'സ്മാര്‍ട്ട്ഫോണ്‍ ആരോഗ്യത്തിന് ഹാനികരം'; ഫോണ്‍ ബോക്‌സില്‍ മുന്നറിയിപ്പ് സന്ദേശം പതിപ്പിക്കാന്‍ സ്പെയിൻ
സ്‌മാര്‍ട്ട്‌ഫോണിന്‍റെ അമിത ഉപയോഗം ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സ്‌മാര്‍ട്ട്ഫോണ്‍ ബോക്‌സുകളില്‍ മുന്നറിയിപ്പ് പതിപ്പിക്കുന്നു
സ്മാർട്ട്ഫോണിന് അഡിക്‌റ്റാണോ... സ്പെയിനിന്‍റെ പുതിയ നീക്കത്തെക്കുറിച്ച് നിങ്ങളുമൊന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഊണിലും ഉറക്കത്തിലും വരെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന രീതിയിലേക്ക് ഇന്ന് പലരും മാറിക്കഴിഞ്ഞു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് അടക്കം നയിക്കാൻ കാരണമാകുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പല രാജ്യങ്ങളും പദ്ധതികളുമായി മുന്നോട്ടുവന്നുകഴിഞ്ഞു. ഇതിൽ ശ്രദ്ധേയമാകുന്നത് സ്പെയിനിന്റെ നീക്കമാണ്. സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്ന ബോക്സുകളിൽ സിഗരറ്റ് പെട്ടികളിൽ നൽകുന്നതിന് സമാനമായ മുന്നറിയിപ്പ് പതിപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യമിപ്പോൾ.
അമിത സ്മാർട്ട്ഫോൺ ഉപയോഗം മുന്നോട്ടുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പ് സ്മാർട്ട്ഫോൺ ബോക്സുകളിൽ പതിപ്പിക്കുമെന്നാണ് സ്പാനിഷ് സർക്കാർ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്പെയിൻ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്. 250 പേജുള്ള റിപ്പോർട്ടിൽ അധിക സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ, ഇതെങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തെയും ആരോഗ്യത്തെയും ബാധിക്കും എന്നിവയടക്കമുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ മുന്നറിയിപ്പായി സ്മാർട്ട്ഫോൺ ബോക്സുകളിൽ പതിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ സ്മാർട്ട്ഫോൺ കമ്പനികളോടും സ്മാർട്ട്ഫോൺ ബോക്സിൽ ഈ മുന്നറിയിപ്പ് പതിപ്പിക്കാനുള്ള നിർദേശം സർക്കാർ നൽകിയേക്കും. സ്മാർട്ട്ഫോണിലെ പ്രത്യേക ആപ്പുകൾ ഉപയോഗിക്കുമ്പോഴും സമാന രീതിയിലുള്ള മുന്നറിയിപ്പ് പുറപ്പെടുവിക്കുമെന്നും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സൂചനകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം