്നാം സ്ഥാനം പതിവുപോലെ ‘123456’ ആണ് സ്വന്തമാക്കിയത്. ഈ പാസ്‌വേഡ് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ മാത്രം സമയം മതി, എന്നിട്ടും 363,265 ഉപയോക്താക്കൾ ഇപ്പോഴും തെരഞ്ഞെടുക്കുന്നത് ഈ ദുർബലമായ പാസ്‍വേഡാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു ദുർബലമായ പാസ്‍വേഡാണ് 'admin'. ഇത്രയും ദുർബലമായ പാസ്‌വേഡ് ഒരു സെക്കൻഡിനുള്ളിൽ തന്നെ ഹാക്ക് ചെയ്യാനാകും. 118,270 പേർ ഇപ്പോഴും ഈ പാസ് വേഡ് ഉപയോഗിക്കുന്നുണ്ട്. 12345678 എന്നതാണ് മറ്റൊന്ന്. എട്ടക്ക പാസ്‌വേഡ് വേണ്ടിവരുന്ന അക്കൗണ്ടുകളിലാണ് ഈ പാസ്‌വേഡ് ധാരളമായി ഉപയോഗിക്കാറുള്ളത്. ഈ പാസ്‍വേഡ് പൊട്ടിക്കാൻ ഹാക്കറിന് ഒരു സെക്കൻഡ് മതി. എന്നിട്ടും 63,618 പേർ ഇതാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 12345 എന്ന പാസ്‍വേഡ് 56,676 പേരാണ് ഉപയോഗിക്കുന്നത്. പൊതുവായി ഉപയോഗിക്കപ്പെടുന്നതാണ് 'Password' എന്നതും. ഇത് ക്രാക്ക് ചെയ്യാനും ഒരു സെക്കൻഡ് പോലും വേണ്ട. 52,334 പേരാണ് ഈ പാസ് വേഡ് ഉപയോഗിക്കുന്നത്.
മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ അൽപ്പം സങ്കീർണമാണെങ്കിലും Pass@123 ക്രാക്ക് ചെയ്യാൻ അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ. എന്നിട്ടും 49,958 ഉപയോക്താക്കൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നുണ്ട്. 123456789: ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടാത്ത ഈ പാസ്‌വേഡ് 41,403 ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. Admin@123: ഈ പാസ്‌വേഡ് കണ്ടെത്താൻ ഒരു വർഷം വേണ്ടിവരുമെന്നാണ് നോർഡ് വിപിഎൻ പറയുന്നത്, 22,646 ഉപയോക്താക്കൾ ഈ പാസ്‌വേഡ് തിരഞ്ഞെടുത്തിട്ടുണ്ട്. India@123: 16,788 ആളുകൾ ഉപയോഗിക്കുന്നു.ഇത് ക്രാക്ക് ചെയ്യാൻ മൂന്ന് മണിക്കൂർ എടുക്കും. admin@123: ഈ പാസ്‌വേഡ് 34 മിനിറ്റിനുള്ളിൽ ഹാക്ക് ചെയ്യാൻ കഴിയും, എന്നിട്ടും 16,573 ഉപയോക്താക്കൾ ഈ പാസ് വേഡ് തെരഞ്ഞെടുത്തിട്ടുണ്ട്.
ഈ പാസ്‍വേഡുകൾ അക്കൗണ്ടുകൾക്ക് നല്കാതിരിക്കലാണ് തങ്ങളുടെ വിവിധ ഓൺലൈൻ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച മാർഗം. അഥവാ ഈ പാസ് വേഡുകളാണ് നല്കിയിട്ടുള്ളതെങ്കിൽ അത് മാറ്റാൻ ശ്രമിക്കുന്നതാണ് നല്ലതെന്ന് നോർഡ് വിപിഎൻ പറയുന്നു. ഒരു കാപിറ്റൽ ലെറ്റർ, അക്ഷരങ്ങൾ, അക്കങ്ങൾ, സ്‍പെഷ്യൽ ക്യാരക്ടറുകൾ എന്നിവ ചേർന്നതാകണം ശക്തമായ പാസ്‌വേഡ്. ടു ഫാക്ടർ ഒതന്റിക്കേഷൻ (Two-factor authentication (2FA) എന്ന അധിക സുരക്ഷാ ഫീച്ചർ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം.
Read More : 'ഉന്നാൽ മുടിയാത് തമ്പീ'; കുറഞ്ഞ ടിക്കറ്റ് നിരക്ക്, എസിയും, റോബിനെ വെട്ടാൻ ഇറക്കിയ കെഎസ്ആർടിസി ബസ് വൻ ഹിറ്റ്