സെഗ്‌മെന്‍റിലെ ഏറ്റവും വേഗമേറിയ 5ജി ഫോണ്‍; മോട്ടോ ജി35 ഉടന്‍ ഇന്ത്യയില്‍, വില സൂചന പുറത്ത്
10,000ത്തിനും 15,000ത്തിനും ഇടയിലുള്ള വിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായിരിക്കും ഇത്
ദില്ലി: മോട്ടോറോള ജി സിരീസിലെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ഡിസംബര്‍ 10ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി മോട്ടോ ജി35 5ജി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തു. സെഗ്‌മെന്‍റിലെ ഏറ്റവും വേഗമേറിയ 5ജി സ്‌മാര്‍ട്ട്ഫോണ്‍ ആയിരിക്കും മോട്ടോ ജി35 എന്നാണ് മോട്ടോറോളയുടെ അവകാശവാദം.
ഡിസംബര്‍ 10ന് മോട്ടോ ജി35 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടും. സിംപിള്‍ ഡിസൈനിലും ആകര്‍ഷകമായ വിലയിലും കൂടുതല്‍ പേരെ കയ്യിലെടുക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോ ജി35ന്‍റെ വരവ്. 2024 ജനുവരിയില്‍ പുറത്തിറങ്ങിയ ജി34 5ജിയുടെ കെട്ടിലും മട്ടിലും പിന്‍ഗാമിയായിരിക്കും മോട്ടോ ജി35. 10,000ത്തിനും 15,000ത്തിനും ഇടയിലാണ് ജി35ന് വില പ്രതീക്ഷിക്കുന്നത്. മുന്‍ഗാമിയായ ജി34ല്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഫീച്ചറുകളില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രണ്ട് പുതിയ നിറങ്ങളിലുള്ള വേരിയന്‍റുകള്‍ ഫോണിനുണ്ടാവും.
6.7 ഇഞ്ച് 120Hz ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെയിലാണ് മോട്ടോ ജി35 5ജി വരിക. 1000 നിറ്റ്‌സായിരിക്കും പീക്ക് ബ്രൈറ്റ്‌നസ്. 50 എംപിയുടെ പ്രൈമറി സെന്‍സറും 8 എംപി അള്‍ട്രാ-വൈഡ് സെന്‍സറും ചേരുന്നതായിരിക്കും ക്യാമറ യൂണിറ്റ്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 16 എംപിയുടെ ഫ്രണ്ട് ക്യാമറ പ്രതീക്ഷിക്കാം. 20 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യത്തോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുണ്ടാവുക. ജലത്തില്‍ നിന്നുള്ള സുരക്ഷയ്ക്ക് ഐപി52 റേറ്റിംഗാണ് ജി35ന് ലഭിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്ത. ഡോള്‍ബി അറ്റ്‌മോസിലുള്ള ഇരട്ട സ്റ്റീരിയോ സ്‌പീക്കറുകളും ചേരുമ്പോള്‍ മോട്ടോ ജി35 ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് കരുതാം.
ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി മോട്ടോ ജി35 5ജി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്‌കാര്‍ട്ട് ലിസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം